മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് സെമി ഫൈനല്‍ നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. സൂപ്പര്‍ പോരാട്ടത്തില്‍ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകമുള്ളത്. 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യയെ പുറത്താക്കിയ ടീമാണ് ന്യൂസീലന്‍ഡ്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യ പകരം വീട്ടുമോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഇപ്പോഴിതാ മത്സരത്തിന് മുമ്പ് അനുവാദം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യ പിച്ച് പരിശോധിച്ചുവെന്ന ആരോപണം ശക്തമാവുകയാണ്.
ഐസിസിയുടെ അനുവാദമില്ലാതെ ഇന്ത്യയുടെ നിര്‍ദേശ പ്രകാരം പിച്ചില്‍ മാറ്റം വരുത്തിയെന്ന ആരോപണം ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയാണ് വിവാദം പുകയുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ പിച്ചില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പരിശോധന നടത്തുന്ന ചിത്രം പുറത്തുവന്നിരുന്നു. ഐസിസിയുടെ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് പിച്ച് തയ്യാറാക്കുന്നത്. ഇതില്‍ മാറ്റം വരുത്തണമെങ്കില്‍ ഇവരുടെ അറിവോടെയായിരിക്കണം.
എന്നാല്‍ ബിസിസി ഐയുടെ ഇടപെടല്‍ മൂലം ഐസിസിയെ അറിയിക്കാതെ പിച്ചില്‍ മാറ്റം വരുത്തിയെന്ന ആരോപണമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. എന്നാല്‍ ഈ ആരോപണം ബിസിസി ഐ വൃത്തങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. 'വേദിയില്‍ ഐസിസിയുടെ നിര്‍ദേശം അനുസരിച്ചുള്ള പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലോകകപ്പിലെ എല്ലാ വേദികളും അങ്ങനെ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ബിസിസി ഐയുടെ പരിശോധനയും ഇതിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്.
ആതിഥേയ രാജ്യം സ്ലോ പിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനനുസരിച്ചുള്ള പിച്ചാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്'- ബിസിസി ഐ വൃത്തം പറഞ്ഞു. എന്നാല്‍ ഇന്ത്യ തങ്ങള്‍ക്ക് ആധിപത്യം നേടാന്‍ സഹായിക്കുന്ന തരത്തില്‍ പിച്ച് തയ്യാറാക്കാന്‍ ക്യൂറേറ്ററോട് ആവശ്യപ്പെട്ടെന്നാണ് വിവാദം ഉയരുന്നത്. ഇന്ത്യ ഇതുവരെ നോക്കൗട്ട് മത്സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ എന്ത് വിലകൊടുത്തും ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്.

ഇതിന്റെ ഭാഗമായി ഏക പക്ഷീയമായി പിച്ച് തയ്യാറാക്കിയിരുക്കുകയാണെന്നും ഇന്ത്യക്ക് തോല്‍വി ഭയമാണെന്നുമാണ് ആരോപണം ഉയരുന്നത്. ഇത്തവണ എല്ലാ മത്സരത്തിലും ഇന്ത്യയുടെ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ മാത്രമല്ല പേസര്‍മാരും മികവ് കാട്ടുന്നുണ്ട്. പേസര്‍മാരാണ് കൂടുതല്‍ മികവ് കാട്ടുന്നതെന്ന് പറയാം. അതുകൊണ്ടുതന്നെ സ്പിന്‍ പിച്ചൊരുക്കിയെന്ന ആരോപണത്തില്‍ കഴമ്പില്ല.
മുംബൈയിലെ പിച്ചില്‍ എല്ലാ ബൗളര്‍മാര്‍ക്കും തിളങ്ങാനാവും. സ്പിന്നിനും പേസിനും ഒരുപോലെ മികവ് കാട്ടാന്‍ സാധിക്കുന്ന പിച്ചാണ് മുംബൈയിലേത്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ മുംബൈയിലാവും. 300ലധികം സ്‌കോര്‍ ഇവിടെ പ്രവചിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആവശ്യ പ്രകാരം പ്രത്യേക പിച്ച് തയ്യാറാക്കിയതെന്ന ആരോപണത്തില്‍ വലിയ കാര്യമില്ലെന്ന് പറയാം. ഇന്ത്യയെപ്പോലെ തന്നെ മികച്ച ബൗളിങ് കരുത്ത് ന്യൂസീലന്‍ഡിനുമുണ്ട്.
പേസ് നിരയില്‍ ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ മികച്ച പേസര്‍മാരാണ്. മിച്ചല്‍ സാന്റ്‌നര്‍ എന്ന മികച്ച സ്പിന്നറും കിവീസിനുണ്ട്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്പിന്‍ ദൗര്‍ബല്യമുണ്ട്. അതുകൊണ്ടുതന്നെ സ്പിന്നിന് അമിത പിന്തുണയുള്ള പിച്ച് തയ്യാറാക്കാന്‍ ഇന്ത്യ ആവശ്യപ്പെടാന്‍ സാധ്യതയില്ല. അങ്ങനെ ചെയ്താല്‍ ഇന്ത്യ സ്വയം കുഴിയില്‍ വീഴുമെന്നുറപ്പ്. എന്നാല്‍ ഇന്ത്യ പിച്ചില്‍ അനുവാദമില്ലാതെ മാറ്റം വരുത്തിയെന്ന ആരോപണം ഇപ്പോഴും സജീവമായി എതിരാളികള്‍ ഉന്നയിക്കുന്നു.
ലീഗ് ഘട്ടത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസം രോഹിത്തിനും സംഘത്തിനുമുണ്ട്. ലീഗ് ഘട്ടത്തില്‍ എല്ലാ മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന മത്സരത്തിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം അത്ര മികച്ചതല്ലായിരുന്നു. ഇന്ത്യയെപ്പോലെ സംതുലിതമായ ടീമാണ് കിവീസും. അതുകൊണ്ടുതന്നെ ജയിക്കാന്‍ ഇന്ത്യ നന്നായി വിയര്‍ക്കേണ്ടി വരുമെന്നുറപ്പ്.