മുംബൈ: ഏകദിന ലോകകപ്പില്‍ കിരീട പ്രതീക്ഷ സജീവമാക്കി ഇന്ത്യ മുന്നേറുകയാണ്. ആദ്യം കളിച്ച അഞ്ച് മത്സരത്തിലും ജയിച്ച ഇന്ത്യ 10 പോയിന്റുമായി പട്ടികയില്‍ തലപ്പത്താണ്. ആതിഥേയരെന്ന നിലയില്‍ തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിക്കുന്ന ഇന്ത്യക്ക് വലിയ തിരിച്ചടിയാവുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ടൈംസ് ഓഫ് ഇന്ത്യയാണ് ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പൂനെയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പന്ത് കാലുകൊണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ ഹാര്‍ദിക്കിന്റെ കാല്‍ക്കുഴക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഹാര്‍ദിക്കിന്റെ കാല്‍ക്കുഴയിലെ ഗ്രേഡ് 1 ലിഗ്‌മെന്റിനാണ് പരിക്കെന്നാണ് റിപ്പോര്‍ട്ടുള്ളത്. നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമയിലാണ് ഹാര്‍ദിക്കുള്ളത്.
ന്യൂസീലന്‍ഡിനെതിരായ മത്സരം ഹാര്‍ദിക്കിന് നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനെതിരേയും ഹാര്‍ദിക് കളിക്കില്ലെന്നുറപ്പായിട്ടുണ്ട്. ഇതിനിടെയാണ് ഹാര്‍ദിക്കിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 30കാരനായ താരത്തിന് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ കൂടുതല്‍ സമയം വേണ്ടിവന്നേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. 'നിതിന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള വൈദ്യ സംഘം ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് പരിശോധിക്കുകയാണ്.
ആദ്യം കരുതിയതിനെക്കാളും ഗുരുതരമായ പരിക്കാണ് ഹാര്‍ദിക്കിനുള്ളത്. ലിഗ്‌മെന്റിന് ചെറിയ സ്ഥാനമാറ്റം സംഭവിച്ചിട്ടുണ്ട്. രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവന്നേക്കും. വേഗത്തില്‍ ഹാര്‍ദിക്കിനെ കളത്തിലേക്ക് തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷയാണ് വൈദ്യ സംഘത്തിനുള്ളത്' - ടൈംസ് ഓഫ് ഇന്ത്യയോട് ഒരു ബിസിസി ഐ വൃത്തം വെളിപ്പെടുത്തി. ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായ താരമാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക് കളിക്കാതിരുന്നാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍. ഹാര്‍ദിക് പുറത്താല്‍ സൂര്യകുമാര്‍ യാദവ്/ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളെ ഇന്ത്യ പ്ലേയിങ് 11ലേക്കെത്തിക്കാനാണ് സാധ്യത. ശാര്‍ദ്ദുല്‍ ടാക്കൂര്‍ പുറത്തിരിക്കുമ്പോള്‍ സ്‌പെഷ്യലിസ്റ്റ് പേസറായി മുഹമ്മദ് ഷമി പ്ലേയിങ് 11 തുടരുകയും ചെയ്യും.
ഹാര്‍ദിക്കിന് പകരം ഇന്ത്യ മറ്റൊരു പേസ് ഓള്‍റൗണ്ടറെ കൊണ്ടുവന്നേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. അത് 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഭാഗമായിരുന്ന വിജയ് ശങ്കറാണ്. അവസാന ഐപിഎല്ലിലടക്കം മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നു. അതുകൊണ്ടുതന്നെ വിജയിക്ക് വിളിയെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യക്ക് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് പരിക്കേറ്റാല്‍ കൃത്യമായ പകരക്കാരെ കണ്ടെത്തുക പ്രയാസമാണ്.
ശാര്‍ദ്ദുല്‍ ടാക്കൂര്‍ പേസ് ഓള്‍റൗണ്ടറാണെങ്കിലും വിശ്വസ്തനല്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ശാര്‍ദ്ദുലിനെ ഇന്ത്യക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. തല്ലുകൊള്ളിയായ ബൗളറാണ് ശാര്‍ദ്ദുല്‍. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ കളിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഇന്ത്യ ശാര്‍ദ്ദുലിനെ പുറത്തിരുത്തി ഷമിയെ കളിപ്പിക്കാന്‍ നിര്‍ബന്ധിതരാവും. ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യയുടെ ബാറ്റിങ് കരുത്ത് കുറക്കുമെന്ന കാര്യം ഉറപ്പാണ്.
സൂര്യകുമാറിനെ ഫിനിഷര്‍ റോളിലേക്ക് കളിപ്പിച്ചാലും വിശ്വസ്തനെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ ഫിനിഷിങ് മികവ് വരുന്ന മത്സരങ്ങളില്‍ ഇന്ത്യക്ക് തിരിച്ചടിയായി മാറുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ ഇന്ത്യ മുന്നിലാണെങ്കിലും സെമി സീറ്റ് ഉറപ്പിച്ചിട്ടില്ല. നാല് മത്സരങ്ങള്‍ ശേഷിക്കെ രണ്ട് മത്സരങ്ങളിലെങ്കിലും ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ ഇന്ത്യക്ക് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യക്ക് വലിയ തലവേദനയായേക്കും.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവാനാണ് സാധ്യത. എന്നാല്‍ ഹാര്‍ദിക്കിന്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ കാത്തിരുന്ന് കാണാം.