ഹൈദരാബാദ്: ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 81 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് പാകിസ്താന്‍. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 286 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിന്റെ ചെറുത്തുനില്‍പ്പ് 205 റണ്‍സിലും അവസാനിച്ചു. ഇതോടെ വമ്പന്‍ ജയത്തോടെ ലോകകപ്പിലേക്ക് വരവറിയിക്കാന്‍ ബാബര്‍ ആസമിനും സംഘത്തിനുമായി. പാകിസ്താനായി ഹാരിസ് റഊഫ് മൂന്ന് വിക്കറ്റുമായി തിളങ്ങി. 43 റണ്‍സ് വിട്ടുകൊടുത്താണ് റഊഫിന്റെ മൂന്ന് വിക്കറ്റ് പ്രകടനം.
മത്സരത്തിന്റെ അവസാന സമയത്ത് ഹാരിസ് റഊഫും നെതര്‍ലന്‍ഡ്‌സ് പേസറും 11ാമനുമായ പോള്‍ വാന്‍ മിക്കീരനും തമ്മിലുണ്ടായ വാക്കുതര്‍ക്കം വൈറലായിരിക്കുകയാണ്. 39ാം ഓവറിലാണ് സംഭവത്തിന്റെ തുടക്കം. റഊഫിന്റെ ബൗണ്‍സര്‍ മിക്കീരന്‍ ഒഴിവാക്കിയതിന് പിന്നാലെ റഊഫ് മിക്കീരനെ സ്ലെഡ്ജ് ചെയ്യുകയായിരുന്നു. മിക്കീരന്‍ റഊഫിന്റെ അടുത്തേക്കെത്തി തിരിച്ചും കയര്‍ത്തു. എന്നാല്‍ പെട്ടെന്ന് തന്നെ റഊഫ് നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക് പോയി.
തൊട്ടടുത്ത പന്ത് ഡോട്ടായെങ്കിലും ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടി മിക്കീരന്‍ റഊഫിന് മറുപടി നല്‍കുകയും ചെയ്തു. തന്റെ ബൗണ്ടറി നേട്ടം മിക്കീരന്‍ ആഘോഷിച്ചത് റഊഫിനെ പ്രകോപിപ്പിക്കുകയും ചെയ്തു. 41ാം ഓവര്‍ എറിയാനെത്തിയ റഊഫ് മിക്കീരനെ ക്ലീന്‍ബൗള്‍ഡാക്കിയാണ് തന്റെ കലിപ്പടക്കിയത്. വാലറ്റക്കാരന്റെ വിക്കറ്റ് നേട്ടത്തെ നന്നായി ആഘോഷിച്ചാണ് റഊഫ് മിക്കീരനോട് കണക്കുവീട്ടിയത്. ഇതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ഇതിന് മുമ്പും നിരവധി തവണ കളത്തില്‍ ഉടക്കിയിട്ടുള്ള താരമാണ് റഊഫ്. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിനിടെയിലും റഊഫ് സ്ലെഡ്ജ് ചെയ്യുകയും ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. പാകിസ്താന്റെ വജ്രായുധമായ റഊഫ് മധ്യ ഓവറുകളിലാണ് കൂടുതല്‍ കസറുന്നത്. പന്ത് പഴകുമ്പോഴും നല്ല വേഗം കണ്ടെത്തി എതിരാളികളെ വിറപ്പിക്കാന്‍ റഊഫിന് സാധിക്കുന്നു. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള ബൗളറാണ് റഊഫ്.

പാകിസ്താനെതിരേ നെതര്‍ലന്‍ഡ്‌സ് മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യം ബാറ്റുചെയ്ത കരുത്തരായ പാകിസ്താനെ ഒരോവര്‍ ബാക്കി നിര്‍ത്തി ഓള്‍ഔട്ടാക്കാന്‍ നെതര്‍ലന്‍ഡ്‌സിന് സാധിച്ചു. 38 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന പാകിസ്താനെ മുഹമ്മദ് റിസ്വാന്റെയും (68) സൗദ് ഷക്കീലിന്റെയും (68) അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് രക്ഷിച്ചത്. മുഹമ്മദ് നവാസും (39) ഷദാബ് ഖാനും (32) നിര്‍ണ്ണായക റണ്‍സും ടീമിനോട് ചേര്‍ത്തു.
നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡ് നാല് വിക്കറ്റുമായി തിളങ്ങി. കോളിന്‍ അക്കര്‍മാന്‍ രണ്ടും പോള്‍ വാന്‍ മിക്കീരന്‍, അര്യന്‍ ദത്ത്, ലോഗന്‍ വാന്‍ ബീക്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സ് പല സമയത്തും പാകിസ്താനെ വിറപ്പിച്ചു. ബാസ് ഡി ലീഡ് (67) അര്‍ധ സെഞ്ച്വറിയോടെ നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോററായി. വിക്രംജിത് സിങ്ങും (52) അര്‍ധ സെഞ്ച്വറി നേടി. ലോഗന്‍ വാന്‍ ബീക്ക് (28) പുറത്താവാതെ നിന്നു.
എന്നാല്‍ കരുത്തരായ പാക് ബൗളിങ്ങിന് മുന്നില്‍ 9 ഓവര്‍ ബാക്കി നിര്‍ത്തി നെതര്‍ലന്‍ഡ്‌സിന് മുട്ടുമടക്കേണ്ടി വന്നു. എന്നാല്‍ വരുന്ന മത്സരങ്ങളില്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയാവാന്‍ തങ്ങളുണ്ടാവുമെന്ന സൂചന നല്‍കാന്‍ പാകിസ്താനെതിരായ മത്സരത്തിലൂടെ നെതര്‍ലന്‍ഡ്‌സിന് സാധിച്ചിട്ടുണ്ട്. ഇന്ന് മധ്യനിര ബാറ്റിങ്ങില്‍ തിളങ്ങിയിരുന്നെങ്കില്‍ പാകിസ്താനെ അട്ടിമറിക്കാന്‍ പോലും അസോസിയേറ്റ് രാജ്യമായ നെതര്‍ലന്‍ഡ്‌സിന് സാധിക്കുമായിരുന്നു. എന്തായാലും അഭിമാന പോരാട്ടം തന്നെയാണ് നെതര്‍ലന്‍ഡ്‌സ് കാഴ്ചവെച്ചത്.