ആറാം ലോക കിരീടം ലക്ഷ്യമിടുന്ന ഓസ്‌ട്രേലിയയെ തകര്‍ത്ത് ലോക കിരീടം ചൂടാന്‍ ടീം ഇന്ത്യക്കു മാര്‍ഗം ഉപദേശിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍. ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രധാന വീക്ക്‌നെസ് ഇതിനകം ടൂര്‍ണമെന്റില്‍ മറനീക്കി പുറത്തു വന്നു കഴിഞ്ഞതായും പക്ഷെ ഇന്ത്യന്‍ ടീമിനു കാര്യമായ വീക്ക്‌നെസുകളൊന്നും തന്നെയില്ലെന്നും സ്വാന്‍ അഭിപ്രായപ്പെട്ടു. ന്യൂസ് 18ന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓസ്ട്രലേിയക്കു ഇന്ത്യയോടേറ്റ പരാജയം ഫൈനലില്‍ ഇംപക്ടുണ്ടാക്കുമോയെന്ന ചോദ്യത്തിന് സ്വാന്റെ മറുപടി ഇങ്ങനെയായിരുന്നു. നിങ്ങളൊരു ടീമിനോടു പരാജയപ്പെട്ടാല്‍ പിന്നീട് ഇതേ ടീമുമായി വീണ്ടും ഏറ്റുമുട്ടുമ്പോള്‍ നേരത്തേയുണ്ടായ തിരിച്ചടിയെപ്പറ്റി മനസ്സിലുണ്ടാവന്നത് സ്വാഭാവികമാണ്. ഈ ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിലുടനീളം ഒരു വീക്ക്‌നെസും കാണിച്ചിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീം സ്പിന്‍ ബൗളിങിനെതിരേ വ്യക്തമായ വീക്ക്‌നെസ് കാണിച്ചതായും സ്വാന്‍ വ്യക്തമാക്കി.

സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ സെമി ഫൈനലില്‍പ്പോലും ഓസ്‌ട്രേലിയയുടെ വീക്ക്‌നെസ് കാണാമായിരുന്നു. മല്‍സരം അവര്‍ ജയിച്ചെങ്കിലും കളിയില്‍ ആധിപത്യമുണ്ടായിരുന്നില്ല. 212 റണ്‍സ് മാത്രമാണ് ചേസ് ചെയ്തതെങ്കിലും അതു നേടാന്‍ ഓസ്‌ട്രേലിയ പാടുപെട്ടിരുന്നു. ഓസ്‌ട്രേലിയ ഫൈനലിലേക്കു കടന്നുകൂടുകയായിരുന്നെങ്കില്‍ ഇന്ത്യ വളരെ അനായാസം ആധികാരിക പ്രകടനങ്ങളുമായി ഫൈനിലേക്കു കുതിക്കുകയായിരുന്നുവെന്നും സ്വാന്‍ വിലയിരുത്തി.
കഴിഞ്ഞ മാസം ചെന്നൈയിലെ ചെപ്പോക്കില്‍ വച്ചായിരുന്നു ആദ്യ ലീഗ് മല്‍സരത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ത്തത്. ഇന്ത്യ ആറു വിക്കറ്റിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ ആറു വിക്കറ്റുകളും പിഴുതത് സ്പിന്നര്‍മാരായിരുന്നു. രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഒരു വിക്കറ്റ് ആര്‍ അശ്വിനുമായിരുന്നു.
എന്നാല്‍ നാളെ നടക്കാനിരിക്കുന്ന ഫൈനലില്‍ അശ്വിന്‍ കളിക്കുമോയെന്ന കാര്യം സംശയമാണ്. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ കാഴ്ചവച്ചതു പോലെ അഗ്രസീവായ, പോസിറ്റീവ് ക്രിക്കറ്റ് ഫൈനലിലും കാഴ്ചവയ്ക്കാനായാല്‍ ഇന്ത്യക്കു വിജയമുറപ്പാണെന്നു സ്വാന്‍ ചൂണ്ടിക്കാട്ടി.
സെമിയില്‍ കണ്ടതു പോലെയുള്ള അതേ പോസിറ്റീവ് ചിന്താഗതിയോടെ ഫൈനലിനെയും ഇന്ത്യ സമീപിച്ചാല്‍ ഓസ്‌ട്രേലിയക്കു ഒന്നും ചെയ്യാന്‍ സാധിക്കില്ല. കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ ഇന്ത്യക്കു വിജയം കൊയ്യാന്‍ സാധിക്കും. പക്ഷെ ഓസ്ട്രലിയയെ നിങ്ങള്‍ക്കു എഴുതിത്തള്ളാന്‍ കഴിയില്ലെന്നും സ്വാന്‍ വിശദമാക്കി.

ഈ ലോകകപ്പില്‍ ഏറ്റവുമധികം ഫൈനല്‍ അര്‍ഹിച്ച ടീമുകള്‍ തന്നെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയെന്നും അദ്ദേഹം പറയുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തന്നെയാണ്. അവര്‍ ഫൈനലിലുമെത്തിയിരിക്കുന്നു. നമുക്കു ലഭിക്കാവുന്നതില്‍ ഏറ്റവും ഗ്രാന്റായിട്ടുള്ള ഫൈനല്‍ തന്നെയാണിത്.
മല്‍സരത്തെക്കുറിച്ചുള്ള ആവേശം കാരണം എന്റെ വായില്‍ വെള്ളം വരുകയാണ്. ഫൈനലില്‍ തീര്‍ച്ചയായിട്ടും എന്റെ പിന്തുണ ഇന്ത്യക്കു തന്നെയായിരിക്കും. ഈ മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനായി ആര്‍പ്പുവിളിക്കുന്ന ഒരു ഇംഗ്ലീഷുകാരന്‍ പോലുമുണ്ടാവില്ലെന്നും സ്വാന്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയയുമായുള്ള ആദ്യ ലീഗ് മല്‍സരത്തില്‍ വിരാട് കോലിയുടെ ക്യാച്ച് അവര്‍ കൈവിട്ടതു മുതല്‍ ഇന്ത്യയാണ് ആധിപത്യം പുലര്‍ത്തിയ ടീം. രോഹിത് ശര്‍മയുടെ പ്രകടനത്തെ പുകഴ്ത്തിയ അദ്ദേഹം മുഹമ്മദ് ഷമി ഫൈനലിലും തന്റെ മാജിക്കല്‍ ബൗളിങ് പ്രകടനം ആവര്‍ത്തിക്കുമെന്നു ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.