ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനു വേണ്ടിയാണ്. ഫൈനലിനേക്കാള്‍ വലിയ ഹൈപ്പാണ് ഈ മല്‍സരത്തിനു ഇപ്പോഴുള്ളത്. ഒക്ടോബര്‍ 15നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് കിടിലന്‍ പോരാട്ടം.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഈ ക്ലാസിക്ക് പോരില്‍ ആരാവും ജയിക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ പാക് ഓപ്പണര്‍ ഇമ്രാന്‍ ഫര്‍ഹത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ യുവരാജ് സിങുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം. നാദിര്‍ അലിയുടെ പോഡ്കാസ്റ്റിലായിരുന്നു ഫര്‍ഹത് മനസ്സ് തുറന്നത്.

അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടുമെന്നാണ് ഫര്‍ഹത് പ്രവചിച്ചിരിക്കുന്നത്. ഈ കളിയില്‍ പാകിസ്താന്‍ ജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഏകദിനത്തില്‍ ഇന്ത്യയേക്കാള്‍ മികച്ച ടീമാണ് പാകിസ്താനുള്ളത്. ബൗളിങായിരിക്കും ഈ മല്‍സരത്തില്‍ വളരെയധികം നിര്‍ണായകമായി മാറാന്‍ പോവുന്നത്.
ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സ്പിന്നര്‍മാരും ഫാസ്റ്റ് ബൗളര്‍മാരുമുണ്ട്. അടിസ്ഥാനപരമായി നല്ല മിടുക്കുള്ള ബാറ്റര്‍മാരെ നിങ്ങള്‍ക്കു ആവശ്യമാണ്. ഞങ്ങള്‍ക്കു അതും ഇപ്പോഴുണ്ട്. മറുഭാഗത്തു ഇന്ത്യന്‍ താരങ്ങള്‍ ഒരുപാട് ടി20 മല്‍സരങ്ങളില്‍ കളിക്കുന്നവരാണെന്നും ഫര്‍ഹത് വിലയിരുത്തി.
യുവരാജ് സിങുമായും അദ്ദേഹത്തിന്റെ അച്ഛനും മുന്‍ ക്രിക്കറ്ററുമായ യോഗ്‌രാജ് സിങുമായുള്ള സൗഹൃദത്തെക്കുറിച്ചും ഫര്‍ഹത് തുറന്നു പറഞ്ഞു. യുവരാജുമായി വളരെ നല്ല സൗഹൃദമായിരുന്നു എനിക്കുണ്ടായിരുന്നത്. അതിനേക്കാള്‍ നല്ല ബന്ധം അദ്ദേഹത്തിന്റെ അച്ഛനുമായും എനിക്കുണ്ടായിരുന്നു. ചണ്ഡീഗഡില്‍ യുവരാജിന്റെ അച്ഛനു ഒരു പെട്രോള്‍ പമ്പും റെസ്റ്റോറന്റുമുണ്ടായിരുന്നു.
പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്ന സമയങ്ങളില്‍ ഞാന്‍ ഇവിടെയെത്തുകയും അദ്ദേഹവുമായി സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. സംസ്‌കാരവുമായി ബന്ധപ്പെട്ടായിരുന്നു ഞങ്ങള്‍ കൂടുതലും സംസാരിച്ചിരുന്നത്. ഞങ്ങളെ റെസ്റ്റോറന്റിലേക്കു കൂട്ടിക്കൊണ്ടു പോയിരുന്ന അദ്ദേഹം അവിടെ വച്ച് പാട്ട് പാടിത്തരികയും ചെയ്തിരുന്നതായി ഫര്‍ഹത് വെളിപ്പെടുത്തി.
ഒരു സമയത്തു പാക് ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു ഇടംകൈയന്‍ ബാറ്റര്‍ കൂടിയായ ഫര്‍ഹത്. 2021ല്‍ വിരമിക്കുന്നതിനു മുമ്പ് അദ്ദേഹം പാകിസ്താനു വേണ്ടി 40 ടെസ്റ്റുകളിലും 58 ഏകദിനങ്ങളിലും ഏഴു ടി20കളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റുകളിലുമായി 4195 റണ്‍സാണ് ഫര്‍ഹതിന്റെ സമ്പാദ്യം.

നാലു സെഞ്ച്വറികളു 21 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 15,000 മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ശേഷമാണ് താരം കളി മതിയാക്കിയത്. ഇന്ത്യക്കെതിരേ പാകിസ്താനു വേണ്ടി നാലു ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലുമാണ് പാകിസ്താനു വേണ്ടി ഫര്‍ഹത് കളിച്ചിട്ടുള്ളത്.
അതേസമയം, ഏകദിന ലോകപ്പില്‍ മാത്രമല്ല, അതിനു മുമ്പ് ആഗസ്റ്റ്- സപ്തംബര്‍ മാസസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നുണ്ട്. നിലവില്‍ ഒരേ ഗ്രൂപ്പിലാണ് ഇരുടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പുഘട്ടത്തില്‍ ആദ്യത്ത രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനായാല്‍ സൂപ്പര്‍ ഫോറിലും വീണ്ടും ഇന്ത്യ- പാക് പോരാട്ടം പ്രതീക്ഷിക്കാം.
സൂപ്പര്‍ ഫോറിലും കാലിടറാതെ മുന്നേറിയാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്വപ്ന ഫൈനലിനും ഏഷ്യാ കപ്പ് സാക്ഷിയാവും. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പിലാണ് അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്നു അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഇന്ത്യ നാലു വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു.