ചെന്നൈ: ഐസിസി ലോകകപ്പില്‍ ഇന്ത്യക്കെതിരായ ആദ്യ പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര സ്പിന്‍ കെണിയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. അതിനിടെ ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഒരു പ്രവചനമാണ് ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിരിക്കുന്നത്. പിച്ചിനെയും കളിയില്‍ ഇന്ത്യയുടെ ഹീറോയെയും കുറിച്ച് അദ്ദേഹത്തിന്റെ പ്രവചനം യാഥാര്‍ഥ്യമായി മാറിയിരിക്കുകയാണ്.
ചെപ്പോക്കിലെ വരണ്ട പിച്ചില്‍ ഇന്ത്യയുടെ സ്പിന്‍ ത്രയം ഓസീസിനു മേല്‍ കത്തിക്കയറുകയായിരുന്നു. പരമ്പരാഗതമായി ചെന്നൈയിലേതു സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ മൂന്നു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനൊപ്പം റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവും ലെഗ് സ്പിന്നറും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയും ഇന്ത്യന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇന്ത്യയുടെ ഈ തന്ത്രം വന്‍ വിജയമായി മാറുകയും ചെയ്തു.

ഈ മൂന്നു പേരില്‍ ഏറ്റവും മികച്ചുനിന്നത് ജഡേജയായിരുന്നു. 10 ബോളുകള്‍ക്കിടെ മൂന്നു വിക്കറ്റുകള്‍ പിഴുത ജഡ്ഡുവാണ് ഓസീസ് ബാറ്റിങ് നിരയെ തകര്‍ക്കുന്നതില്‍ മുന്‍കൈയെടുത്തത്. സ്റ്റീവ് സമിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, അലെക്‌സ് ക്യാരി എന്നിവരെയാണ് അടുത്തടുത്ത ഓവറുകളില്‍ ജഡ്ഡു വീഴ്ത്തിയത്. ഇവരില്‍ ലബ്യുഷെയ്‌നും ക്യാരിയും പുറത്തായത് ഒരേ ഓവറിലായിരുന്നു.
മല്‍സരത്തിന്റെ ടോസിനും മുമ്പായിരുന്നു പിച്ചിനെയും ബൗളിങില്‍ ഇന്ത്യയുടെ ഹീറോയാവുന്ന താരത്തെയും കുറിച്ച് ദിനേശ് കാര്‍ത്തിക് പ്രവചിച്ചത്. എക്‌സിലൂടെയായിരുന്നു ചെപ്പോക്കിലെ പിച്ചിന്‍റെ ഫോട്ടോയ്ക്കൊപ്പം അദ്ദേഹം പ്രവചനം നടത്തിയത്.
ഈ പിച്ച് ടേണ്‍ ചെയ്യും. ഇന്നു ജഡേജയ്ക്കു സൂപ്പര്‍ ഡേ ആയിരിക്കുമെന്നായിരുന്നു ചിരിക്കുകയും കണ്ണിറുക്കുകയും തംപ്‌സ് അപ്പ് കാണിക്കുകയും ചെയ്യുന്ന മൂന്ന് ഇമോജിക്കുമൊപ്പം ഡിക്കെ കുറിച്ചത്. ഇതു തന്നെ സംഭവിക്കുകയും ജഡേജ ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറുകയും ചെയ്തതോടെ ഈ പ്രവചനവും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.
27 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടു വിക്കറ്റിനു 110 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു. റണ്‍റേറ്റ് കുറവായിരുന്നെങ്കിലും വിക്കറ്റുകള്‍ കൈവശമുള്ളതിനാല്‍ മോശമല്ലാത്ത ടോട്ടല്‍ നേടാമെന്ന പ്രതീക്ഷയിലായിരുന്നു ഓസീസ്. എന്നാല്‍ ജഡേജയുടെ മാജിക്കല്‍ ബൗളിങ് ഓസീസിന്റെ കണക്കുകൂട്ടലുകള്‍ തകര്‍ത്തു. 28ാം ഓവറിലെ ആദ്യ ബോളില്‍ അപകടകാരിയായ സ്റ്റീവ് സ്മിത്തിനെ ജഡ്ഡു ബൗള്‍ഡാക്കി.
തൊട്ടുമുമ്പത്തെ നാലോവറിലും നന്നായി ബൗള്‍ ചെയ്തിട്ടും വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ പോയതിന്റെ നിരാശ ജഡ്ഡു തീര്‍ക്കുകയായിരുന്നു. 28ാം ഓവറിലെ ആദ്യ ബോളിലാണ് സ്മിത്തിനെ അദ്ദേഹം ക്ലീന്‍ ബൗള്‍ഡാക്കിയത്. ലെഗ് സ്റ്റംപ് ഏരിയയില്‍ പിച്ച് ചെയ്ത ബോള്‍ പ്രതിരോധിക്കാനായിരുന്നു സ്മിത്ത് ശ്രമിച്ചത്. പക്ഷെ പിച്ച് ചെയ്ത ശേഷം ബോള്‍ ടേണ്‍ ചെയ്ത് ഓഫ്സ്റ്റംപിലേക്കു വരികയും വിക്കറ്റുകളില്‍ പതിക്കുകയുമായിരുന്നു. സ്തബ്ധനായി നിന്ന സ്മിത്ത് വിളറിയ ഒരു ചിരിയോടെ നിരാശനായി ക്രീസ് വിടുകയും ചെയ്തു.

ഈ ഓവറില്‍ വെറും രണ്ടു റണ്‍സ് മാത്രമേ ജഡേജ വിട്ടുകൊടുത്തുള്ളൂ. അടുത്ത ഓവറില്‍ കുല്‍ദീപ് ആറ് റണ്‍സ് വിട്ടുകൊടുത്തു. തുടര്‍ന്നാണ് ജഡ്ഡു തന്റെ ആറാമത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. ആദ്യ ബോളില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ സിംഗിളെടുത്തു. അടുത്ത ബോള്‍ നേരിട്ടത് ലബ്യുഷെയ്നായിരുന്നു.
ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ വലിയൊരു സ്ലോഗ് സ്വീപ്പിനായിരുന്നു ലബ്യുഷെയ്‌നിന്റെ ശ്രമം. പക്ഷെ കണക്ടായില്ല. ബാറ്റില്‍ ഉരസിയ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ കൈയില്‍. ഇന്ത്യയുടെ ശക്തമായ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ടും വിധിക്കുകയായിരുന്നു. ലബ്യുഷെയ്ന്‍ ഇതിനെതിരേ റിവ്യു എടുത്തെങ്കിലും ഫീല്‍ഡ് അംപയറുടെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.
അടുത്ത ബോളില്‍ ക്യാരിക്കു റണ്ണെടുക്കാനായില്ല. നാലാമത്തെ ബോളില്‍ ക്യാരിയെ ജഡ്ഡു പൂജ്യത്തിനു വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ചെയ്തു. മിഡില്‍, ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി വന്ന ബോളിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച ക്യാരിക്കു പാളിയപ്പോള്‍ ബോള്‍ പാഡില്‍ പതിക്കുകയായിരുന്നു. ഇന്ത്യയുടെ ആത്മവിശ്വാസത്തോടെയുള്ള അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ടും വിളിക്കുകയും ചെയ്ചു. കളിയില്‍ 10 ഓവര്‍ പൂര്‍ത്തിയാക്കയ ജഡ്ഡു രണ്ടു മെയ്ഡനടക്കം 28 റണ്‍സിനു മൂന്നു വിക്കറ്റുകള്‍ നേടി.