ലോകകപ്പിന്റെ ഫൈനലില്‍ ഇത്തവണ ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വരാനുള്ള സാധ്യതയുണ്ടെന്നിരിക്കെ ഇന്ത്യന്‍ ബൗിങ് ആക്രമണത്തെ കൈകാര്യം ചെയ്യാനുള്ള വഴി കണ്ടു പിടിച്ചതായി ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി ഇന്ത്യ നേരത്തേ തന്നെ സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ചിരുന്നു. സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരാണ് സെമിയില്‍ കടന്ന മറ്റു രണ്ടു ടീമുകള്‍. ന്യൂസിലാന്‍ഡും പാകിസ്താനുമാണ് പോയിന്റ് പട്ടികയില്‍ നാലാമതായി സെമി യോഗ്യതയ്ക്കായി രംഗത്തുള്ള രണ്ടു ടീമുകള്‍.
കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് കൊമ്പുകോര്‍ക്കുക. 15നു മുംബൈയിലെ വാംഖഡെയിലാണ് ആദ്യ സെമി. 16നു രണ്ടാം സെമി ഫൈനലില്‍ സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. സെമി കടമ്പ കടക്കാനായാല്‍ 19നു ഞായറാഴ്ച കലാശക്കളിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലായിരിക്കും ലോക കിരീടത്തിനായി മാറ്റുരയ്ക്കുക.

ബാറ്റിങിനൊപ്പം ബൗളിങ് നിരയും ഗംഭീര ഫോമിലേക്കുയര്‍ന്നതാണ് ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ടൂര്‍ണമെന്റില്‍ കളിച്ച എട്ടു മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യന്‍ കുതിപ്പ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുള്‍പ്പെട്ട പേസ് ത്രയവും രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നവരുള്‍പ്പെട്ട സ്പിന്‍ ജോടിയും എതിരാളികളുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു.
ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിങ് ആക്രമണമെന്നാണ് ഈ അഞ്ചംഗ സംഘത്തെ പലരും വാഴ്ത്തുന്നത്. ഇത്തവണ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തതും ഇന്ത്യന്‍ ബൗളര്‍മാരാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 19.02 ശരാശരിയില്‍ 75 വിക്കറ്റുകളാണ് അവര്‍ കൊയ്തത്.
മൂന്നു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. ഷമി രണ്ടു തവണയും ജഡേജ ഒരു തവണയുമാണ് ഫൈഫറുകള്‍ സ്വന്തമാക്കിയത്. കൂടാതെ 4.4 എന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ സംയുക്ത ഇക്കോണമി റേറ്റും ടൂര്‍ണമെന്റിലെ ബെസ്റ്റാണ്.
ബൗളിങ് മികവില്‍ ലീഗ് ഘട്ടത്തില്‍ ഇതിനകം മൂന്നു വമ്പന്‍ ജയങ്ങള്‍ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ 129 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ ശ്രീലങ്കയെ 55 റണ്‍സിനും സൗത്താഫ്രിക്കയെ 83 റണ്‍സിനും ഓള്‍ ഔട്ടാക്കിയിരുന്നു. ഈ ടീമുകക്കൊന്നും പവര്‍പ്ലേയില്‍ ഇന്ത്യയുടെ ബൗളിങ് നിരയെ ആക്രമിക്കാനായില്ലെന്നും അതാണ് അവര്‍ക്കു തിരിച്ചടിയായി മാറിയതെന്നുമാണ് മാക്‌സ്വെല്ലിന്റെ വിലയിരുത്തല്‍.

ഇന്ത്യക്കെതിരേ ഞങ്ങള്‍ മനസ്സിലാക്കിയ ഒരു പ്രധാനപ്പെട്ട കാര്യം തുടക്കത്തില്‍ തന്നെ ചില അഗ്രസീവ് ഷോട്ടുകള്‍ കളിച്ച് ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയെന്നതാണ്. ബോള്‍ സ്വിങ് ചെയ്യുകയാണെങ്കില്‍പ്പോലും കുറച്ചു ഷോട്ടുകള്‍ കളിക്കണം. ഇതിനു ശ്രമിച്ചാല്‍ മാത്രമേ അവര്‍ക്കെതിരേ നേരിയ മുന്‍തൂക്കം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ.
പവര്‍പ്ലേയില്‍ ഇന്ത്യക്കെതിരേ ഡിഫന്‍സീവ് ശൈലി സ്വീകരിച്ചവര്‍ക്കെല്ലാം തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെന്നു ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇതു ചെയ്യുന്നതിലൂടെ യഥാര്‍ഥത്തില്‍ നിങ്ങള്‍ അവരെ കളിയിലേക്കു തിരികെ കൊണ്ടു വരികയാണ് ചെയ്യുന്നതെന്നും മാക്‌സ്വെല്‍ ചൂണ്ടിക്കാട്ടി.
ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലാണ് മാക്‌സ്വെല്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 152 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെ 397 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. 22 സിക്‌സറുകള്‍ ഇതിലുള്‍പ്പെടും. കൂടുതല്‍ സിക്‌സറുകളടിച്ചവരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയാണ് മാക്‌സ്വെല്‍.