ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വിജയവുമായി കുതിക്കുന്ന ടീം ഇന്ത്യക്കു ഉപദേശവുമായി പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. നിലവില്‍ ടൂര്‍ണമെന്റില്‍ തോല്‍വിയറിയാത്ത ഏക ടീം കൂടിയായ ഇന്ത്യ സെമി ഫൈനല്‍ യോഗ്യതയ്ക്കു തൊട്ടരികിലാണ്. അടുത്ത ഞായറാഴ്ച നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. ഈ കളിയും ജയിക്കാനായാല്‍ ഇന്ത്യക്കു സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാം.
പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലാന്‍ഡുമായുള്ള അവസാന മല്‍സരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. പകരം പരിചയസമ്പന്നായ ഫാസ്റ്റ് ബൗളര്‍ മഹമ്മദ് ഷമിക്കു ഇന്ത്യ അവസരം നല്‍കുകയായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം കളിച്ച ഷമി അഞ്ചു വിക്കറ്റുകളുമായി ഇന്ത്യയുടെ ഹീറോയായി മാറുകയും ചെയ്തു. ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ ഹാര്‍ദിക് ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. ഹാദിക് ഫിറ്റ്‌നസ് വീണ്ടെടുത്താലും ഇംഗ്ലണ്ടിനെതിരേ കളിപ്പിക്കരുതെന്നു അക്രം ഉപദേശിക്കുന്നു. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ഹാര്‍ദിക് ഇല്ലെങ്കിലും ഇന്ത്യന്‍ സ്‌ക്വാഡ് വളരെ മികച്ചതായിട്ടാണ് കാണപ്പെടുന്നത്. ഇനി അദ്ദേഹം ഫിറ്റാണെങ്കില്‍ അതും ഇന്ത്യയെ സംബന്ധിച്ച് നല്ല കാര്യം തന്നെയാണ്. മുഹമ്മദ് ഷമിയെ ഇനി ഒഴിവാക്കുക ബുദ്ധിമുട്ടാണ്. ഇംഗ്ലണ്ടുമായുള്ള അടുത്ത കളിയില്‍ ഹാര്‍ദിക്കിനെ കളിപ്പിച്ച് ഇന്ത്യ റിസ്‌കെടുക്കരുതെന്നാണ് ഞാന്‍ കരുതുന്നത്.
കാരണം കണംകാലിനേറ്റ പരിക്കാണെങ്കില്‍ ആദ്യം നിങ്ങള്‍ക്കു അല്‍പ്പം സുഖവും വേദന കുറവുമെല്ലാം തോന്നുമെങ്കിലും കളിക്കുകയാണെങ്കില്‍ പേശിക്കു വലിവ് അനുഭവപ്പെട്ടേക്കും. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനെ 100 ശതാനവും ഫിറ്റായി മാറാന്‍ ഇന്ത്യ അനുവദിക്കുകയാണെ് ചെയ്യേണ്ടത്. അതിനു ശേഷം കളിപ്പിക്കാമെന്നും അക്രം നിര്‍ദേശിക്കുന്നു.
ന്യൂസിലാന്‍ഡുമായുള്ള കളിയില്‍ ഷമി ഫൈഫറുമായി തിളങ്ങിയതിന്റെ ക്രെഡിറ്റ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനാണെന്നു പാക് ഇതിഹാസം ചൂണ്ടിക്കാട്ടി. ഈ മല്‍സരത്തില്‍ ആദ്യമെറിഞ്ഞ ഓവറിലെ ആദ്യ ബോളില്‍ തന്നെ ഷമി വിക്കറ്റെടുത്തിരുന്നു. മാത്രമല്ല ഫൈഫറോടെ മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത വമ്പന്‍ റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഒന്നിലേറെ ഫൈഫര്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ ബൗളറായാണ് ഷമി മാറിയത്.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീര്‍ച്ചയായും ക്രെഡിറ്റ് അര്‍ഹിക്കുന്നു. പ്ലെയിങ് ഇലവനിലേക്കു ഏതൊരു താരം പുതുതായി വന്നാലും അയാള്‍ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ തയ്യാറായി നില്‍ക്കുന്നതായാണ് കാണുന്നത്. ഷമിയുടെ ബോള്‍ സീം ചെയ്യുകയാണെങ്കില്‍ അതു ഏതു ദിശയിലേക്കും മാറിയേക്കും.
അതുകൊണ്ടു തന്നെ ഷമി തന്നൊണ് ന്യൂസിലാന്‍ഡിനെതിരേ തന്റെ പ്ലെയര്‍ ഓഫ് ദി മാച്ചെന്നും അക്രം വിലയിരുത്തി. റണ്‍ചേസില്‍ ഇന്ത്യ ജയിച്ചുകയറിയ മല്‍സരത്തില്‍ വിരാട് കോലി 95 റണ്‍സോടെ കസറിയെങ്കിലും ഷമിയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
ധര്‍മശാലയില്‍ നടന്ന കളിയില്‍ ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ബൗളിങ് തിരഞ്ഞടുക്കുകയായിരുന്നു. ഡാരില്‍ മിച്ചെല്‍ (130) സെഞ്ച്വറി കുറിച്ചെങ്കിലും കിവികളെ 273 റണ്‍സില്‍ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കു സാധിച്ചു. ഇതിനു കാരണം ഷമി തന്നെയായിരുന്നു. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുമെടുത്തു. റണ്‍ചേസില്‍ രണ്ടോവര്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിനു ഇന്ത്യ വിജയറണ്‍സും കുറിക്കുകയായിരുന്നു. കോലിയെക്കൂടാത 46 റണ്‍സുമായി രോഹിത്തും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.