മുംബൈ: ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്നാം വാരം പിന്നിടവെ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവുന്നില്ലെന്നതാണ് വസ്തുത. ഇത്തവണ കൂടുതല്‍ പേരും പ്രവചിച്ചത് ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ഓസ്‌ട്രേലിയ ടീമുകള്‍ സെമി കളിക്കുമെന്നാണ്. എന്നാല്‍ പാകിസ്താന്റെയും ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടേയും പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താന്‍ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ലോകകപ്പിലേക്കെത്തിയിരിക്കുന്നത്.
എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ആദ്യത്തെ നാല് മത്സരത്തില്‍ 2 ജയവും 2 തോല്‍വിയുമാണ് പാകിസ്താന്‍ നേരിട്ടത്. ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും പാകിസ്താന്‍ തോറ്റുവെന്നതാണ് എടുത്തു പറയേണ്ടത്. ബാബര്‍ ആസം നയിക്കുന്ന പാക് നിര പ്രതീക്ഷക്കൊത്ത കുതിപ്പല്ല കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ സാധിക്കില്ലെങ്കില്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് വരരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് എസ് ശ്രീശാന്ത്.
2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ശ്രീശാന്ത് പാകിസ്താന്റെ പ്രകടനത്തെ പരിഹസിച്ചത് വൈറലായിരിക്കുകയാണ്. ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ കാണികളെ വിമര്‍ശിച്ചാണ് പാകിസ്താന്‍ ടീം ഡയറക്ടറായ മിക്കി ആര്‍തര്‍ സംസാരിച്ചത്. ഐസിസി ടൂര്‍ണമെന്റായി തോന്നിയില്ലെന്നും ബിസിസിഐ നടത്തുന്ന ബൈലാട്രല്‍ പരമ്പരയായാണ് തോന്നിയതെന്നുമാണ് ആര്‍തര്‍ പറഞ്ഞത്. ഇതിനോട് പ്രതികരിക്കവെയാണ് ശ്രീശാന്ത് പാക് ടീമിനെ പരിഹസിച്ചത്.
'നന്നായി കളിച്ചാല്‍ ഏത് ടീമിനും ആരാധകരുടെ അഭിനന്ദനം ലഭിക്കും. എന്നാല്‍ മികവ് കാട്ടാന്‍ സാധിച്ചില്ലെങ്കില്‍ വിമര്‍ശനം നേരിടേണ്ടി വരും. ഒരു ടീമെന്ന നിലയില്‍ കളിക്കുമ്പോള്‍ വിമര്‍ശനം നേരിടാന്‍ തയ്യാറാവണം. മഹി ഭായ് (എംഎസ് ധോണി) എപ്പോഴും നിങ്ങള്‍ പദ്ധതികള്‍ വിശ്വസിക്കണമെന്ന് പറയുമായിരുന്നു. കാരണം സമ്മര്‍ദ്ദം എപ്പോഴും അവിടെയുണ്ടാവും. സമ്മര്‍ദ്ദം നേരിടാന്‍ കഴിവില്ലെങ്കില്‍ ഇന്ത്യയിലേക്ക് വരരുത്. കഴിയുന്നതും വേഗം നിങ്ങള്‍ക്ക് തിരിച്ചുപോകാം. നിങ്ങള്‍ അങ്ങനെയാണ് കളിക്കുന്നത്' - സ്‌പോര്‍ട്‌സ് കീഡയില്‍ സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു.

പാകിസ്താന്റെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന തരത്തില്‍ ടീം തകര്‍ന്നിട്ടില്ല. നാല് പോയിന്റുകളുമായി സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകിസ്താന് സാധിച്ചിട്ടുണ്ട്. ബാബര്‍ ആസം മികച്ച ഫോമില്‍ കളിക്കാത്തതാണ് പാകിസ്താന്റെ പ്രധാന പ്രശ്‌നം. മുഹമ്മദ് റിസ്വാന്‍ സ്ഥിരതയോടെ കളിക്കുന്നു. നിലവിലെ റണ്‍വേട്ടക്കാരില്‍ റിസ്വാനാണ് തലപ്പത്ത്. എന്നാല്‍ പാകിസ്താന്റെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല.
പേസ് നിരയില്‍ ഷഹീന്‍ ഷാ അഫ്രീദി തിളങ്ങുന്നു. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ കാഴ്ചവെക്കാന്‍ ഷഹീന് സാധിക്കുന്നുണ്ട്. എന്നാല്‍ ഹാരിസ് റഊഫിന് മികവിനൊത്ത പ്രകടനം നടത്താന്‍ സാധിക്കുന്നില്ല. ഇത് പാകിസ്താനെ തളര്‍ത്തുന്നു. നസീം ഷായുടെ അഭാവമാണ് ഇത്തവണ പാകിസ്താന്‍ തിരിച്ചടിയായത്. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ താരത്തിന് ലോകകപ്പും നഷ്ടമാവുകയായിരുന്നു. പകരക്കാരനായെത്തിയ ഹസന്‍ അലി ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും മാച്ച് വിന്നറാകാന്‍ സാധിക്കുന്നില്ല.
പാകിസ്താന്റെ ബാറ്റിങ് നിര ഫോമിലേക്കെത്തിയാല്‍ ടീമിന് ഗംഭീര തിരിച്ചുവരവ് നടത്താന്‍ സാധിച്ചേക്കും. ബാബര്‍ ആസം ഫോമിലേക്കെത്തിയാല്‍ പാകിസ്താനത് വലിയ കരുത്താവും. ഏഷ്യാ കപ്പ് മുതല്‍ മോശം ഫോമില്‍ തുടരുന്ന ബാബര്‍ ഇന്ത്യക്കെതിരേ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മത്സരങ്ങളില്‍ ബാബര്‍ ഫോമിലേക്കെത്തേണ്ടത് പാകിസ്താനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. എന്നാല്‍ പാകിസ്താന്റെ സ്പിന്‍ നിരക്ക് കാര്യമായ മികവ് കാട്ടാനാവുന്നില്ല. സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഒപ്പം കൂട്ടാത്തത് പാകിസ്താന് വലിയ തിരിച്ചടിയായിട്ടുണ്ടെന്ന് പറയാം. വരുന്ന മത്സരങ്ങളില്‍ വിജയക്കുതിപ്പ് നടത്തി സെമിയിലെത്താന്‍ പാകിസ്താന് സാധിക്കുമോയെന്നത് കണ്ടറിയാം.