കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുകയാണ്. തുടര്‍ച്ചയായ എട്ടാം ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ വിജയക്കുതിപ്പിന് പൂട്ടിടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 243 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തുരത്തിയാണ് ഇന്ത്യ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 326 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 27.1 ഓവറില്‍ 83 റണ്‍സാണ് നേടാനായത്.
മത്സരത്തില്‍ ഇന്ത്യക്കായി വിരാട് കോലി തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയത്. 101 റണ്‍സോടെ കോലി പുറത്താവാതെ നിന്നു. മത്സരത്തില്‍ 37 റണ്‍സില്‍ നില്‍ക്കവെ വിരാട് കോലിയുടെ വിവാദപരമായ റിവ്യൂ സംഭവിച്ചിരുന്നു. കേശവ് മഹാരാജിന്റെ പന്തില്‍ കോലിയുടെ ബാറ്റിന് തൊട്ടടുത്തുകൂടി പന്ത് വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിന്റെ കൈയിലെത്തി. ഫീല്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക തീരുമാനം റിവ്യൂ ചെയ്തു. ഇതിലും നോട്ടൗട്ടാണ് വിധിച്ചത്.
എന്നാല്‍ അല്‍ട്രാ എഡ്ജില്‍ ചെറിയ സ്‌പൈക്ക് കാട്ടിയിരുന്നു. ഇതോടെ ഡിആര്‍എസ് വിവാദമായി. ഇപ്പോഴിതാ ഇന്ത്യ ഡിആര്‍എസിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യക്ക് അനുകൂലമായാണ് എല്ലാ തീരുമാനങ്ങളെന്നും ആരോപിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ഹസന്‍ റാസ. പാകിസ്താന്‍ ചാനലായ എബിഎസ് ന്യൂസീല്‍ സംസാരിക്കവെയാണ് ഹസന്‍ റാസ വിവാദപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ബ്രോഡ്കാസ്‌റ്റേഴ്‌സിന്റെ സഹായത്തോടെ ഇന്ത്യ ഡിആര്‍എസ് അനുകൂലമാക്കുകയാണ്. 2011ലെ ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ സായീദ് അജ്മലിന്റെ വെല്ലുവിളിയില്‍ നിന്ന് രക്ഷിക്കാന്‍ ഡിആര്‍എസില്‍ ഇന്ത്യ കൃത്രിമം കാട്ടിയിരുന്നു. ഇന്ത്യയില്‍ കളിക്കുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലാ കാര്യങ്ങളും ടീമിന് അനുകൂലമായി സംഭവിക്കുന്നത് എങ്ങനെയാണ്. മികച്ച പ്രകടനം നടത്തുന്ന മറ്റ് ടീമുകളെല്ലാം ഇന്ത്യക്കെതിരേ മാത്രം തീര്‍ത്തും നിരാശപ്പെടുത്തുന്നതിന് കാരണമെന്താണ്.

ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ നിരയാണ്. എന്നാല്‍ ഇന്ത്യക്കെതിരേ അവര്‍ ഒന്നുമല്ലാതെയായിപ്പോയി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും നല്‍കിയ റിവ്യൂവില്‍ പന്ത് ലെഗ് സൈഡിലേക്ക് പോകുന്നതാണെങ്കിലും റിവ്യൂവില്‍ അത് മിഡില്‍ സ്റ്റംപിനായാണ് കാണിക്കുന്നത്' - ഹസന്‍ റാസ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയെടുത്ത റിവ്യൂ തീരുമാനങ്ങളെല്ലാം വളരെ മികച്ചതായിരുന്നു. മിക്കവയും ഇന്ത്യക്ക് അനുകൂലമായി എന്നതാണ് എടുത്തു പറയേണ്ടത്.
ഇതെല്ലാം ഐസിസിയും ബിസിസിഐയും തമ്മിലുള്ള ഒത്തുകളിയാണെന്നും മറ്റ് ടീമുകളെ പൂര്‍ണ്ണമായും തഴയുന്ന നിലപാടാണ് ഇപ്പോള്‍ അംപയര്‍മാര്‍ സ്വീകരിക്കുന്നതെന്നുമാണ് പാക് താരം ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ വസ്തുതകളില്ലെന്ന് പറയാം. പക്ഷെ ഡിആര്‍എസില്‍ സാങ്കേതികമായ പിഴവ് സംഭവിക്കുന്നുണ്ടെന്നതാണ് വസ്തുത. ഇക്കാര്യം ഐസിസി വൃത്തം തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്താനെതിരേ ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ ഡിആര്‍എസ് വിവാദമായിരുന്നു.
എല്‍ബിഡബ്ല്യു ഡിആര്‍എസ് എടുക്കുമ്പോള്‍ പന്തിന്റെ ദിശയില്‍ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. സ്റ്റംപിലേക്കുള്ള പന്തുകള്‍ ചിലപ്പോള്‍ അപ്രതീക്ഷിതമായി പുറത്തേക്ക് പോകുന്നതും കാണാന്‍ സാധിക്കുന്നുണ്ട്. ഇത് സാങ്കേതികമായി പിഴവായി തന്നെ പരിഗണിക്കാം. എന്നാല്‍ ഇന്ത്യന്‍ ടീമിന് മാത്രമായി പ്രത്യേക സൗകര്യം ചെയ്തുനല്‍കുന്നവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് തന്നെ പറയാം. ഇന്ത്യക്ക് ഇത്തവണ മികച്ച ടീം കരുത്തുണ്ട്. അതാണ് ടീമിന്റെ കുതിപ്പിന് കാരണം. അല്ലാതെ ഒത്തുകളിയല്ല.
നേരത്തെ ഇന്ത്യക്ക് മാത്രമായി സവിശേഷമായി പന്ത് നല്‍കുന്നുണ്ടെന്നും ഇതാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിന് കാരണമെന്നും ഹസന്‍ റാസ ആരോപിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് വീണ്ടും വിവാദ പരാമര്‍ശവുമായി ഹസന്‍ റാസ രംഗത്തെത്തിയിരിക്കുന്നത്.