World Cup 2023: രോഹിത് അത് ചെയ്തില്ല, ഇന്ത്യ കപ്പ് നേടാത്തത് അതുകൊണ്ട്! ചൂണ്ടിക്കാട്ടി ഗംഭീര്‍
മുംബൈ: ഏകദിന ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി എല്ലാവരേയും വളരെയധികം നിരാശപ്പെടുത്തിയിരുന്നു. തോല്‍വി അറിയാതെ ഫൈനലിലെത്തിയിട്ടും കിരീട പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ മുട്ടുമടക്കുകയായിരുന്നു. ഫൈനലില്‍ സമ്മര്‍ദ്ദം ഇന്ത്യയെ വേട്ടയാടി. ഇതോടെ ബാറ്റിങ്ങില്‍ ടീം നിറം മങ്ങി. ഇത് ഓസീസ് നന്നായി മുതലാക്കുകയും ചെയ്തു. രോഹിത് ശര്‍മയെപ്പോലൊരു മികച്ച നായകനുണ്ടായിട്ടും ഇന്ത്യക്ക് കപ്പിലേക്കെത്താനാവാതെ പോയി.
കലാശപ്പോരാട്ടത്തില്‍ ഭാഗ്യം ഇന്ത്യയെ കൈവിടുകയായിരുന്നു. ഇപ്പോഴിതാ ഫൈനലിലെ തോല്‍വിക്ക് കാരണമായ രോഹിത്തിന്റെ പിഴവ് എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍. 'എല്ലാ നായകന്മാരും പരിശീലകരും കപ്പ് നേടാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ 2011ലും ഇത്തവണയും ഒരു കാര്യം സംഭവിച്ചു. രാജ്യത്തെക്കാള്‍ വലുതായി ഒന്നുമല്ല. എന്നാല്‍ ചില കാര്യങ്ങള്‍ എനിക്ക് മനസിലാകുന്നില്ല. 2011ലും ഇതേ കാര്യം സംഭവിച്ചിരുന്നു.
ഒരു വ്യക്തിക്കായി ലോകകപ്പ് നേടണമെന്നാണ് എല്ലാവരും പറഞ്ഞത്. അത് ഏത് താരമായാലും അങ്ങനെയൊരു പ്രസ്താവന നടത്താന്‍ പാടില്ല. കാരണം ലോകകപ്പ് നേടാന്‍ ശ്രമിക്കേണ്ടത് രാജ്യത്തിന് വേണ്ടിയാണ്. അത്തരം കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാധ്യമങ്ങളോടല്ല പറയേണ്ടത്. 2011ല്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തിരുന്നു. വ്യക്തിക്കായല്ല രാജ്യത്തിനായാണ് ഞാന്‍ കിരീടം നേടാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. ഞാന്‍ ബാറ്റെടുത്തത് രാജ്യത്തിനായാണ്.
എന്നാല്‍ രോഹിത് ഇത്തരമൊരു കാര്യം പറഞ്ഞതായി തോന്നുന്നില്ല'-ഗംഭീര്‍ പറഞ്ഞു. 2011ലെ ലോകകപ്പ് കിരീടം സച്ചിന്‍ ടെണ്ടുല്‍ക്കറിനായി നേടണമെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. സച്ചിന്റെ അവസാന ഏകദിന ലോകകപ്പായിരുന്നു 2011ലേത്. അതുകൊണ്ടുതന്നെ എല്ലാവരും സച്ചിന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത് യാത്രയാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് രാജ്യത്തിന്റെ പൊതുവികാരമായി മാറിയിരുന്നു. എന്നാല്‍ അന്നും താന്‍ ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചത് രാജ്യത്തിനായിട്ടാണെന്നാണ് ഗംഭീര്‍ പറയുന്നത്.

ഇത്തവണത്തെ ലോകകപ്പിന്റെ ഫൈനലില്‍ സമ്മര്‍ദ്ദം ഇന്ത്യയെ വേട്ടയാടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യനിര അവസരത്തിനൊത്തുയര്‍ന്നില്ല. അതിവേഗത്തില്‍ ബാറ്റു ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമമാണ് പാളിയത്. രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കം ആവര്‍ത്തിച്ചെങ്കിലും മറ്റുള്ളവര്‍ക്ക് ഇത് മുതലാക്കാനാവാതെ പോയി. തട്ടകത്തിന്റെ ആധിപത്യവും ആരാധകരുടെ പിന്തുണയും മുതലാക്കാന്‍ ഇന്ത്യക്കായില്ല.
2013ന് ശേഷം ഇതുവരെ ഇന്ത്യ ഐസിസി കിരീടം നേടിയിട്ടില്ല. മിക്ക സമയത്തും സെമിയിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും ഈ കടമ്പ കടക്കാനായില്ല. ഇത്തവണ ഇന്ത്യ ഫൈനലിലേക്കെത്തിയെങ്കിലും പടിക്കല്‍ കലമുടച്ചു. തോല്‍വി അറിയാതെ ഫൈനലിലെത്തിയ ശേഷമാണ് ഇന്ത്യയുടെ തോല്‍വി എന്നതാണ് എടുത്തു പറയേണ്ടത്. ഫൈനലില്‍ തോറ്റെങ്കിലും പരിശീലകസ്ഥാനത്ത് ഇന്ത്യ രാഹുല്‍ ദ്രാവിഡിനെ നിലനിര്‍ത്തി. ഇത് മികച്ച തീരുമാനമാണെന്നും ഗംഭീര്‍ പറഞ്ഞു.
'ടി20 ലോകകപ്പിന് ഇനി കുറച്ച് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയൊരു പരിശീലകന് കീഴില്‍ മുന്നൊരുക്കം നടത്തി പദ്ധതി തയ്യാറാക്കാന്‍ സമയമില്ല. രാഹുല്‍ ദ്രാവിഡ് പരിശീലകനായി തുടരാന്‍ സമ്മതിച്ചത് വലിയ കാര്യമാണ്. അദ്ദേഹത്തിന് കീഴില്‍ത്തന്നെ ഇന്ത്യ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്നതാണ് നല്ലത്'-ഗംഭീര്‍ പറഞ്ഞു. ടി20 ലോകകപ്പിന് ഇനി ആറ് മാസമാണ് സമയമുള്ളത്. അതുകൊണ്ടുതന്നെ പുതിയൊരു പരിശീലകനെത്തിയാലും മുന്നൊരുക്കം നടത്താന്‍ വേണ്ടത്ര സമയം ലഭിച്ചേക്കില്ല.
ഇന്ത്യയുടെ നായകസ്ഥാനത്ത് രോഹിത് ശര്‍മ തന്നെ തുടരണമെന്ന് ബിസിസി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രോഹിതാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ലോകകപ്പിന് ഇറങ്ങാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാല്‍ ഹാര്‍ദിക്കിന് പരിക്കേറ്റതിനാല്‍ മടങ്ങിവരവ് വൈകും. അതുകൊണ്ടുതന്നെ രോഹിത്തിനെ നായകനാക്കിത്തന്നെ ഇന്ത്യക്ക് മുന്നോട്ട് പോകേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications