For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ കപ്പടിക്കുമെന്ന് ഉറപ്പിക്കേണ്ട! ഇല്ലെങ്കില്‍? ഗംഭീറിന് പറയാനുള്ളത് ഇതാണ്

ലോകകപ്പില്‍ ഇത്തവണ അപരാജിത കുതിപ്പ് നടത്തുന്ന ടീം ഇന്ത്യ സെമി ഫൈനലിലോ, ഫൈനലിലോ പരാജയപ്പെടുകയാണെങ്കില്‍ ആരാധകര്‍ എന്താണ് ചെയ്യേണ്ടതെന്നു ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ലീഗ് ഘട്ടത്തില്‍ തുടര്‍ച്ചയായി എട്ടു മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യ സെമിയിലേക്കു കുതിച്ചത്. നെതര്‍ലാന്‍ഡ്‌സിനെയൊഴികെ ബാക്കിയുള്ള ടീമുകളെയെല്ലാം ഇന്ത്യ തകര്‍ത്തുവിട്ടു കഴിഞ്ഞു.

ഡച്ച് ടീമുമായുള്ള ഇന്ത്യയുടെ അവസാന റൗണ്ട് മല്‍സരം ഞായറാഴ്ച നടക്കാനിരിക്കുകയാണ്. 15നു മുംബൈയിലെ വാംഖഡയില്‍ നടക്കാിരിക്കുന്ന ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. 2019ലെ കഴിഞ്ഞ ലോകകപ്പ് സെമിയുടെ റീപ്ലേ കൂടിയാണിത്. അന്നു ഇന്ത്യയെ തകര്‍ത്തുവിട്ടാണ് ന്യൂസിലാന്‍ഡ് ഫൈനലിലേക്കു കുതിച്ചത്.

GAMBHIR

ഇത്തവണയും കിവികള്‍ ചരിത്രമാവര്‍ത്തിക്കുമോ അതോ ഇന്ത്യ അന്നത്തെ പരാജയത്തിനു കണക്കുതീര്‍ക്കുമോയെന്നാണ് അറിയേണ്ടത്. കഴിഞ്ഞ തവണ മാത്രമല്ല 2015ലെ ലോകകപ്പിലും ഇന്ത്യ സെമിയില്‍ തോല്‍ക്കുകയായിരുന്നു. അന്നു ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ കിരീടമോഹം തകര്‍ത്തത്.

നോക്കൗട്ടില്‍ വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യക്കു അടിതെറ്റുകയാണെങ്കില്‍ അതിനെ ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ തയ്യാറാവണമെന്നു ഗംഭീര്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കു ഇത്തവണയും ലോകകിരീടം നേടാനായില്ലെങ്കില്‍ അതു കൊണ്ട് ലോകം അവസാനിക്കില്ല, ജീവിതവും അവസാനിക്കാന്‍ പോവുന്നില്ല. സൂര്യന്‍ വീണ്ടും ഉദിക്കുക തന്നെ ചെയ്യും. തോല്‍വിയുടെ പേരില്‍ ആരാധകരുടെ വിമര്‍ശനങ്ങള്‍ അതിരുകടക്കാന്‍ പാടില്ല.

ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ജയിച്ചില്ലെങ്കില്‍ എന്താവും? സെമി ഫൈനലില്‍ ഇന്ത്യക്കു വിജയിക്കാനായില്ലെങ്കില്‍ എന്താവും? നിരാശ തീര്‍ച്ചയായുമുണ്ടാവും, ആളുകള്‍ക്കും ദുഖമുണ്ടാവും. പക്ഷെ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലുള്ള 15-20 പേരേക്കാള്‍ നിരാശ ഒരു ആരാധകനോ, കമന്റേറ്റര്‍ക്കോ, ക്രിക്കറ്റ് വിദഗ്ധനോ ഉണ്ടാവില്ല. ഇക്കാര്യം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും ഗംഭീര്‍ വിശദമാക്കി.

ധൈര്യത്തോടെ പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനായാല്‍ നോക്കൗട്ട് മല്‍സരങ്ങളില്‍ വിജയം കൊയ്യാന്‍ ഇന്ത്യക്കു സാധിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 2011ലെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ താന്‍ കളിച്ചതു പോലെയൊരു സ്‌പെഷ്യല്‍ ഇന്നിങ്‌സ് ആരെങ്കിലും കളിക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നായിരുന്നു ഗംഭീറിന്റെ മറുപടി.

എന്റെ ഇന്നിങ്‌സിനെക്കുറിച്ച് അധികം സംസാരിക്കുന്നതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അതു വളരെ മുമ്പ് സംഭവിച്ചു കഴിഞ്ഞ കാര്യമാണ്. 12 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അത്. ഇന്ത്യക്കു ഇപ്പോള്‍ ഇല്ലാത്തതെന്നു തോന്നുന്ന കാര്യം ധൈര്യമില്ലായ്മയാണ്. കൂടുതല്‍ ധൈര്യത്തോടെ കളിക്കാന്‍ ഇന്ത്യന്‍ ടീം ശ്രമിക്കണം.

INDIA

2015, 2019 ലോകകപ്പുകളിലെ അനുഭവങ്ങളില്‍ നിന്നും അവര്‍ പഠിച്ചിട്ടുണ്ടാവുമെന്നു എനിക്കുറപ്പുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പുകളുടെ കഴിഞ്ഞ രണ്ടു ഫൈനലുകളും നല്ലൊരു പാഠമായിരുന്നു. ധൈര്യം കാണിച്ചാല്‍ മാത്രമേ നിങ്ങള്‍ക്കു നോക്കൗട്ടില്‍ ജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഗംഭീര്‍ വിശദമാക്കി.

അതേസമയം, ഐസിസി നോക്കൗട്ടുകളില്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള മോശം റെക്കോര്‍ഡ് സെമി ഫൈനലില്‍ ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. ഐസിസിയുടെ വിവിധ ടൂര്‍ണമെന്റുകളിലായി ഇതുവരെ മൂന്നു തവണയാണ് സെമി ഫൈനല്‍, ഫൈനല്‍ എന്നിവയിലായി ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയിലെല്ലാം വിജയം ന്യൂസിലാന്‍ഡിനായിരുന്നു.

ഏറ്റവും അവസാനമായി 2021ലെ പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. അന്നു ഇന്ത്യയെ തകര്‍ത്ത് കെയ്ന്‍ വില്ല്യംസണ്‍ നയിച്ച ന്യൂസിലാന്‍ഡ് റെഡ് ബോള്‍ ക്രിക്കറ്റിലെ ലോക ചാംപ്യന്‍മാരാവുകയായിരുന്നു.

Story first published: Saturday, November 11, 2023, 16:36 [IST]
Other articles published on Nov 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+