ലോകകപ്പില്‍ സൗത്താഫ്രിക്കയുമായുള്ള ത്രില്ലിങ് മാച്ചില്‍ പാകിസ്താന്‍ ഒരു വിക്കറ്റിനു പൊരുതി വീണതിനു പിന്നാലെ അംപയറിങ്ങിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ സൗത്താഫ്രിക്ക അനായാസ വിജയത്തിലേക്കു കുതിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ പിഴുത് കളിയിലേക്കു പാകിസ്താന്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. പക്ഷെ സൗത്താഫ്രിക്കയുടെ അവസാന വിക്കറ്റെടുക്കുന്നതില്‍ പാകിസ്താന്‍ വിജയിച്ചില്ല. സ്പിന്നര്‍ കേശവ് മഹാരാജ് ബൗണ്ടറിയിലൂടെ സൗത്താഫ്രിക്കയുടെ വിജയ റണ്‍സ് കണ്ടെത്തുകയും ചെയ്തു.
മല്‍സരത്തില്‍ അംപയര്‍മാരുടെ ചില തീരുമാനങ്ങള്‍ക്കെതിരേ വിമര്‍ശനം ശക്തമാണ്. ഇതേക്കുറിച്ചു മല്‍സരശേഷം ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് എക്‌സില്‍ കുറിക്കുകയും ചെയ്തു. സൗത്താഫ്രിക്കയുടെ അവസാന ബാറ്ററായ തബ്രെസ് ഷംസി എല്‍ബിഡബ്ല്യു കോളില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു വിക്കറ്റ് ശേഷിക്കെ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ എട്ടു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു സംഭവം. പേസര്‍ ഹാരിസ് റൗഫെറിഞ്ഞ 46ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍.

ഓവറിലെ അവസാന ബോളില്‍ തബ്രെയ്‌സ് ഷംസിക്കെതിരേ ഒരു ഇന്‍സ്വിങറായിരരുന്നു റൗഫ് പരീക്ഷിച്ചത്. ഇതു നേരെ ഷംസിയുടെ പാഡില്‍ പതിക്കുകയും ചെയ്തു. പിന്നാല എല്‍ബിഡബ്ല്യുവിനായി പാക് താരങ്ങള്‍ ശക്തമായി വാദിച്ചെങ്കിലും അംപയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. തുടര്‍ന്ന് പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം റിവ്യു എടുക്കുകയും ചെയ്തു.
പിച്ച് ചെയ്ത ശേഷം അകത്തേക്കു വന്ന ബോള്‍ ലെഗ് സ്റ്റംപിന്റെ തൊട്ടുമുകളിലൂടെ ഉരസിയാണ് പുറത്തു പോവുകയെന്നു റീപ്ലേയില്‍ തെളിഞ്ഞു. പക്ഷെ അംപയറുടെ കോള്‍ കണക്കിലെടുത്ത് തേര്‍ഡ് അംപയര്‍ അതു നോട്ടൗട്ടും വിധിക്കുകയായിരുന്നു. ഇതു കണ്ട പാക് താരങ്ങള്‍ തീര്‍ത്തും നിരാശരാവുകയും ചെയ്തു.
മല്‍സരത്തില്‍ സൗത്താഫ്രിക്ക ജയിച്ചതിനു പിന്നാലെയാണ് പാകിസ്താനെ പിന്തുണച്ച് ഹര്‍ഭജന്‍ രംഗത്തുവന്നത്. മോശം അംപയറിങും മോശം നിയമങ്ങളുമാണ് പാകിസ്താനു ഈ മല്‍സരം നഷ്ടപ്പെടുത്തിയത്. ഐസിസി നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയാണെങ്കില്‍ അതു ഔട്ട് തന്നെയാണ്. അംപയര്‍ ഔട്ടോ, നോട്ടൗട്ടോ വിളിച്ചോയെന്നതു വിഷയമല്ല. അല്ലെങ്കില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്താണന്നും ഹര്‍ഭജന്‍ എക്‌സിലൂടെ ചോദിക്കുകയായിരുന്നു.
പക്ഷെ പാകിസ്താനെ പിന്തുണച്ചുകൊണ്ടു കൊണ്ടുള്ള ഭാജിയുടെ പ്രതികരണം സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായിരുന്ന ഗ്രേയം സ്മിത്തിനു അത്ര രസിച്ചില്ല. അദ്ദേഹം അതിനോടു പ്രതികരിക്കുകയം ചെയ്തു. എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി സൗത്താഫ്രിക്കന്‍ താരം റാസ്സി വാന്‍ഡര്‍ ഡ്യുസെന്റെ പുറത്താവലാണ് സ്മിത്ത് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്.

പാകിസ്താന്‍ സ്പിന്നര്‍ ഉസാമ മിറിന്റെ ബൗളിങിലായിരുന്നു വാന്‍ഡര്‍ ഡ്യുസെന്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയത്. അംപയര്‍ ഔട്ട് വിളിച്ചതിനെ തുടര്‍ന്നു സൗത്താഫ്രിക്ക റിവ്യു എടുത്തിരുന്നു. അംപയറുടെ കോള്‍ പരിഗണിച്ച് തേര്‍ഡ് അംപയര്‍ അതു ഔട്ട് വിധിക്കുകയുമായിരുന്നു.
ഭാജി, അംപയറുടെ കോളിന്റെ കാര്യത്തില്‍ എനിക്കും ഇതു തന്നെയാണ് തോന്നിയത്. പക്ഷെ റാസ്സി വാന്‍ഡര്‍ ഡ്യുസെനും സൗത്താഫ്രിക്കയ്ക്കും ഇതേ കാര്യം തന്നെ തോന്നില്ലേയെന്നും ഗ്രേയം സമിത്ത് ചോദിക്കുകയായിരുന്നു. സംശയാസ്പദമായ രീതിയിലായിരുന്നു 21 റണ്‍സെടുത്ത വാന്‍ഡര്‍ ഡ്യുസെന്‍റെ പുറത്താവല്‍.
ടീം സ്‌കോര്‍ 121ല്‍ നില്‍ക്കെയായിരുന്നു ഇത്. ഷംസിയുടെ സാഹചര്യവുമായി സമാനമായിരുന്നു സംഭവം. ബോള്‍ ലെഗ് സ്റ്റംപിന് തൊട്ടുമുകളിലൂടെ ഉരസിപ്പോവുമെന്നാണ് റീപ്ലേയില്‍ കണ്ടത്. ഇതു ഔട്ട് വിധിച്ച ഓണ്‍ഫീല്‍ഡ് അംപയറുടെ കോള്‍ പരിഗണിച്ച് തേര്‍ഡ് അംപയറും അതു ശരിവയ്ക്കുകയായിരുന്നു.