മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടന്ന് കഴിഞ്ഞു. ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ലോകകപ്പ് ആരംഭിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ തോല്‍വിയാണ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ കണ്ടത്. ഇത്തവണ എല്ലാ ടീമിനൊപ്പവും കരുത്തുറ്റ താരനിരയുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിനോടകം പല പ്രമുഖരും ലോകകപ്പിലെ വിജയികളെ പ്രവചിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താന്‍ ടീമുകള്‍ സെമി കളിക്കുമെന്നാണ് കൂടുതല്‍ പ്രമുഖരും പ്രവചിച്ചിരിക്കുന്നത്. ഇപ്പോഴിതാ ലോകകപ്പില്‍ താന്‍ ആര്‍ക്കൊപ്പമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം തോമസ് മുള്ളര്‍. ഇന്ത്യ കപ്പ് നേടണമെന്ന് ആഗ്രഹിക്കുന്ന മുള്ളര്‍ ഇന്ത്യക്ക് ആശംസ നേര്‍ന്ന് വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അഡിഡാസിനായി പങ്കുവെച്ച വീഡിയോയിലാണ് മുള്ളര്‍ ഇന്ത്യക്ക് ആശംസ ജേര്‍ന്നത്.
ഇന്ത്യയുടേയും ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റേയും ജേഴ്‌സി സ്‌പോണ്‍സര്‍മാര്‍ അഡിഡാസാണ്. 'രോഹിത്, നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ എല്ലാവിധ ആശംസയും നേരുന്നു'- എന്നാണ് മുള്ളര്‍ വീഡിയോയിലൂടെ പറയുന്നത്. ഇത് ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. രോഹിത് ശര്‍മക്ക് കീഴില്‍ കരുത്തരുടെ നിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ആതിഥേയരായതിനാല്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം.
അവസാന രണ്ട് ലോകകപ്പും നേടിയത് ആതിഥേയ ടീമുകളാണ്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യയും വലിയ പ്രതീക്ഷയിലാണ്. മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് ഇന്ത്യ ലോകകപ്പിലേക്കെത്തിയിരിക്കുന്നത്. ഏഷ്യാ കപ്പ് കിരീടം ചൂടിയ ഇന്ത്യ ഓസീസിനെതിരായ ഏകദിന പരമ്പരയും നേടിയിരുന്നു. എട്ടാം തീയ്യതി ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയാണ് മത്സരത്തിന് വേദിയാകുന്നത്. ഇതില്‍ ജയിച്ച് വരവറിയിക്കാനാവും ഇന്ത്യ ലക്ഷ്യമിടുന്നത്.

എന്നാല്‍ സ്റ്റാര്‍ ഓപ്പണര്‍ ശുബ്മാന്‍ ഗില്‍ ആദ്യ മത്സരം കളിക്കാന്‍ ഇന്ത്യക്കൊപ്പമുണ്ടാവില്ല. ഡെങ്കിപ്പനി ബാധിതനായ താരത്തിന് ആദ്യത്തെ രണ്ട് മത്സരങ്ങള്‍ കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഈ വര്‍ഷം കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍ റെക്കോഡുകളെല്ലാം ശുബ്മാന്‍ ഗില്ലിന്റെ പേരിലാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ അഭാവം ഇന്ത്യയ്ക്ക് കടുത്ത നിരാശയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഗില്ലിന്റെ അഭാവം ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ല.
ഇഷാന്‍ കിഷന്‍ രോഹിത്തിനൊപ്പം ഓപ്പണറാവുമ്പോള്‍ മധ്യനിരയിലേക്ക് ശ്രേയസ് അയ്യരോ സൂര്യകുമാര്‍ യാദവോ എത്തും. ഇവരെല്ലാം സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനം നടത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാവും ഇറങ്ങുക. ഇന്ത്യയുടെ ബൗളര്‍മാരും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. പേസ് നിരയില്‍ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും വജ്രായുധങ്ങളായുണ്ട്.
സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജക്കും കുല്‍ദീപ് യാദവിനുമൊപ്പം വെറ്ററന്‍ താരം ആര്‍ അശ്വിനും എത്തിയതോടെ ഇന്ത്യയുടെ സ്പിന്‍ നിരയും അതി ശക്തമായി മാറി. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുമെന്നാണ് വിവരം. ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദ്ദുല്‍ ടാക്കൂറും ഇന്ത്യക്കൊപ്പമുണ്ട്. ഇത്തവണ എല്ലാ കാര്യങ്ങളും ഇന്ത്യക്ക് അനുകൂലമാണ്. ഭാഗ്യം കൂടി തുണച്ചാല്‍ ഇന്ത്യ വിശ്വകിരീടത്തില്‍ മുത്തമിടുമെന്നുറപ്പ്.
എന്നാല്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ നിരവധി എതിരാളികളുമുണ്ട്. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, പാകിസ്താന്‍, ഓസ്‌ട്രേലിയ എന്നിവരെല്ലാം മികച്ച ടീമുകളാണ്. ദക്ഷിണാഫ്രിക്ക ഇത്തവണ അപ്രതീക്ഷിത പ്രകടനത്തിലൂടെ ഞെട്ടിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. എന്തായാലും ഇന്ത്യക്ക് കിരീട നേട്ടം എളുപ്പമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്. എതിര്‍ ടീമുകളില്‍ ഐപിഎല്ലിലൂടെ ഇന്ത്യയില്‍ കളിച്ച് പരിചയസമ്പത്തുള്ള നിരവധി താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ തട്ടകത്തിന്റെ മുന്‍തൂക്കം കാര്യമായി ഇന്ത്യയെ തുണച്ചേക്കില്ല.