For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ആറാടി ഇന്ത്യ, ഹീറോയായി ഷമി- ഇംഗ്ലണ്ടിനെ തകര്‍ത്ത് തലപ്പത്ത്

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയം സ്വന്തമാക്കി ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 100 റണ്‍സിനാണ് ആതിഥേയരായ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 9 വിക്കറ്റിന് 229 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ ഷമിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. കുല്‍ദീപ് യാദവ് രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. ആറാം ജയത്തോടെ 12 പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തി.

തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകള്‍ അവസാനിച്ചു. ആറ് മത്സരത്തില്‍ നിന്ന് അഞ്ച് മത്സരവും തോറ്റ ഇംഗ്ലണ്ട് നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇനി മൂന്ന് മത്സരം ശേഷിക്കെ ഇംഗ്ലണ്ട് സെമി കാണില്ലെന്നുറപ്പ്. ലോകകപ്പിലെ ആദ്യ ഏഴ് സ്ഥാനക്കാര്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള യോഗ്യത നേടുമെന്നിരിക്കെ ഇംഗ്ലണ്ടിന്റെ കാര്യം സംശയത്തിലായിരിക്കുകയാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ഇത്തവണ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനെ (9) ഇന്ത്യക്ക് നഷ്ടമായി. 13 പന്ത് നേരിട്ട് 1 ബൗണ്ടറി നേടിയ താരത്തെ ക്രിസ് വോക്‌സ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഗംഭീര ഫോമിലുണ്ടായിരുന്ന വിരാട് കോലി ഡെക്കിന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 9 പന്ത് നേരിട്ട കോലി ക്രീസില്‍ നിന്ന് കയറി ഷോട്ട് കളിച്ചപ്പോള്‍ ടൈമിങ് പിഴച്ചു.

ഡേവിഡ് വില്ലിയുടെ സ്ലോബോളില്‍ കോലി ബെന്‍ സ്‌റ്റോക്‌സിന് ക്യാച്ച് നല്‍കി മടങ്ങി. ശ്രേയസ് അയ്യര്‍ രക്ഷകനാവുമെന്ന് തോന്നിപ്പിച്ചെങ്കിലും പതിവ് പിഴവ് ആവര്‍ത്തിച്ചു. 16 പന്ത് നേരിട്ട് 4 റണ്‍സെടുത്ത ശ്രേയസിനെ ക്രിസ് വോക്‌സ് ഷോര്‍ട്ട് ബോള്‍ കെണിയില്‍ പെടുത്തുകയായിരുന്നു. വലിയ ഷോട്ടിന് ശ്രമിച്ച ശ്രേയസിനെ മാര്‍ക്ക് വുഡാണ് കൈയിലൊതുക്കിയത്. ശ്രേയസ് പുറത്താവുമ്പോള്‍ 40 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു ഇന്ത്യ.

kuldeep yadav

വലിയ ദുരന്തത്തിലേക്ക് ഇന്ത്യ പോകുമെന്ന് തോന്നിപ്പിച്ചെങ്കിലും നാലാം വിക്കറ്റിലെ രോഹിത് ശര്‍മ (87) കെ എല്‍ രാഹുല്‍ (39) കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്തായി. 58 പന്ത് നേരിട്ട് 3 ബൗണ്ടറികള്‍ ഉള്‍പ്പെടെ മികച്ച ഫോമില്‍ പോവുകയായിരുന്ന രാഹുലിനെ പുറത്താക്കി വില്ലിയാണ് കൂട്ടുകെട്ട് പൊളിച്ചത്. വലിയ ഷോട്ടിന് ശ്രമിച്ച രാഹുലിന് ടൈമിങ് പിഴച്ചപ്പോള്‍ ജോണി ബെയര്‍‌സ്റ്റോ പന്ത് കൈയിലാക്കി. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് രാഹുലിന്റെ മടക്കം.

എന്നാല്‍ ഒരുവശത്ത് രോഹിത് റണ്‍സുയര്‍ത്തി. എന്നാല്‍ 101 പന്തില്‍ 10 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 87 റണ്‍സ് നേടിയ രോഹിത്തിനെ ആദില്‍ റഷീദ് പുറത്താക്കി. ഗൂഗ്ലിയില്‍ വലിയ ഷോട്ടിന് ശ്രമിച്ച രോഹിത്തിനെ ലിയാം ലിവിങ്‌സ്റ്റണ്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. രവീന്ദ്ര ജഡേജ (8) നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവ് നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. 47 പന്തില്‍ 49 റണ്‍സാണ് സൂര്യ നേടിയത്. 4 ഫോറും 1 സിക്‌സുമാണ് അദ്ദേഹം പറത്തിയത്.

മുഹമ്മദ് ഷമി (1) പെട്ടെന്ന് മടങ്ങിയപ്പോള്‍ ജസ്പ്രീത് ബുംറയും (16) കുല്‍ദീപ് യാദവും (9*) നിര്‍ണ്ണായക റണ്‍സ് ടീമിനോട് ചേര്‍ത്തു. ഇതോടെ 50 ഓവറില്‍ 9 വിക്കറ്റിന് 229 എന്ന ഭേദപ്പെട്ട സ്‌കോര്‍ ഇന്ത്യ ഒപ്പിച്ചു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നും ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ രണ്ടും മാര്‍ക്ക് വുഡ് ഒരു വിക്കറ്റുമാണ് നേടിയത്.

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കം മുതല്‍ ഇന്ത്യ വിറപ്പിച്ചു. ഒന്നാം വിക്കറ്റില്‍ 30 റണ്‍സെത്തിയപ്പോള്‍ ഡേവിഡ് മലാനെ (16) ജസ്പ്രീത് ബുംറ ക്ലീന്‍ബൗള്‍ഡ് ചെയ്തു. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോ റൂട്ടിനെ ബുംറ ഗോള്‍ഡന്‍ ഡെക്കാക്കി. നേരിട്ട ആദ്യ പന്തില്‍ റൂട്ട് എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. തീരുമാനം റിവ്യൂ ചെയ്‌തെങ്കിലും തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഒരേ ഓവറില്‍ രണ്ട് പ്രഹരമാണ് ബുംറ ഇംഗ്ലണ്ടിന് നല്‍കിയത്.

engalnd

പിന്നാലെ മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു. ഇംഗ്ലണ്ടിന്റെ നെടുന്തൂണായ ബെന്‍ സ്‌റ്റോക്‌സിനെ (0) അക്കൗണ്ട് തുറക്കും മുമ്പ് ഷമി ക്ലീന്‍ബൗള്‍ഡ് തെയ്തു. ഒരുവശത്ത് പിടിച്ചുനിന്ന ജോണി ബെയര്‍‌സ്റ്റോയെയും (14) ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ 4ന് 39 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ 23 പന്ത് നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. എന്നാല്‍ കുല്‍ദീപ് യാദവിനെ കളത്തിലിറക്കിയ രോഹിത് 10 റണ്‍സില്‍ ഇംഗ്ലണ്ട് നായകനെ പുറത്താക്കി.

കുല്‍ദീപിന്റെ മാസ്മരിക പന്തില്‍ ബട്‌ലര്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. മോയിന്‍ അലി (15) ലിയാം ലിവിങ്‌സ്റ്റണ്‍ കൂട്ടുകെട്ട് ഇന്ത്യക്ക് ഭീഷണിയാവുമെന്ന് തോന്നിക്കവെ രക്ഷകനായി ഷമിയെത്തി. ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തിയ പന്തില്‍ ബാറ്റുവെച്ച മോയിന്‍ അലി കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി. രവീന്ദ്ര ജഡേജയെ (10) ക്രീസില്‍ നിന്ന് കയറി കളിക്കാനുള്ള ക്രിസ് വോക്‌സിന്റെ (10) ശ്രമം പാളി. സ്റ്റംപ് ചെയ്ത് രാഹുല്‍ പുറത്താക്കി.

ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയായിരുന്ന ലിയാം ലിവിങ്സ്റ്റണെ (27) കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുടുക്കിയതോടെ ഇന്ത്യ ജയമുറപ്പിച്ചു. ആദില്‍ റഷീദിനെ (13) ഷമി ക്ലീന്‍ബൗള്‍ഡാക്കിയപ്പോള്‍ മാര്‍ക്ക് വുഡിനെ (0) ക്ലീന്‍ബൗള്‍ഡാക്കി ബുംറ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിപ്പിച്ചു. 34. ഓവറില്‍ 129 റണ്‍സിലാണ് ഇംഗ്ലണ്ട് ഓള്‍ഔട്ടായത്.

പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട്-ജോണി ബെയര്‍‌സ്റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ (c), ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

Story first published: Sunday, October 29, 2023, 12:03 [IST]
Other articles published on Oct 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+