ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് സെമിയിലെ തകര്‍പ്പന്‍ ഫിഫ്റ്റിയോടെ വമ്പന്‍ നേട്ടത്തിനു അവകാശിയായിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനും ലോക ഒന്നാം നമ്പറുമായ ശുഭ്മന്‍ ഗില്‍. മുംബൈയിലെ വാംഖഡെയില്‍ നടക്കുന്ന പോരാട്ടത്തില്‍ 79 റണ്‍സില്‍ നില്‍ക്കെ അദ്ദേഹം പരിക്കു കാരണം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. കണംകാലിനേറ്റ പരിക്കു കാരണമാണ് ഗില്ലിനു ക്രീസ് വിടേണ്ടിവന്നത്. 65 ബോളില്‍ എട്ടു ഫോറും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഈ മല്‍സരത്തിലെ ഫിഫ്റ്റിയോടെ ഇന്ത്യയുടെ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡാണ് ഗില്‍ പഴങ്കഥയാക്കിയത്. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. നേരത്തേ രണ്ടാമതുണ്ടായിരുന്നത് സെവാഗായിരുന്നു. 24 വയസ്സും 154 ദിവസം പ്രായവുമുള്ളപ്പോഴായിരുന്നു ഓസ്‌ട്രേലിയക്കെതിരേ അദ്ദേഹം ഫിഫ്റ്റിയടിച്ചത്.

എന്നാല്‍ ഇന്നു 24 വയസും 68 ദിസവും പ്രായമുള്ളപ്പോള്‍ ഫിഫ്റ്റി കണ്ടെത്തിയ ഗില്‍ ഈ റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. ഈ ലിസ്റ്റില്‍ തലപ്പത്ത് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 22 വയസും 324 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ലോകകപ്പിന്റെ നോക്കൗട്ട് മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ സച്ചിന്റെ റെക്കോര്‍ഡ് നേട്ടം. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇപ്പോഴും ആര്‍ക്കും സാധിച്ചില്ലെന്നതു ശ്രദ്ധയമാണ്.
ഐസിസി ടൂര്‍ണമെന്റുകളില്‍ വലിയ മല്‍സരങ്ങളിലെ താരമാണ് താനെന്നു ന്യൂസിലാന്‍ഡിനെതിരായ ഉജ്ജ്വല ഇന്നിങ്‌സിലൂടെ ഗില്‍ വീണ്ടും തെളിയിക്കുകയായിരുന്നു. നേരത്തേ ഇന്ത്യ ചാംപ്യന്‍മാരായ 2018ലെ അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ അദ്ദേഹം സെഞ്ച്വറിയുമായി കസറിയിരുന്നു. ഇപ്പോള്‍ സീനിയര്‍ ടീമിനോടൊപ്പം ആദ്യത്തെ ലോകകപ്പില്‍ തന്നെ സെമിയില്‍ ഫിഫ്റ്റിയുമായി ഗില്‍ മിന്നിച്ചിരിക്കുകയാണ്.

അതേസമയം, സെമി ഫൈനലില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കു കുതിക്കുകയാണ്. 36 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെന്ന ശക്തമായ നിലയിലാണ്. 86 റണ്‍സുമായി വിരാട് കോലിയും 49 റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ക്രീസില്‍.
അപരാജിതമായ മൂന്നാം വിക്കറ്റില്‍ ഇരുവരും 103 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ടതൊഴിച്ചാല്‍ നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമേ ഇന്ത്യക്കു നഷ്ടമായിട്ടുള്ളൂ. 47 റണ്‍സ് നേടിയാണ് ഹിറ്റ്മാന്‍ ക്രീസ് വിട്ടത്. 29 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു വീതം ഫോറും സിക്‌സറുമടിച്ചു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടോം ലാതം (വിക്കറ്റ് കീപ്പര്‍), മാര്‍ക്ക് ചാപ്പ്മാന്‍, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍.