World Cup 2023: പാക് ടീം അബദ്ധം കാട്ടി! ഇന്ത്യയത് ആവര്‍ത്തിക്കരുത്- മുന്നറിയിപ്പുമായി ശാസ്ത്രി
മുംബൈ: ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള മുന്നൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്നുകഴിഞ്ഞു. ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന ലോകകപ്പിലൂടെ 10 വര്‍ഷത്തെ ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിടാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. ഇത്തവണ ലോകകപ്പ് നേടാന്‍ ഇന്ത്യക്ക് അനുകൂലമായ നിരവധി കാര്യങ്ങളുണ്ട്.
എന്നാല്‍ ഇന്ത്യക്ക് ആശങ്കയുയര്‍ത്തുന്നത് പരിക്കാണ്. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നീ നാല് സൂപ്പര്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. ലോകകപ്പിന് മുമ്പായി ഇവര്‍ക്കെല്ലാം തിരിച്ചുവരവ് നടത്താനാവുമെന്ന പ്രതീക്ഷ ഇന്ത്യക്കുണ്ട്. എന്നാല്‍ ഇതില്‍ പലര്‍ക്കും ലോകകപ്പിന് മുമ്പ് തിരിച്ചുവരവ് പ്രയാസമാണെന്നതാണ് വസ്തുത. ഇതില്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.
ബുംറ ലോകകപ്പിലൂടെ തിരിച്ചുവരവ് നടത്തിയാല്‍ ഫോമിലേക്കെത്താനും മികച്ച പ്രകടനം നടത്താനും പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ ലോകകപ്പിന് മുമ്പായി ബുംറയെ കളിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കേണ്ടതായുണ്ട്. ബുംറയില്ലാത്ത ഇന്ത്യന്‍ ബൗളിങ് നിര ദുര്‍ബലമായിരിക്കുമെന്നുറപ്പ്. എന്നാല്‍ ബുംറയെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താതെ കളിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ടീമിന് വിപരീത ഫലമുണ്ടാക്കും.
ലോകകപ്പിനായി ബുംറയെ തിരക്കിട്ട് ഫിറ്റ്‌നസിലേക്കെത്തിക്കാന്‍ ശ്രമിച്ചാല്‍ ഏറെ നാളത്തേക്ക് കളിക്കാനാവാത്ത വിധം വീണ്ടും താരത്തിന് പരിക്കേറ്റേക്കും. അതുകൊണ്ടുതന്നെ ബുംറയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും പാകിസ്താന്‍ ഷഹീന്‍ ഷാ അഫ്രീദിയെ തിരക്കുപിടിച്ച് ലോകകപ്പ് കളിപ്പിച്ചതുപോലെ ഇന്ത്യ ബുംറയോട് ചെയ്യരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി.

'ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസിനാണ് പ്രാധാന്യം നല്‍കേണ്ടത്. ലോകോത്തര താരമാണവന്‍. ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളായതിനാല്‍ ലോകകപ്പില്‍ അവനെ കളിപ്പിക്കാന്‍ തിരക്കുകാട്ടരുത്. അങ്ങനെ ചെയ്താല്‍ ലോകകപ്പ് ആരംഭിച്ച് നാല് മാസത്തിന് ശേഷം അവനെ നഷ്ടമാവും. ഷഹീന്‍ ഷാ അഫ്രീദിക്ക് സംഭവിച്ചതുപോലെയാവും. 2022ലെ ടി20 ലോകകപ്പില്‍ പാകിസ്താന്‍ ഷഹീനെ നിര്‍ബന്ധിച്ച് കളിപ്പിച്ചു. ഇതിന് ശേഷം നാല് മാസത്തോളം അവന് പുറത്തിരിക്കേണ്ടി വന്നു'- ശാസ്ത്രി പറഞ്ഞു.
ബുംറ വരാനിരിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുമെന്നാണ് വിവരം. നിലവില്‍ ബുംറ പരിശീലനം നടത്തുന്നുണ്ട്. ലോകകപ്പിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ താരത്തിനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വേഗത്തില്‍ ബുംറ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ബുംറക്ക് അധികം പ്രശ്‌നങ്ങളില്ലാതെ തന്നെ കളിക്കാനായേക്കും.
ബുംറയെ ലോകകപ്പ് കളിക്കാന്‍ ഇന്ത്യ ശക്തമായി ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. കാരണം ഇന്ത്യയുടെ വജ്രായുധമെന്ന് വിളിക്കാവുന്ന ബൗളറാണ് ബുംറ. ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ ബുംറയില്ലാതെ പോയാല്‍ ടീമിന്റെ ലോകകപ്പ് കിരീട സാധ്യതയും അത് കുറക്കും. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും ബുംറയെ ലോകകപ്പ് കളിപ്പിക്കാനാവും ഇന്ത്യ ആഗ്രഹിക്കുകയെന്നുറപ്പ്.
'പരിക്കേറ്റ താരം തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതായുണ്ട്. തിടുക്കം കാട്ടി വലിയ കരിയര്‍ നശിപ്പിക്കണമോയെന്ന് അവര്‍ ചിന്തിക്കണം. ഇന്ത്യന്‍ ടീമിലേക്ക് നോക്കുമ്പോള്‍ പരിചയസമ്പന്നരായ ബൗളര്‍മാരായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമുണ്ട്. ഇന്ത്യയിലാണ് ലോകകപ്പെന്നതിനാല്‍ പേസര്‍മാരെക്കാള്‍ സ്പിന്നര്‍മാര്‍ക്കാണ് പ്രാധാന്യം. ജഡ്ഡുവും അക്ഷറും ചഹാലും കുല്‍ദീപുമെല്ലാമുണ്ട്. അതുകൊണ്ടുതന്നെ ആവശ്യത്തിന് ബൗളിങ് കരുത്ത് ഇന്ത്യക്കുണ്ട്'- ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ബുംറയുടെ മടങ്ങിവരവ് വലിയ തലവേദനയാവാന്‍ സാധ്യത കുറവാണ്. എന്നാല്‍ റിഷഭ് പന്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് ആശങ്കകളുണ്ട്. കാര്‍ അപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലുള്ള റിഷഭിന് ലോകകപ്പിലൂടെ തിരിച്ചുവരവ് നടത്താനാവുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ റിഷഭ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുമോയെന്ന കാര്യം സംശയമാണ്. ഇപ്പോള്‍ നടക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കെ റിഷഭിന് മടങ്ങിവരവ് കടുപ്പമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications