ലോകകപ്പിന്റെ ലീഗ് ഘട്ടത്തില മല്‍സരങ്ങള്‍ ഏഴാം റൗണ്ടിലേക്കു കടക്കവെ സെമി ഫൈനലില്‍ എത്തുന്ന നാലു ടീമുകള്‍ ആരൊക്കെയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ആറു മല്‍സരങ്ങള്‍ പിന്നിട്ടിട്ടും സെമിയില്‍ ആരൊക്കെയുണ്ടാവുമെന്ന കാര്യത്തില്‍ ഇപ്പോഴും ചിത്രം തെളിഞ്ഞിട്ടില്ല. ബംഗ്ലാദേശൊഴികെ ബാക്കിയുള്ള ഒമ്പതു ടീമുകള്‍ക്കും ഇപ്പോള്‍ സെമി സാധ്യത നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താനോടു തോറ്റതോടെയാണ് ബംഗ്ലാദേശ് പുറത്തായത്.
നിലവിലെ പോയിന്റ് പട്ടിക പരിഗണിക്കുമ്പോള്‍ ഏറ്റവധികം സെമി സാധ്യതയുള്ളത് ഇന്ത്യക്കാണ്. കളിച്ച ആറു മല്‍സരങ്ങളിലും ജയിച്ച ഇന്ത്യ 12 പോയിന്റുമായാണ് തലപ്പത്തുള്ളത്. 10 പോയിന്റുമായി സൗത്താഫ്രിക്കയും എട്ടു പോയിന്റ് വീതമുള്ള ന്യൂസിലാന്‍ഡും അഞ്ചു തവണ ജേതാക്കളായ ഓസ്ട്രേലിയയും തുടര്‍ന്നുള്ള സ്ഥാനങ്ങളിലും നില്‍ക്കുന്നു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ്, നിലവിലെ വിജയികളായ ഇംഗ്ലണ്ട് എന്നിവരും സെമിക്കായി പോരടിക്കുന്നുണ്ട്.

ഐസിസി റിവ്യുവില്‍ സംസാരിക്കവെയായിരുന്നു പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് സെമിയിലെത്താന്‍ സാധ്യതയുള്ള ടീമുകളെ ദിനേശ് കാര്‍ത്തിക് പ്രവചിച്ചത്. ഇന്ത്യക്കൊപ്പം സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരായിരിക്കും സെമി കളിക്കുകയെന്നും ബാക്കിയുള്ളവര്‍ക്കു ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യുക ദുഷ്‌കരമാണെന്നുമാണ് ഡികെയുടെ പ്രവചനം.
ഇന്ത്യ തുടര്‍ച്ചയായ ആറാമത്തെ വിജയവും ന്യൂസിലാന്‍ഡിനെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തുകയും ചെയ്തതോടെ നാലു സെമി ഫൈനലിസ്റ്റുകളെ നമ്മള്‍ ലോക്ക് ചെയ്തു കഴിഞ്ഞു. സെമിയിലെ നാലു ടീമുകളെയും ഒരുപക്ഷെ നേരത്തേ തന്നെ തീരുമാനിച്ച ടൂര്‍ണമെന്റ് കൂടിയാണിത്. ഈ നാലു പേര്‍ തന്നെയായിരിക്കും സെമി ഫൈനലിലും കളിക്കുക. അസാധാരണമായി എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ ഇതില്‍ മാറ്റം സംഭവിക്കുകയുള്ളൂ. അങ്ങനെ സംഭവിക്കുമെന്നു തനിക്കു തോന്നുന്നില്ലെന്നും ഡിക്കെ വ്യക്തമാക്കി.
ഇന്ത്യ തന്നെയായിരിക്കും ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയെന്നു ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങള്‍ക്കു വേണ്ടിയാണ് ടീമുകള്‍ തമ്മില്‍ പോരടിക്കുകയെന്നും ചൂണ്ടിക്കാട്ടി. ലീഗ് ഘട്ടത്തിലെ ബാക്കിയുള്ള മല്‍സരങ്ങള്‍ കഴിയണമെന്നില്ല. നമുക്കു നാലു സെമി ഫൈനലിസ്റ്റുകളായിക്കഴിഞ്ഞു. രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍ ആരൊക്കെയാണ് ഫിനിഷ് ചെയ്യുകയെന്നാണ് അറിയേണ്ടത്.

ആരാവും നമ്പര്‍ വണ്ണാവുകയെന്നു നമുക്കു ഏറെക്കുറെ അറിയാം. സെമി ഫൈനലില്‍ ഇന്ത്യ ആരെയാവും നേരിടുകയെന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ആരൊക്കെയാവുമെന്നതുമാണ് ഇപ്പോഴത്തെ ചോദ്യം. ഇതു ധാര്‍ഷ്ട്യമല്ലെന്നും അവര്‍ കളിക്കുന്ന ക്രിക്കറ്റിന്റെ ഗുണനിലവാരം മാത്രമാണെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കു സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ ഇനി ഒരു ജയം മാത്രമാണ് വേണ്ടത്. വ്യാഴാഴ്ച മുംബൈയിലെ വാംഖഡെയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ജയിക്കാനായാല്‍ സെമിയിലെത്തുന്ന ആദ്യത്തെ ടീമായി ഇന്ത്യ മാറും.
സൗത്താഫ്രിക്കയ്ക്കാവട്ടെ ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ സെമിയില്‍ കടക്കാം. എന്നാല്‍ ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക ടീമുകള്‍ക്കും ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിക്കേണ്ടതുണ്ട്. ഇതിനു സാധിക്കാതെ പോയാല്‍ മറ്റു ടീമുകളുടെ മല്‍സരഫലത്തെ ഇവര്‍ക്കു ആശ്രയിക്കേണ്ടി വരും.