World Cup 2023: ഇന്ത്യ എന്തിനിത് ചെയ്യുന്നു? അനാവശ്യ കാര്യം! മുന്നറിയിപ്പുമായി വസിം അക്രം
മുംബൈ: ഇടവേളക്ക് ശേഷം ഏഷ്യാ കപ്പിലെ രാജാക്കന്മാരായിരിക്കുകയാണ് ഇന്ത്യ. ആവേശ ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ രാജകീയമായി ഏഷ്യയിലെ ചാമ്പ്യന്മാരായത്. മുഹമ്മദ് സിറാജ് ആറ് വിക്കറ്റുകളുമായി ആറാടിയ മത്സരത്തില്‍ 15.2 ഓവറില്‍ 50 റണ്‍സിനാണ് ശ്രീലങ്ക കൂടാരം കയറിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. ശ്രീലങ്കന്‍ നിരയില്‍ 2 പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. അഞ്ച് പേരാണ് ഡെക്കിന് പുറത്തായത്.
മുഹമ്മദ് സിറാജ് ഒരോവറില്‍ നാല് വിക്കറ്റുകളടക്കം വീഴ്ത്തി നടത്തിയ അത്ഭുത പ്രകടനമാണ് ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇനി ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ഇന്ത്യ ഏകദിന ലോകകപ്പിന് പ്രഖ്യാപിച്ച അതേ ടീമിനെത്തന്നെ ഇറക്കാനാണ് സാധ്യത. എന്നാല്‍ അക്ഷര്‍ പട്ടേലിന് പരിക്കേറ്റ സാഹചര്യത്തില്‍ പകരക്കാരായി മറ്റ് രണ്ട് പേരെ പരിഗണിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയെ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും ഇപ്പോള്‍ അനാവശ്യമാണ് ഈ പരമ്പരയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് ഇതിഹാസ പേസറും അവതാരകനുമായ വസിം അക്രം. 'നിരവധി പരമ്പരകള്‍ കളിച്ചാണ് ഇന്ത്യ വരുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ചു, അയര്‍ലന്‍ഡില്‍ കളിച്ചു, ശ്രീലങ്കയില്‍ കളിച്ചു. ലോകകപ്പിന് മുമ്പ് താരങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത്തരമൊരു ഏകദിന പരമ്പര ഇന്ത്യ കളിക്കുന്നതെന്ന് എനിക്കറിയില്ല. കുറച്ചുനാള്‍ മുമ്പായിരുന്നെങ്കില്‍ കുഴപ്പമില്ല. ഇപ്പോഴിത് അനാവശ്യമാണ്. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിന് മുമ്പ് താരങ്ങളെ കളിപ്പിച്ച് മടുപ്പിക്കരുത്. തട്ടകത്തില്‍ നടക്കുന്ന ലോകകപ്പാണെന്നും ഇന്ത്യയാണ് ഫേവറേറ്റുകളെന്നും മറന്നുപോകരുത്. ഇന്ത്യക്ക് ചില താരങ്ങളെക്കൂടി ലോകകപ്പ് ടീമിലേക്ക് വേണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അവരെ ഓസീസ് പരമ്പരയിലേക്ക് പരിഗണിക്കുക'-അക്രം പറഞ്ഞു.

അക്ഷര്‍ പട്ടേലിന്റെ പരിക്ക് ഇന്ത്യക്ക് തലവേദനയായിട്ടുണ്ട്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ജസ്പ്രീത് ബുംറയുമെല്ലാം പരിക്കില്‍ നിന്ന് മോചിതരായി മടങ്ങിയെത്തിയപ്പോഴും അക്ഷര്‍ പട്ടേലിന് അപ്രതീക്ഷിതമായി പരിക്കേല്‍ക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ് അക്ഷറിന് ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് സൂചന. അക്ഷറിന് പകരം ഇന്ത്യ വാഷിങ്ടണ്‍ സുന്ദറിനെ ഏഷ്യാ കപ്പ് ഫൈനലിനുള്ള ടീമിലേക്ക് വിളിക്കുകയും പ്ലേയിങ് 11 ഇടം നല്‍കുകയും ചെയ്തിരുന്നു.
സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുമെന്ന സൂചനയും രോഹിത് ശര്‍മ നല്‍കിയിട്ടുണ്ട്. സഞ്ജു സാംസണെ തഴഞ്ഞ് തിലക് വര്‍മയെ ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കുന്നതിനെപ്പറ്റിയും ഇന്ത്യ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓസീസ് പരമ്പര കളിക്കുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇന്ത്യയുടെ താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കേണ്ടതായുണ്ട്.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് തൊട്ടടുത്ത ദിവസം ബംഗ്ലാദേശിനോട് കളിച്ചപ്പോള്‍ ഇന്ത്യ തോറ്റിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നം ഇന്ത്യയെ കാര്യമായി ബാധിച്ചേക്കും. ഇന്ത്യയുടെ പല താരങ്ങളും പരിക്കിന് ശേഷം മടങ്ങിവരുന്നവരാണ്. അതുകൊണ്ടുതന്നെ തുടര്‍ച്ചയായി കളിക്കുന്നത് വീണ്ടും പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തും. രാഹുല്‍, ശ്രേയസ്, ബുംറ എന്നിവരുടെ ഫിറ്റ്‌നസില്‍ ഇന്ത്യ കാര്യമായ ശ്രദ്ധ നല്‍കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിട്ടേക്കും.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കും വിശ്രമം അനിവാര്യമാണ്. ലോകകപ്പിന് മുമ്പ് മാനസികമായും ശാരീരികമായും താരങ്ങള്‍ക്ക് വിശ്രമം നല്‍കണം. ഓസീസ് പരമ്പരക്ക് ശേഷം 10 ദിവസത്തില്‍ താഴെയാണ് താരങ്ങള്‍ക്ക് ഇടവേള ലഭിക്കുന്നത്. അപ്പോഴേക്കും ഏകദിന ലോകകപ്പ് ആരംഭിക്കും. അതുകൊണ്ടുതന്നെ ഓസീസ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അമിത ജോലിഭാരം നല്‍കുന്നതാണ്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications