കറാച്ചി: ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച് മിന്നിക്കുകയാണ്. ഇത്തവണത്തെ ഏറ്റവും മികച്ച ബൗളിങ് നിരയെന്ന് തന്നെ ഇന്ത്യന്‍ ടീമിനെ വിശേഷിപ്പിക്കാം. എതിരാളികളെ മികച്ച ലൈനും ലെങ്തും സ്വിങ്ങും ഉപയോഗിച്ച് വിറപ്പിക്കാന്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് സാധിക്കുന്നു. ജസ്പ്രീത് ബുംറ ഞെട്ടിച്ച് തുടങ്ങുമ്പോള്‍ പിന്നാലെ എത്തുന്ന മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും സ്ഥിരതയോടെ പന്തെറിഞ്ഞ് എതിരാളികളെ പൂട്ടുന്നു.
ശ്രീലങ്കയ്‌ക്കെതിരേ 302 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. മികച്ച പേസും സ്വിങ്ങും ബൗണ്‍സും ഉപയോഗിച്ച് എതിര്‍ ടീമിനെ ഇന്ത്യ ചാരമാക്കുന്നു. ഇപ്പോഴിതാ ഇന്ത്യക്ക് പ്രത്യേക പന്താണ് നല്‍കുന്നതെന്നും ഐസിസിയും ബിസിസിഐയും ചേര്‍ന്ന് ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കുകയാണെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ഹസന്‍ റാസ. പാകിസ്താനായി ഏഴ് ടെസ്റ്റും 16 ഏകദിനവും കളിച്ച താരമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പാകിസ്താന്‍ ചാനലായ എബിഎന്‍ ന്യൂസീല്‍ ക്രിക്കറ്റ് നിരൂപകനാണ് റാസ. അവതാരകന്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പേസിനേയും സ്വിങ്ങിനേയും കുറിച്ച് സംസാരിച്ചപ്പോഴാണ് ഇത്തരമൊരു കൗതുക പരാമര്‍ശം റാസ നടത്തിയത്. 'ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രത്യേക പന്ത് നല്‍കാനുള്ള സാധ്യതയുണ്ട്. ഐസിസിയും ബിസിസി ഐയും ചേര്‍ന്ന് ഇന്ത്യ പന്തെറിയുമ്പോള്‍ പ്രത്യേക പന്ത് നല്‍കുന്നുണ്ടോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. തേര്‍ഡ് അംപയറും ഇന്ത്യക്കനുകൂലമായാണ് തീരുമാനങ്ങളെടുക്കുന്നത്'-റാസ പറഞ്ഞു.
റാസയുടെ പ്രതികരണം വൈറലായതോടെ പരിഹാസമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. ഇത് ശരിക്കും ക്രിക്കറ്റിനെ ഗൗരവകരമായി വിലയിരുത്തുന്നതാണോ അതോ കളിയാക്കുന്ന പരിപാടിയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തെല്ലാം വിവരക്കേടാണ് അയാള്‍ വിളിച്ചുപറയുന്നതെന്നും ഇയാള്‍ എങ്ങനെയാണ് ക്രിക്കറ്റ് താരമായിരുന്നതെന്ന് മനസിലാവുന്നില്ലെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. എന്തായാലും ഇതിനോടകം റാസയുടെ വാക്കുകള്‍ വൈറലായിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങളുടെ ബൗളിങ് പ്രകടനം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ശ്രീലങ്കയ്‌ക്കെതിരേ ജസ്പ്രീത് ബുംറയെറിഞ്ഞ ആദ്യ പന്തില്‍ വിക്കറ്റ് നേടാനായി. മുഹമ്മദ് സിറാജ് മികച്ച ലൈനും ലെങ്തും സൂക്ഷിച്ച് വിക്കറ്റ് നേടുമ്പോള്‍ ഷമി സ്വിങ് ചെയ്ത് വിസ്മയിപ്പിക്കുന്നു. മറ്റ് പേസര്‍മാര്‍ക്കൊന്നും സാധ്യമാകാത്ത വിധം സ്വിങ് കണ്ടെത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റ് താരങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ ബൗളര്‍മാര്‍ മികവ് കാണുമ്പോള്‍ അത്ഭുതമുണ്ടാവും.
ആതിഥേയരായ ഇന്ത്യക്ക് പിച്ചിന്റെ കരുത്തും ദൗര്‍ബല്യവുമറിയാം. അതുകൊണ്ടുതന്നെ പിച്ചിനോട് വേഗത്തില്‍ പൊരുത്തപ്പെടാനും സാധിക്കും. സ്വന്തം നാട്ടിലെ പിച്ചിന്റെ സ്വഭാവം നന്നായി മുതലാക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നതാണ് മികച്ച പ്രകടനത്തിന് കാരണമാവുന്നത്. അല്ലാതെ ഇതില്‍ മറ്റ് മറിമായങ്ങളൊന്നുമില്ലെന്നതാണ് വസ്തുത. ഇന്ത്യയുടെ ബൗളര്‍മാര്‍ അനുഭവസമ്പത്ത് മുതലാക്കി കളിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.
എന്നാല്‍ ഇത്തവണ തേര്‍ഡ് അംപയറുടെ തീരുമാനം പല തവണ വിവാദത്തിന് കാരണമായി. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ തേര്‍ഡ് അംപയറുടെ വിവാദ തീരുമാനം പാകിസ്താന്റെ തോല്‍വിക്ക് കാരണമായിരുന്നു. എല്‍ബി റിവ്യൂ ചെയ്യുമ്പോള്‍ പന്തിന്റെ ദിശയില്‍ സ്വാഭാവികമായും ഉണ്ടാകുന്നതില്‍ കൂടുതല്‍ ടേണ്‍ കാട്ടുന്നതായുള്ള ആക്ഷേപം ശക്തമാണ്. ഡിആര്‍എസ് പരിശോധനയില്‍ സാങ്കേതികമായ പിഴവുള്ളതായി ഐസിസി വൃത്തം പോലും തുറന്ന് സമ്മതിച്ചിരുന്നു.
നിലവിലെ ഇന്ത്യയുടെ ബൗളിങ് പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരം വരാനിരിക്കുന്നതേയുള്ളൂ. മറ്റ് പ്രമുഖരെയെല്ലാം ഇന്ത്യ തോല്‍പ്പിച്ചുകഴിഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കസറുന്ന ഇന്ത്യ ഇത്തവണ തട്ടകത്തില്‍ കപ്പുയര്‍ത്തുമെന്നാണ് ആരാധക പ്രതീക്ഷ.