World Cup 2023: ആളും ആരവവുമില്ല, ഉദ്ഘാടന മത്സരം ഒഴിഞ്ഞ ഗ്യാലറയില്‍! രൂക്ഷ വിമര്‍ശനം
അഹമ്മദാബാദ്: കാത്തിരിപ്പിന് വിരാമമിട്ട് ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നിരിക്കുകയാണ്. 12 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യന്‍ മണ്ണില്‍ വീണ്ടുമൊരു ലോകകപ്പ് മത്സരം നടക്കുകയാണ്. അഹമ്മദാബാദില്‍ ഒരു ലക്ഷം ആളുകള്‍ക്ക് കാണാന്‍ സാധിക്കുന്ന സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മില്‍ മത്സരിക്കുകയാണ്.
ടോസ് നേടിയ ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ഭേദപ്പെട്ട തുടക്കവും ഇംഗ്ലണ്ടിന് ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്ക് ലോകകപ്പെത്തുമ്പോള്‍ ആഹ്ലാദവും ആവേശവുമെല്ലാം വാനോളമാണെങ്കിലും ബിസിസിഐക്ക് നാണക്കേടായിരിക്കുന്നത് ഒഴിഞ്ഞ ഗ്യാലറിയാണ്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാന്‍ വളരെ കുറച്ച് ആരാധകര്‍ മാത്രമാണ് ഗ്യാലറിയിലുണ്ടായിരുന്നത്. ഒരു ലക്ഷത്തോളം ആരാധകര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന മൈതാനമാണ് അഹമ്മദാബാദിലേത്.
ഇവിടെ വളരെ കുറച്ച് ആരാധകര്‍ മാത്രമാണ് കളി കാണാനെത്തിയത്. ഇതോടെ ഗ്യാലറിയില്‍ ആളില്ലാത്ത പ്രതീതിയാണുണ്ടായത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ ആവേശം ഗ്യാലറിയിലുണ്ടാക്കാന്‍ ബിസിസിഐ പരാജയപ്പെട്ടിരിക്കുകയാണ്. ഐപിഎല്ലായിരുന്നെങ്കില്‍ നിറഞ്ഞ ഗ്യാലറി സൃഷ്ടിക്കാന്‍ ബിസിസിഐ വലിയ താല്‍പര്യം കാട്ടുമായിരുന്നു. എന്നാല്‍ ലോകകപ്പിന്റെ കാര്യത്തില്‍ വേണ്ട താല്‍പര്യം ബിസിസിഐ കാട്ടിയില്ലെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
ആരാധകര്‍ എത്താത്തതിന് കാരണം ബിസിസിഐയുടെ കഴിവുകേടാണെന്നും ആരാധകര്‍ ആരോപിക്കുന്നു. ടിക്കറ്റ് വില്‍പ്പന സുതാര്യമല്ലെന്നും അതും ആരാധകരെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് ആരാധകര്‍ പറയുന്നത്. 2011ലെ ഏകദിന ലോകകപ്പിന് വലിയ പ്രചാരം നല്‍കുകയും ആരാധകരില്‍ ആവേശം സൃഷ്ടിക്കാന്‍ ബിസിസിഐ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു താല്‍പര്യം ബിസിസിഐ കാട്ടുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഇത് ഏറെക്കുറെ സത്യമാണെന്ന് പറയാം. ഇത്തവണ ഉദ്ഘാടന ചടങ്ങുകള്‍ പോലും നടത്തിയില്ല. ആരാധകരെ ആകര്‍ഷിക്കാന്‍ ലോകകപ്പിന് മുമ്പ് വിപുലമായ ഉദ്ഘാടന ചടങ്ങുകള്‍ നടത്തുന്നത് പതിവാണ്. എന്നാല്‍ ഇത്തവണ ലോകകപ്പിന് മുന്നോടിയായി ഉദ്ഘാടന ചടങ്ങുകളൊന്നും നടത്തിയിട്ടില്ല. വിപുലമായ ഉദ്ഘാടന ചടങ്ങുകളുണ്ടാവുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷം കാരണം വ്യക്തമാക്കാതെ പരിപാടികള്‍ ഒഴിവാക്കുകയായിരുന്നു.
ഐപിഎല്ലിനായി കോടികള്‍ പൊടിപൊടിക്കാന്‍ മടികാട്ടാത്ത ബിസിസിഐ ഇതേ ആവേശം ലോകകപ്പിന്റെ കാര്യത്തില്‍ കാട്ടാത്തത് നിരാശയുണ്ടാക്കുന്ന കാര്യമാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ജയ് ഷായ്‌ക്കെതിരേയും ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നു. ഇത്രയും നിറം മങ്ങിയ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ആളും ആരവുമില്ലാതെ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ഇന്ത്യയില്‍ നടക്കുന്നത് കാണുമ്പോള്‍ നിരാശയുണ്ടെന്നും ആരാധകര്‍ പ്രതികരിക്കുന്നു.
എന്തുകൊണ്ടാണ് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ റദ്ദാക്കിയതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഈ ചടങ്ങ് ഒഴിവാക്കിയതാണ് ആളുകളെ ഗ്യാലറിയിലേക്കുള്ള ഒഴുക്ക് കുറച്ചതെന്ന് നിസംശയം പറയാം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലോകകപ്പ് ട്രോഫി മത്സരത്തിന് മുമ്പ് മൈതാത്തിലേക്ക് എത്തിച്ചത്. ഇതിന് സാക്ഷിയായത് ചുരുക്കം ചില ആരാധകര്‍ മാത്രം.
അഹമ്മദാബാദ് മൈതാനത്തിലേക്ക് ആരാധകര്‍ എത്താന്‍ സാധ്യതയില്ലായിരുന്നെങ്കില്‍ കൂടുതല്‍ ആരാധകരെത്താന്‍ സാധ്യതയുള്ള മൈതാനത്ത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം സംഘടിപ്പിക്കണമായിരുന്നുവെന്നും ഇത്തരത്തില്‍ വലിയ മൈതാനത്ത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍ ഉദ്ഘാടന മത്സരം നടക്കുന്നത് വലിയ നാണക്കേടാണെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
ഇന്ത്യയുടെ മത്സരത്തിന് നിറഞ്ഞ ഗ്യാലറി തീര്‍ച്ചയായും പ്രതീക്ഷിക്കാം. എട്ടാം തീയ്യതി ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയിലാണ് ഈ മത്സരം നടക്കുന്നത്. ഇതിനോടകം ടിക്കറ്റുകളെല്ലാം വിറ്റുപോയതിനാല്‍ നിറഞ്ഞ ഗ്യാലറി ഉറപ്പാണ്. 14നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ഈ മത്സരം കാണാനും നിറഞ്ഞ ഗ്യാലറിയുണ്ടാവും. എന്നാല്‍ മറ്റ് മത്സരങ്ങള്‍ കാണാന്‍ തീരെ ആളില്ലാതെ വരുന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications