മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ പോവുകയാണ്. ഒക്ടോബര്‍ 5നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇത്തവണ എല്ലാ ടീമിനൊപ്പവും കരുത്തുറ്റ താരനിരയാണുള്ളത്. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ലോകകപ്പാണിത്. 2011ല്‍ ആതിഥേയരായപ്പോള്‍ ഇന്ത്യ കപ്പ് നേടിയിരുന്നു.
ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണ സെമി ഫൈനലില്‍ ആരൊക്കെ പ്രവേശിക്കുമെന്ന് പോലും പ്രവചിക്കുക പ്രയാസമാണ്. അത്രത്തോളം ശക്തമായ പോരാട്ടങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. പല പ്രമുഖരും ഇതിനോടകം തങ്ങളുടെ പ്രവചനം വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഗംഭീര്‍.
പാകിസ്താനെ തഴഞ്ഞ ഗംഭീര്‍ ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകളെയാണ് സെമി ഫൈനലിസ്റ്റുകളായി ഗംഭീര്‍ പ്രവചിച്ചിരിക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ സെമി ഫൈനലില്‍ കടക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തവണ മികച്ച ടീം കരുത്തും ഇന്ത്യക്കുണ്ട്. നായകനായി രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ബാറ്റിങ് കരുത്ത് പകര്‍ന്ന് ഒപ്പമുണ്ട്.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയ ബൗളിങ് നിരയും ശക്തം. തട്ടകത്തിന്റെ ആധിപത്യം കൂടിയാവുമ്പോള്‍ ഇന്ത്യ ലോകകപ്പ് നേടാന്‍ സാധ്യത വളരെ കൂടുതലാണ്. ഏഷ്യയിലെ രാജാക്കന്മാരായതിന് പിന്നാലെ ഓസീസിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കിയാണ് ഇന്ത്യ ലോകകപ്പിലേക്കിറങ്ങുന്നത്. ഇത്തവണ കിരീട ഫേവറേറ്റുകളില്‍ ഇന്ത്യയാണ് മുന്നിലെന്ന് നിസംശയം പറയാം.

ഓസ്‌ട്രേലിയും ശക്തരാണ്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് നിര ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ്. ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിണിസ്, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാം പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഉപകാരികളാണ്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ അനുഭവസമ്പത്തും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ പേസ് ബൗളിങ്ങും ഓസീസിന്റെ കിരീട സാധ്യത ഉയര്‍ത്തുന്നു.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇത്തവണയും സംതുലിതമായ താരങ്ങളുടെ നിരയാണ്. ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട് തുടങ്ങി മികച്ച താരങ്ങളെല്ലാം ഇംഗ്ലണ്ടിനൊപ്പമുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ബാറ്റ്‌സ്മാന്‍മാരാല്‍ ഇംഗ്ലണ്ട് നിര സമ്പന്നമാണ്. ആദില്‍ റഷീദിന്റെ സ്പിന്‍ മികവും ഇംഗ്ലണ്ടിന് മുതല്‍ക്കൂട്ടായേക്കും.
അവസാന രണ്ട് ഏകദിന ലോകകപ്പിലും ന്യൂസീലന്‍ഡ് ഫൈനലില്‍ കളിച്ചെങ്കിലും കപ്പിലേക്കെത്താനായിരുന്നില്ല. ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ് ന്യൂസീലന്‍ഡുള്ളത്. കെയ്ന്‍ വില്യംസണ്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയതോടെ ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്. കരുത്തുറ്റ താരങ്ങളാല്‍ ന്യൂസീലന്‍ഡ് ശക്തം. അതുകൊണ്ടുതന്നെ ഗംഭീര പോരാട്ടം കാഴ്ചവെക്കാന്‍ കിവീസിനും സാധിച്ചേക്കും.
അതേ സമയം ഗംഭീര്‍ പാകിസ്താനെ തഴഞ്ഞെങ്കിലും ഇത്തവണ എല്ലാ എതിരാളികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പാക് ടീമിന് സാധിച്ചേക്കും. ബാബര്‍ ആസം നയിക്കുന്ന പാക് ടീമിന്റെ ബൗളിങ് കരുത്ത് ശക്തമാണ്. നസീം ഷാ പരിക്കേറ്റ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായെങ്കിലും ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ് എന്നിവര്‍ ടീമിന് ശക്തി പകരുന്നു. ഷദാബ് ഖാനെപ്പോലെ മികച്ച ഓള്‍റൗണ്ടര്‍മാരും പാക് ടീമിലുണ്ട്.
ദക്ഷിണാഫ്രിക്കയേയും നിസാരക്കാരായി കാണാനാവില്ല. ടെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക ഇത്തവണ കരുത്തരുടെ സംഘമാണ്. ഹെന്റിച്ച് ക്ലാസന്‍, ക്വിന്റന്‍ ഡീകോക്ക്, ഡേവിഡ് മില്ലര്‍ എന്നിവരെല്ലാം മാച്ച് വിന്നര്‍മാരായ താരങ്ങളാണ്. ബംഗ്ലാദേശിനേയും അഫ്ഗാനിസ്ഥാനേയും നിസാരക്കാരായി കാണാനാവില്ല. രണ്ട് പേരും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള ടീമാണ്. എന്തായാലും ഇത്തവണ കപ്പ് നേടുന്നവര്‍ക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പ്.