ടീം ഇന്ത്യയെ കരിയറിലാദ്യമായി ഐസിസിയുടെ ഏകദിന ലോകകപ്പില്‍ നയിക്കാനുള്ള അവസാന വട്ട പടയൊരുക്കത്തിലാണ് രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പായിരുന്നു സ്ഥിരം നായകനായ ശേഷം ഹിറ്റ്മാന് കീഴില്‍ ഇന്ത്യ കളിച്ച ഏറ്റവും വലിയ ടൂര്‍ണമെന്റ്. ഇത്തവണ സ്വന്തം നാട്ടില്‍ വച്ച് ടീമിനെ ഏകദിന ലോകകപ്പില്‍ നയിക്കാനുള്ള സുവര്‍ണാവസരമാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്.
2019ല്‍ അവസാനമായി ഇംഗ്ലണ്ട് വേദിയായ ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളുമായി രോഹിത് ചരിത്രം കുറിച്ചിരുന്നു. ഇത്തവണയും സമാനമായൊരു പ്രകടനം പുറത്തെടുക്കുമോയെന്ന ചോദ്യത്തിനു അദ്ദേഹം നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിനു അദ്ദേഹത്തിന്റെ യൂട്യുബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍.

ഇംഗ്ലണ്ട് ജേതാക്കളായ അവസാനത്തെ ലോകകപ്പില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ രോഹിത് കാഴ്ചവച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ച താരമെന്ന ലോക റെക്കോര്‍ഡും അന്നു അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു. സൗത്താഫ്രിക്ക, ചിരവൈരികളായ പാകിസ്താന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരേയായിരുന്നു രോഹിത്തിന്റെ അഞ്ചു സെഞ്ച്വറി നേട്ടം.
ഇതോടെ നാലു സെഞ്ച്വറികളെന്ന ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ കുമാര്‍ സങ്കക്കാരയുടെ ഓള്‍ടൈം റെക്കോര്‍ഡും ഹിറ്റ്മാന്‍ തകര്‍ത്തിരുന്നു. 648 റണ്‍സായിരുന്നു അന്നു അദ്ദേഹം വാരിക്കൂട്ടിയത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. പക്ഷെ ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ പോലും കാണാതെ അന്നു പുറത്താവുകയായിരുന്നു. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനു മുന്നിലായിരുന്നു ഇന്ത്യയുടെ കുതിപ്പ് അവസാനിച്ചത്.
സ്ഥിരം ക്യാപ്റ്റനായതിനു ശേഷം ആദ്യത്തെ വലിയൊരു ടൂര്‍ണമെന്റ് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലും ആഹ്ലാദത്തിലുമാണ് രോഹിത് ഇത്തവണത്തെ ലോകകപ്പില്‍ ടീമിനെ നയിക്കുന്നത്. അടുത്തിടെയാണ് അദ്ദേഹത്തിനു കീഴില്‍ ശ്രീലങ്കയില്‍ നടന്ന ഏഷ്യാ കപ്പില്‍ ടീം കിരീടമുയര്‍ത്തിയത്. ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയെ ബൗളിങ് മികവില്‍ പത്തു വിക്കറ്റിനു ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു.
താനോ, ടീമിലെ മറ്റേതെങ്കിലും താരമോ സെഞ്ച്വറികള്‍ നേടുന്നതിലല്ല കാര്യമെന്നും ഇന്ത്യ ലോകകപ്പ് നേടുകയെന്നതാണ് അതിനേക്കാള്‍ പ്രധാനമെന്നുമായിരുന്നു വിമല്‍ കുമാറിനു നല്‍കിയ അഭിമുഖത്തില്‍ രോഹിത്തിന്റെ വാക്കുകള്‍. ഈ ലോകകപ്പിലും ഞാന്‍ നന്നായി പെര്‍ഫോം ചെയ്യാനും നല്ല മാനസികാവസ്ഥയില്‍ തുടരാനും ശ്രമിക്കും.

കാരണം 2019ലെ കഴിഞ്ഞ ലോകകപ്പില്‍ സംഭവിച്ചത് ഇതായിരുന്നു. ആ വര്‍ഷം ഞാന്‍ വളരെ നന്നായി പരിശീലനം നടത്തിയിരുന്നു. ഈ വര്‍ഷവും ഞാന്‍ അതു തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷെ ഒരിക്കല്‍ക്കൂടി പറയട്ടെ അതു 2019ഉം ഇതു 2023ഉ ആണെന്നും രോഹിത് വ്യക്തമാക്കി.
നേരത്തേ സംഭവിച്ച ഒരു കാര്യം വീണ്ടും സംഭവിക്കണമന്നു ആഗ്രഹിക്കുന്ന ഒരു പ്രവണത നമുക്കുണ്ട്. അതെ, കഴിഞ്ഞ ലോകകപ്പില്‍ ഞാന്‍ അഞ്ചു സെഞ്ച്വറികള്‍ നേടിയിരുന്നു, പക്ഷെ നമ്മള്‍ ലോകകപ്പില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ 2019ലെ ലോകകപ്പിലേതു പോലെ എല്ലാ കാര്യങ്ങളും നമ്മള്‍ ആഗ്രഹിക്കുന്നതു പോലെ സംഭവിക്കില്ല.
ഇത്തവണ ലോകകപ്പില്‍ ഞാന്‍ ഒന്നോ, രണ്ടോ സെഞ്ച്വറികളോ അല്ലെങ്കില്‍ ഒന്നു പോലും നേടാതിരിക്കുകയോ ചെയ്താലോ അതു കാര്യമാക്കുന്നില്ല. ലോകകപ്പ് ജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആര്, എത്ര സെഞ്ച്വറികള്‍ നേടുന്നു എന്നതിലൊന്നും കാര്യമില്ല. ലോകകപ്പ് ട്രോഫിയാണ് പ്രധാനം. നിങ്ങള്‍ക്കു അതു ജയിക്കാനായില്ലെങ്കില്‍ അതു വലിയ നിരാശയായിരിക്കുമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.