ധര്‍മശാല: ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തിലേറ്റ വന്‍ പരാജയത്തിന്റെ പേരില്‍ തങ്ങളെ എഴുതിത്തള്ളിയവരുടെ വായടപ്പിച്ച് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന്റെ ഗംഭീര തിരിച്ചുവരവ്. ധര്‍മശാലയില്‍ നടന്ന തികച്ചും ഏകപക്ഷീയമായ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 137 റണ്‍സിനു ഇംഗ്ലണ്ട് കെട്ടുകെട്ടിക്കുകയായിരുന്നു. ഇതോടെ നൂസിലാന്‍ഡിനോടേറ്റ വന്‍ തോല്‍വിയുടെ ക്ഷീണം അവര്‍ തീര്‍ക്കുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട ഇംഗ്ലണ്ട് 365 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ബംഗ്ലാദേശിനു നല്‍കിയത്. ഈ സ്‌കോര്‍ ബംഗ്ലാ കടുവകള്‍ക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. 48.2 ഓവറില്‍ 227 റണ്‍സില്‍ അവരുടെ പോരാട്ടം അവസാനിച്ചു. 10 ഓവറിനുള്ളില്‍ തന്നെ നാലു വിക്കറ്റിനു 49ലേക്കു വീണ അവര്‍ക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു.

അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച ഓപ്പണര്‍ ലിറ്റണ്‍ ദാസ് 76 റണ്‍സുമായി ടോപ്‌സ്‌കോററായി മാറി. 66 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമായിരുന്നു മറ്റൊരു പ്രധാന സ്‌കോറര്‍. 64 ബോളില്‍ അദ്ദേഹം നാലു ഫോറുകളടിച്ചു.
നാലു വിക്കറ്റുകളെടുത്ത ഇടംകൈയന്‍ പേസര്‍ റീസ്സ് ടോപ്പ്‌ലെയാണ് ബംഗ്ലാദേശിന്റെ അന്തകനായത്. ആദ്യത്തെ മല്‍സരം നഷ്ടമായ ടോപ്പ്‌ലേയെ ഈ കളിയിയില്‍ ഇംഗ്ലണ്ട് തിരിച്ചവിളിക്കുകയായിരുന്നു. 10 ഓവറില്‍ ഒരു മെയ്ഡനടക്കം 43 റണ്‍സിനു നാലു വിക്കറ്റുകളുമായി അദ്ദേഹം ബൗളിങില്‍ ടീമിന്റെ കുന്തമുനയായി മാറുകയും ചെയ്തു. ക്രിസ് വോക്‌സിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.
നേരത്തേ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് മലാന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും മുന്‍ നായകന്‍ ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ ഫിഫ്റ്റികളുമായിരുന്നു ഇംഗ്ലണ്ടിനെ വന്‍ ടോട്ടലിലെത്തിച്ചത്. മലാന്‍ 107 ബോളില്‍ വാരിക്കൂട്ടിയത് 140 റണ്‍സായിരുന്നു. 16 ഫോറുകളും അഞ്ചു സിക്‌സറുമടക്കമായിരുന്നു ഇത്.
കിവീസുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത റൂട്ട് ഈ കളിയിലും മോശമാക്കിയില്ല. 68 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടക്കം 82 റണ്‍സ് അദ്ദേഹം നേടി. ബെയര്‍സ്റ്റോ 59 ബോളില്‍ എട്ടു ഫോറുകളടക്കം 52 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. ഇംഗ്ലണ്ട് നിരയില്‍ മറ്റാരും 20ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല.

ആഗ്രഹിച്ച തുടക്കമായിരുന്നു ഈ കളിയില്‍ ഓപ്പണിങ് ജോടികളായ മലാന്‍- ബെയര്‍സ്റ്റോ സഖ്യം ഇംഗ്ലണ്ടിനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 115 റണ്‍സാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത്. രണ്ടാം വിക്കറ്റില്‍ മലാന്‍- റൂട്ട് ജോടി 151 റണ്‍സിന്റെ മറ്റൊരു വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 250 കടന്നു.
38ാം ഓവറില്‍ മലാനെ പുറത്താക്കിയാണ് ബംഗ്ലാദേശ് കളിയിലേക്കു തിരികെ വന്നത്. അവസാന 10 ഓവറുകളില്‍ ഉജ്ജ്വല ബൗളിങായിരുന്നു ബംഗ്ലാദേശ് കാഴ്ചവച്ചത്. ആറു വിക്കറ്റുകളണ് അവര്‍ 10 ഓവറില്‍ പിഴുതത്. എങ്കിലും ഇംഗ്ലണ്ടിനു സ്‌കോര്‍ 364 വരെയെത്തിക്കാന്‍ സാധിച്ചു. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ഷൊരിഫുല്‍ ഇസ്ലാമിനു മൂന്നു വിക്കറ്റും ലഭിച്ചു.
ടോസിനു ശേഷം ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്വിബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒാരോ മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഇറങ്ങിയത്. മോയിന്‍ അലിക്കു പകരം റീസ്സ് ടോപ്പ്‌ലെ ഇംഗ്ലണ്ട് ടീമിലേക്കു വന്നപ്പോള്‍ മഹമ്മുദുള്ളയ്ക്കു പകരം മെഹ്ദി ഹസനെയും ബംഗ്ലദേശ് കളിപ്പിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബ്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, സാം കറെന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, റീസ്സ് ടോപ്പ്‌ലെ.
ബംഗ്ലാദേശ്- തന്‍സിദ് തമീം, ലിറ്റണ്‍ ദാസ്, മെഹ്ദി ഹസന്‍ മിറാസ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഷാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), തൗഹിദ് റിദോയ്, മെഹ്ദി ഹസന്‍, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), ടസ്‌കിന്‍ അഹമ്മദ്, ഷൊരിഫുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍.