ഐസിസി ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ഉദ്ഘാടന മല്‍സരം ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് കഴിഞ്ഞതോടെയാണ് സ്‌കോര്‍ ബോര്‍ഡ് കണ്ട് ക്രിക്കറ്റ് ലോകം ഞെട്ടിയത്. കാരണം ഇംഗ്ലീഷ് നിരയില്‍ ബാറ്റ് ചെയ്ത 11 പേരും രണ്ടക്ക സ്‌കോര്‍ നേടിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രം നോക്കുകയാണെങ്കില്‍ മുമ്പൊരു ടീമിലെയും 11 പേരും രണ്ടക്ക സ്‌കോര്‍ കുറിച്ചിട്ടില്ലെന്നു കാണാം.
ലോകകപ്പില്‍ മാത്രമല്ല ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താലും നേരത്തേ മറ്റൊരു ടീമിനും സാധിക്കാത്ത അപൂര്‍വ്വനേട്ടത്തിനാണ് ഇംഗ്ലണ്ട് അവകാശികളായി മാറിയിരിക്കുന്നത്. ഇനിയൊരു പക്ഷെ ഏകദിനത്തില്‍ വീണ്ടുമൊരു ടീം ഈ നേട്ടം ആവര്‍ത്തിക്കുമോയെന്ന കാര്യവും സംശയമാണ്. അതുകൊണ്ടു തന്നെ നിലവിലെ ലോക ചാംപ്യന്മാര്‍ കൂടിയായ ഇംഗ്ലണ്ടിനു തീര്‍ച്ചയായും ഈ നേട്ടത്തില്‍ അഭിമാനിക്കാം.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെതിരേ ടോസ് നഷ്ടമായി ബാറ്റിങിനു അയക്കപ്പെട്ട ഇംഗ്ലണ്ട് ഒമ്പതു വക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ജോ റൂട്ടായിരുന്നു ഇംഗ്ലീഷ് ഇന്നിങ്‌സിലെ അമരക്കാരന്‍. 77 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. 86 ബോളുകള്‍ നേരിട്ട റൂട്ടിന്റെ ഇന്നിങ്‌സില്‍ നാലു ഫോറും ഒരു കിടിലന്‍ സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ് ലൈനപ്പില്‍ മറ്റാര്‍ക്കും ഫിഫ്റ്റിയില്ല.
43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ലറാണ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 42 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു ഇത്. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ 33 റണ്‍സും ലോകകപ്പില്‍ കന്നി മല്‍സരം കളിച്ച യുവതാരം ഹാരി ബ്രൂക്ക് 25 റണ്‍സും നേടി.
ഡേവിഡ് മലാന്‍ (14), മോയിന്‍ അലി (11), ലിയാം ലിവിങ്‌സ്റ്റണ്‍ (20), സാം കറെന്‍ (14), ക്രിസ് വോക്‌സ് (11), ആദില്‍ റഷീദ് (15*), മാര്‍ക്ക് വുഡ് (13*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

Screenshot
പേസര്‍ മാറ്റ് ഹെന്‍ട്രിയാണ് ന്യൂസിലാന്‍ഡ് ബൗളിങ് നിരയില്‍ ഏറ്റവും മികച്ചു നിന്നത്. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 48 റണ്‍സിനു അദ്ദേഹം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചെല്‍ സാന്റ്നറും ഗ്ലെന്‍ ഫിലിപ്‌സും രണ്ടു വിക്കറ്റ് വീതം പിഴുതപ്പോള്‍ ട്രെന്റ് ബോള്‍ട്ടിനും രചിന്‍ രവീന്ദ്രയ്ക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്പ്മാന്‍, മാറ്റ് ഹെന്‍ട്രി, മിച്ചെല്‍ സാന്റ്‌നര്‍, ജെയിംസ് നീഷാം, ട്രെന്റ് ബോള്‍ട്ട്.