ഡല്‍ഹി: ഏകദിന ലോകകപ്പിലെ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലൂടെ ചരിത്ര റെക്കോഡിലേക്കെത്തി ഗ്ലെന്‍ മാക്‌സ്‌വെല്‍. 40 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മാക്‌സ്‌വെല്‍ ഏകദിന ലോകകപ്പിലെ വേഗ സെഞ്ച്വറിയെന്ന റെക്കോഡാണ് സ്വന്തം പേരിലാക്കിയത്.
27 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി പിന്നിട്ട മാക്‌സ്‌വെല്‍ പിന്നീടുള്ള 13 പന്തില്‍ നിന്ന് മൂന്നക്കം കണ്ടു. 44 പന്ത് നേരിട്ട് 9 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 106 റണ്‍സുമായാണ് മാക്‌സ്‌വെല്‍ പുറത്തായത്. 240.90 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
ആദ്യ മത്സരങ്ങളില്‍ തിളങ്ങാനാവാത്തതിന്റെ ക്ഷീണം നെതര്‍ലന്‍ഡ്‌സിനോട് തീര്‍ക്കാന്‍ മാക്‌സ്‌വെല്ലിന് സാധിച്ചിരിക്കുകയാണ്. ഇതേ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം നേടിയ 49 ബോള്‍ സെഞ്ച്വറിയെയാണ് മാക്‌സ്‌വെല്‍ മറികടന്നത്. 2011ല്‍ ഇംഗ്ലണ്ടിനെതിരേ കെവിന്‍ ഒബ്രൈന്‍ 50 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. 2015ലെ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ 51 പന്തില്‍ മാക്‌സ്‌വെല്‍ സെഞ്ച്വറി നേടിയിരുന്നു.
തന്റെ സിഗ്നേച്ചര്‍ ഷോട്ടുകളോടെയാണ് മാക്‌സ് വെല്‍ സെഞ്ച്വറി പ്രകടനം നടത്തിയത്. സ്വിച്ച് ഷോട്ടടക്കം അനായാസം കളിച്ച മാക്‌സ്‌വെല്‍ കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ ക്ഷീണമാണ് ഇപ്പോള്‍ തീര്‍ത്തിരിക്കുന്നത്. ടോപ് ഓഡറിലെ താരങ്ങള്‍ നല്‍കിയ ഗംഭീര അടിത്തറയെ നന്നായി ഉപയോഗിക്കാന്‍ മാക്‌സ്‌വെല്ലിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. മിച്ചല്‍ മാര്‍ഷ് (9) തുടക്കത്തിലേ മടങ്ങിയെങ്കിലും പിന്നാലെത്തിയവരെല്ലാം മികച്ച പ്രകടനം നടത്തി.
ഡേവിഡ് വാര്‍ണര്‍ 93 പന്തില്‍ 11 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 104 റണ്‍സാണ് അടിച്ചെടുത്തത്. ഏകദിന ലോകകപ്പിലെ ആറാം സെഞ്ച്വറിയാണ് വാര്‍ണര്‍ നേടിയിരിക്കുന്നത്. ഇതോടെ 48 വര്‍ഷത്തെ ചരിത്രം തിരുത്തി ഓസ്‌ട്രേലിയക്കായി ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി മാറാനും വാര്‍ണര്‍ക്ക് സാധിച്ചു. അഞ്ച് സെഞ്ച്വറി നേടിയ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനെയാണ് വാര്‍ണര്‍ മറികടന്നിരിക്കുന്നത്. ആറ് സെഞ്ച്വറി നേടിയ സച്ചിനൊപ്പമാണ് നിലവില്‍ വാര്‍ണര്‍.

സ്റ്റീവ് സ്മിത്ത് തന്റെ റോള്‍ ഗംഭീരമാക്കി. 68 പന്ത് നേരിട്ട് 71 റണ്‍സാണ് സ്മിത്ത് നേടിയത്. 9 ഫോറും 1 സിക്‌സും സ്മിത്തിന്റെ പേരിലുണ്ട്. മാര്‍നസ് ലബ്യുഷെയ്ന്‍ ഏകദിന ലോകകപ്പിലെ കന്നി ഫിഫ്റ്റി നേടി. 47 പന്ത് നേരിട്ട് 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ലബ്യുഷെയ്ന്‍ കസറിയത്.
ജോഷ് ഇന്‍ഗ്ലിസ് (14) നിരാശപ്പെടുത്തിയെങ്കിലും മാക്‌സ് വെല്ലിന്റെ പ്രകടനമാണ് വമ്പന്‍ ടോട്ടല്‍ ഓസീസിന് സമ്മാനിച്ചത്. കാമറൂണ്‍ ഗ്രീന്‍ 8 റണ്‍സുമായി പുറത്തായി. റണ്ണൗട്ടായാണ് താരത്തിന്റെ മടക്കം.
അവസാന ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ടാണ് ഓസീസ് താരങ്ങള്‍ കാഴ്ചവെച്ചത്. 45ാം ഓവര്‍ അവസാനിക്കുമ്പോള്‍ 20 പന്തില്‍ 34 റണ്‍സായിരുന്നു മാക്‌സ് വെല്ലിനുണ്ടായിരുന്നത്. പിന്നീട് നേരിട്ട 24 പന്തില്‍ നിന്ന് 72 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചെടുത്തത്. 48ാം ഓവറില്‍ 21 റണ്‍സും 49ാം ഓവറില്‍ 28 റണ്‍സുമാണ് ഓസീസ് അടിച്ചെടുത്തത്. മാക്‌സ്‌വെല്ലിന് സ്ഥിരതയില്ലെങ്കിലും ഫോമിലേക്കെത്തിയാല്‍ എന്താണ് ചെയ്യാനാവുകയെന്നതിന് ഉദാഹരണമാണ് ഇന്നത്തെ പ്രകടനം. ലോകകപ്പിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.
വരുന്ന മത്സരങ്ങളിലും മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ ഓസീസ് വലിയ പ്രതീക്ഷവെക്കുന്നു. പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരങ്ങള്‍ നഷ്ടമായെങ്കിലും തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. പന്തുകൊണ്ടും മാക്‌സ്‌വെല്‍ ടീമിന് ഉപകാരിയാണ്. പവര്‍പ്ലേയിലടക്കം മാക്‌സ്‌വെല്ലിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നു. 10 ഓവര്‍ ഉപയോഗിക്കുന്ന സ്പിന്നറായാണ് ഓസീസ് മാക്‌സ്‌വെല്ലിനെ പരിഗണിക്കുന്നത്.