Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ആരും മോശക്കാരല്ല, പക്ഷെ ഒരു ടീമിനെ സൂക്ഷിക്കണം! കപ്പ് അവരെടുത്തേക്കും

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ചാമിന്ദ വാസ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ മാമാങ്കത്തിനു രാജ്യം ആതിഥേയത്വം വഹിക്കുക. 10 ടീമുകളാണ് ക്രിക്കറ്റിലെ സിംഹാസനം കീഴടക്കുന്നതായി പോര്‍ക്കളത്തിലിറങ്ങുന്നത്.

ഒക്ടോബര്‍ അഞ്ചിനു നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെ ലോകകപ്പിനു കൊടിയേറും. 2019ലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. ലോകകപ്പിലെ വിജയികളെ ഇപ്പോള്‍ പ്രവചിക്കുകയാണെങ്കില്‍ അതു വളരെ നേരത്തേ ആയിപ്പോവുമെന്നു വാസ് വ്യക്തമാക്കി.

CHAMINDA VAAS

ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും മികച്ച സാധ്യതയുണ്ടെന്നു ഞാന്‍ കരുതുന്നു. പക്ഷെ സ്വന്തം നാട്ടില്‍ കളിക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമിനു മറ്റു ടീമുകളേക്കാള്‍ മുന്‍തൂക്കമുണ്ടെന്നു പറയേണ്ടി വരും. കാരണം ഇന്ത്യന്‍ ടീം അവരുടെ നാട്ടിലെ വളരെ പരിചിതമായ സാഹചര്യങ്ങളിലാണ് കളിക്കാനിറങ്ങുന്നത്.

ഓരോ വേദിയിലെയും വിക്കറ്റ് എങ്ങനെയായിരിക്കുമെന്നു അവര്‍ക്കു വ്യക്തമായ ധാരണയുണ്ടായിരിക്കുകയും ചെയ്യും. അതിനാല്‍ തന്നെ കിരീടസാധ്യതയില്‍ ഞാന്‍ മുന്നില്‍ നിര്‍ത്തുക ഇന്ത്യയെയാണ്. പക്ഷെ ലോകകപ്പായതിനാല്‍ തന്നെ മറ്റു ടീമുകളും നല്ല പോരാട്ടം കാഴ്ചവയ്ക്കുമെന്നും വാസ് വ്യക്തമാക്കി.

സ്വന്തം രാജ്യമായ ശ്രീലങ്കയുടെ കിരീടസാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അവസാനമായി 2011ല്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് അരങ്ങറിയപ്പോള്‍ റണ്ണറപ്പായിരുന്നു ലങ്ക. അന്നു മുംബൈയിലെ വാംഖഡെയില്‍ നടന്ന ആവേശകരമായ കരാശപ്പോരാട്ടത്തില്‍ ലങ്കയെ വീഴ്ത്തി എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരാവുകയായിരുന്നു. കുമാര്‍ സങ്കക്കാരയായിരുന്നു ലങ്കന്‍ ടീമിനെ നയിച്ചത്.

INDIA

ശ്രീലങ്കയുടെ ഇപ്പോഴത്തെ ടീം പ്രതിഭാശാലികളായ താരങ്ങളുള്‍പ്പെട്ടതാണെന്നു വാസ് അഭിപ്രായപ്പെട്ടു. ഞാന്‍ കണ്ടതില്‍ വച്ച് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ വനിന്ദു ഹസരംഗയാണ്. ബൗളിങ് ആക്രമണത്തില്‍ വൈവിധ്യം കൊണ്ടുവരാന്‍ ശേഷിയുള്ള മിസ്റ്ററി ബൗളര്‍മാര്‍ ലങ്കയ്ക്കുണ്ട്. കൂടാതെ ഐപിഎല്ലില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള മതീശ പതിരാനയും ഞങ്ങളുടെ ടീമിന്റെ ഭാഗമാണ്.

വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ ഒരു ടീമെന്ന നിലയില്‍ കളിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൂടാതെ ശരിയായ കോമ്പിനേഷനെ കളിപ്പിക്കുകയും സ്മാര്‍ട്ട് ക്രിക്കറ്റ് കാഴ്ചവയ്ക്കുകയും ചെയ്യുകയും വേണം. ഇതും പ്രധാനം തന്നെ. അതിനു സാധിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കു പോരാടാന്‍ സാധിക്കുമെന്നും ഏതു ടീമിനും വെല്ലുവിളി സൃഷ്ടിക്കാന്‍ സാധിക്കുമെന്നും വാസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലെ സര്‍പ്രൈസ് ചാംപ്യന്‍മാരായിരുന്നു ദസുന്‍ ഷനക നയിച്ച ശ്രീലങ്കന്‍ ടീം. കിരീട ഫേവറിറ്റുകളായിരുന്ന ഇന്ത്യ ഫൈനലില്‍ പോലുമെത്താതെ നാണംകെട്ട് പുറത്തായപ്പോള്‍ പാകിസ്താനായിരുന്നു കലാശക്കളിയില്‍ ലങ്കയുടെ എതിരാളികള്‍.

കടലാസിലെ ഫേവറിറ്റായിരുന്ന പാകിസ്താനെയും മലര്‍ത്തിയടിച്ച് അന്നു ലങ്ക ഏഷ്യയിലെ രാജാക്കന്‍മാരാവുകയായിരുന്നു. ഇത്തവണ ലോകകപ്പിലും ലങ്കയെ സൂക്ഷിക്കുക തന്നെ വേണം. മികച്ച സ്പിന്നര്‍മാരുള്‍പ്പെട്ട ലങ്കന്‍ ടീമിനു ടൂര്‍ണമെന്റില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

Story first published: Tuesday, August 8, 2023, 15:54 [IST]
Other articles published on Aug 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+