World Cup 2023: കിവീസ് നിര തല്ലിപ്പറത്തി, നാണംകെട്ട റെക്കോഡില്‍ റഊഫ്- ഷഹീനും തലകുനിച്ചു
ബംഗളൂരു: ഏകദിന ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ന്യൂസീലന്‍ഡിന്റെ ബാറ്റിങ് ചൂട് അറിഞ്ഞിരിക്കുകയാണ് പാകിസ്താന്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനയച്ച പാകിസ്താന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന ബാറ്റിങ്ങാണ് കിവീസ് കാഴ്ചവെച്ചത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 എന്ന വമ്പന്‍ ടോട്ടലാണ് ന്യൂസീലന്‍ഡ് പടുത്തുയര്‍ത്തിയത്. പാകിസ്താന്റെ പ്രമുഖ പേസര്‍മാരെല്ലാം തല്ലുകൊള്ളികളായി എന്നതാണ് എടുത്തു പറയേണ്ടത്.
ഷഹീന്‍ ഷാ അഫ്രീദി 10 ഓവറില്‍ 90 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടിയില്ല. ഹസന്‍ അലി 10 ഓവറില്‍ 82 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയപ്പോള്‍ ഹാരിസ് റഊഫ് 10 ഓവറില്‍ 85 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. ഇതോടെ നാണക്കേടിന്റെ റെക്കോഡിലേക്ക് റഊഫ് പേരുചേര്‍ത്തിരിക്കുകയാണ്. ഒരു ലോകകപ്പില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന ബൗളറെന്ന റെക്കോഡാണ് റഊഫിനെ തേടിയെത്തിയിരിക്കുന്നത്.
16 സിക്‌സുകള്‍ വഴങ്ങിയതോടെയാണ് വലിയ നാണക്കേടിലേക്ക് റഊഫ് എത്തിയിരിക്കുന്നത്. കൂടാതെ ലോകകപ്പില്‍ ഒരു മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന രണ്ടാമത്തെ ബൗളറെന്ന നാണക്കേടിലേക്കും റഊഫിന് പേരുചേര്‍ക്കേണ്ടി വന്നു. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് റഊഫ് 80ലധികം റണ്‍സ് വഴങ്ങുന്നത്. ഇത്തരമൊരു നാണക്കേട് ലോകകപ്പില്‍ ഏറ്റുവാങ്ങുന്ന ആദ്യത്തെ ബൗളറായും റഊഫ് മാറിയിരിക്കുകയാണ്.
തുടര്‍ച്ചയായി 150നോടടുത്ത് വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള ബൗളറാണ് റഊഫ്. അതുകൊണ്ടുതന്നെ പാകിസ്താന്‍ വലിയ പ്രതീക്ഷ താരത്തില്‍ വെച്ചിരുന്നു. പക്ഷെ ഇത്തവണത്തെ ലോകകപ്പില്‍ ദയനീയ പ്രകടനമാണ് റഊഫ് കാഴ്ചവെക്കുന്നത്. നസീം ഷായുടെ അഭാവത്തില്‍ റഊഫ് അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തല്ലുകൊള്ളിയായി താരം മാറുന്നതാണ് കാണാനാവുന്നത്. ബംഗളൂരുവിലെ ബാറ്റിങ് പിച്ചില്‍ റഊഫ് ഒന്നുമല്ലാതെയായി എന്നതാണ് വസ്തുത.

പാകിസ്താന്റെ സൂപ്പര്‍ പേസറായ ഷഹീന്‍ ഷാ അഫ്രീദിയും ഒരിക്കലും ആഗ്രഹിക്കാത്ത റെക്കോഡിലേക്കാണ് എത്തിപ്പെട്ടിരിക്കുന്നത്. പാകിസ്താന്റെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടാണ് ഷഹീനെ തേടിയെത്തിയത്. താരത്തിന്റെ ഒരു തന്ത്രവും കിവീസീനെതിരേ ഫലം കണ്ടില്ല. പാകിസ്താന്റെ പേരുകേട്ട ബൗളര്‍മാരെ നേരിട്ടാണ് ന്യൂസീലന്‍ഡ് തങ്ങളുടെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ അടിച്ചെടുത്തിരിക്കുന്നത്. ലോകകപ്പില്‍ 400ന് മുകളില്‍ ടോട്ടല്‍ പാകിസ്താന്‍ വഴങ്ങുന്നതും ഇതാദ്യമായാണ്.
സെമിയിലെത്താന്‍ പാകിസ്താന് ജയം അനിവാര്യമായ മത്സരത്തിലാണ് ഇത്തരമൊരു വമ്പന്‍ ടോട്ടല്‍ കിവീസ് അടിച്ചെടുത്തതെന്നതാണ് എടുത്തു പറയേണ്ടത്. ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയുടെ (108) ബാറ്റിങ് പ്രകടനമാണ് പാകിസ്താന് വലിയ തിരിച്ചടിയായത്. 94 പന്തില്‍ 15 ഫോറും 1 സിക്‌സും താരം പറത്തി. നായകന്‍ കെയ്ന്‍ വില്യംസണ്‍ 79 പന്തില്‍ 95 റണ്‍സാണ് നേടിയത്.
10 ഫോറും 2 സിക്‌സുമാണ് വില്യംസണ്‍ നേടിയത്. മാര്‍ക്ക് ചാപ്മാന്‍ 27 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് 25 പന്തില്‍ 41 റണ്‍സും അടിച്ചെടുത്തു. മിച്ചല്‍ സാന്റ്‌നര്‍ 17 പന്തില്‍ 26 റണ്‍സുമായി പുറത്താവാതെയും നിന്നു. ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പാകിസ്താന്‍ കാഴ്ചവെക്കുന്നത്. അഫ്ഗാനിസ്ഥാനോടടക്കം പാകിസ്താന്‍ തോറ്റു. ഇത്തവണ പാകിസ്താന്‍ സെമി കളിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.
വലിയ പൊട്ടിത്തെറികളിലൂടെയാണ് പാക് ടീം കടന്നുപോകുന്നത്. ഈ ലോകകപ്പിന് ശേഷം പാകിസ്താന്റെ നായകസ്ഥാനത്ത് നിന്ന് ബാബര്‍ ആസമിനെ മാറ്റിയേക്കും. അടുത്ത ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഏഴാം സ്ഥാനത്തിനുള്ളില്‍ പാകിസ്താന്‍ എത്തേണ്ടതായുണ്ട്. ഇതിന് സാധിക്കുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications