ഐസിസിയുടെ ഏകദിന ലോകകപ്പിന് ഇനി കഷ്ടിച്ച് ഒരു മാസം മാത്രം ശേഷിക്കെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇന്ത്യയിലേക്കാണ്. അതിനിടെ ടൂര്‍ണമെന്റില്‍ ആരാവും റണ്‍വേട്ടയില്‍ മുന്നിലെത്തുകയെന്നു പ്രവചിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്.
ലോകകപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും പ്രവചനങ്ങളുമെല്ലാം ഇപ്പോള്‍ ചൂടുപിടിച്ചിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് ക്രിക്കറ്റിലെ ഏറ്റവും വലിയ മാമാങ്കമെന്നു വിശേഷിപ്പിക്കപ്പെടുന്ന ലോകകപ്പിനു ആരവമുയരുന്നത്. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും കരുത്തരായ ന്യൂസിലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മല്‍സരം. 2019ലെ അവസാന എഡിഷനിലെ കലാശപ്പോരിന്റെ റീപ്ലേ കൂടിയാണിത്. അന്നു ടൈയില്‍ കലാശിച്ച സൂപ്പര്‍ ത്രില്ലറിനൊടുവിലായിരുന്നു ഇംഗ്ലണ്ട് വിശ്വവിജയികളായത്.

നവംബര്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 10 ടീമുകളാണ് ലോക കിരീടത്തിനായി പോരടിക്കുക. റൗണ്ട്- റോബിന്‍ രീതിയിലാണ് മല്‍സരങ്ങള്‍. അതുകൊണ്ടു തന്നെ ഓരോ ടീമിനും ഒമ്പതു മല്‍സരങ്ങള്‍ വീതമുണ്ടാവും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക.
ആധുനിക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെയെല്ലാം ദേശീയ ടീമിന്റെ ജഴ്‌സികളില്‍ ഇത്തവണത്തെ ലോകകപ്പില്‍ നമുക്കു കാണാന്‍ സാധിക്കും. ഇന്ത്യയുടെ ഇതിഹാസങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം, സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് തുടങ്ങിയവരെല്ലാം എടുത്തു പറയേണ്ട താരങ്ങളാണ്. പക്ഷെ ഇവരാരുമാവില്ല ലോകകപ്പിലെ റണ്‍വേട്ടക്കാരനെന്നാണ് കാലിസിന്റെ പ്രവചനം.
ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറായിരിരിക്കും ലോകകപ്പിലെ ടോപ്‌സ്‌കോററെന്നാണ് കാലിസിന്റെ പ്രവചനം. ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍മെഷീന്‍ കൂടിയായ അദ്ദേഹം ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടുകളിലൊന്ന് കൂടിയാണ്. ലോകകപ്പുമായി ബന്ധപ്പെട്ട് ഐസിസി പുറത്തിറക്കിയ വീഡിയോയിലാണ് ബട്‌ലറെ ടോപ്‌സ്‌കോററായി കാലിസ് തിരഞ്ഞെടുത്തിരിക്കുന്നത്.
ജോസ് ബട്‌ലറായിരിക്കും വരാനിരിക്കുന്ന ലോകകപ്പിലെ ടോപ്‌സ്‌കോററെന്നു ഞാന്‍ കരുതുന്നു. ബാഹ്യമായ ഒരു കോളാണിത്, പക്ഷെ ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ബട്‌ലര്‍ക്കും ഇംഗ്ലണ്ട് ടീമിനും ഇതു മികച്ചൊരു ലോകകപ്പായിരിക്കുമെന്നു ഞാന്‍ കരുതുന്നു. ബട്‌ലറായിരിക്കും ഈ ലോകകപ്പില്‍ വേറിട്ടു നില്‍ക്കുന്ന താരമെന്നു താന്‍ പ്രതീക്ഷിക്കുന്നതായും കാലിസ് വ്യക്തമാക്കി.

ഇന്ത്യയില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള ക്രിക്കറ്ററാണ് ബട്‌ലര്‍. ദീര്‍ഘകാലമായി ഐപിഎല്ലില്‍ കളിക്കുന്നതിനാല്‍ അദ്ദേഹത്തിനു ഇവിടുത്തെ പിച്ചുകളെപ്പറ്റി വളരെ നന്നായി അറിയാം. ഐപിഎല്ലില്‍ ഇതിനകം 96 മല്‍സരങ്ങളില്‍ നിന്നും 3223 റണ്‍സ് ബട്‌ലര്‍ അടിച്ചെടുത്തു കഴിഞ്ഞു.
38നടുത്ത് ശരാശരിയും 148ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. അഞ്ചു സെഞ്ച്വറികളും 19 ഫിഫ്റ്റികളും ബട്‌ലര്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബാറ്റര്‍മാരുടെ നിരയിലാണ് ബട്‌ലറുടെ സ്ഥാനം.
ഇതിനകം 165 ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞ അദ്ദേഹം 41.9 ശരാശരിയില്‍ 4647 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 11 സെഞ്ച്വറിളും 24 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. എന്നാല്‍ ഏകദിനത്തില്‍ ബട്‌ലറുടെ ഇന്ത്യയിലെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. ഇവിടെ എട്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 11.85 ശരാശരിയില്‍ നേടാനായത് 83 റണ്‍സ് മാത്രം. ഒരു ഫിഫ്റ്റി പോലും ബട്‌ലറിനു ഇവിടെ ഏകദിനത്തില്‍ കുറിക്കാനുമായിട്ടില്ല.