ന്യൂസിലാന്‍ഡുമായുള്ള ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ മിന്നുന്ന വിജയം കൊയ്‌തെങ്കിലും ഒരു കാര്യത്തില്‍ ആരാധകര്‍ വലിയ നിരാശയിലാണ്. 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടാണ് അവരുടെ നിരാശയ്ക്കു കാരണം. സ്‌കൈയില്‍ നിന്നും ഒരു സ്‌ഫോടനാത്മക ഇന്നിങ്‌സ് ആരാധകര്‍ മുഴുവന്‍ പ്രതീക്ഷിച്ചരുന്നെങ്കിലും അതു കാണാന്‍ സാധിച്ചില്ല. ലോകകപ്പില്‍ അരങ്ങേറ്റ മല്‍സരം കളിച്ച സൂര്യ രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.
വിരാട് കോലിക്കൊപ്പം റണ്‍ചേസില്‍ ബാറ്റ് ചെയ്യവെയായിരുന്നു അദ്ദേഹത്തിനു വിക്കറ്റ് കൈവിടേണ്ടി വന്നത്. ഇതിന്റെ പേരില്‍ ആരാധകര്‍ക്കിടയില്‍ വലിയ വാദപ്രതിവാദമാണ് നടക്കുന്നത്. യഥാര്‍ഥത്തില്‍ സൂര്യയുടെ പുറത്താവലിലേക്കു നയിച്ചത് എന്താണ്. അദ്ദേഹത്തിന്റെ അശ്രദ്ധയാണോ വിക്കറ്റ് നഷ്ടപ്പെടുത്തയത് ? അല്ലെങ്കില്‍ കോലി ചതിച്ചതാണോ? എന്താണ് സംഭവിച്ചതെന്നു നമുക്കു പരിശോധിക്കാം.

33ാം ഓവറില്‍ കെഎല്‍ രാഹുലിന്റെ (27) പുറത്താവലിനു ശേഷമായിരുന്നു ആറാമനായി സൂര്യ ക്രീസിലെത്തിയത്. 17 ഓവറുകള്‍ ബാക്കിനില്‍ക്കെ അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ സാഹചര്യം കൂടിയായിരുന്നു ഇത്. ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യക്കു തന്റെ തനതുശൈയില്‍ ബാറ്റ് ചെയ്ത് ടീമിനെ അനായാസം വിജയത്തിലെത്തിക്കാന്‍ സാധിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
സൂര്യയുടെ റണ്ണൗട്ടിന്റെ വീഡിയോ കാണാം
പക്ഷെ എല്ലാവരെയും സ്തബ്ധരാക്കിയാണ് തൊട്ടടുത്ത ഓവറില്‍ സൂര്യ വീണത്. വെറും നാലു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ 34ാം ഓവറിലെ അഞ്ചാമത്തെ ബോള്‍ നേരിട്ടത് സൂര്യയായിരുന്നു. കവര്‍ ഏരിയയിലേക്കു ഷോട്ട് കളിച്ച ശേഷം അദ്ദേഹം സിംഗിളിനായി ഓടുകയായിരുന്നു. കോലിയും അതിനോടു പ്രതികരിക്കുകയും അല്‍പ്പദൂരം ഓടുകയും ചെയ്തു. പെട്ടെന്നു അവിടെ നിന്ന കോലി ബോള്‍ ഫീല്‍ഡര്‍ മിച്ചെല്‍ സാന്‍റ്നറെ മറികടന്നു പോവുമോയെന്നു നോക്കി ഉറപ്പ് വരുത്തുകയുമായിരുന്നു.
എന്നാല്‍ സൂര്യ ഇതൊന്നും ശ്രദ്ധിച്ചില്ല. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ അദ്ദേഹം എത്തുന്നതിനു തൊട്ടുമുമ്പെ കോലി ഫീല്‍ഡര്‍ അതു തടുത്തതു കണ്ടതോടെ തിരിഞ്ഞോടുകയായിരുന്നു. ഇതോടെ സൂര്യ സ്തബ്ധനായി. അദ്ദേഹം തിരികെ ക്രീസിലേക്കു ഓടാന്‍ തുനിയുകയും ചെയ്തു.
ഇതിനിടെയാണ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു സാന്റ്‌നറുടെ താഴ്ന്ന ത്രോ വരുന്നത്. ബോള്‍ട്ട് അതു പിടിച്ചെടുത്ത് ഉടന്‍ തന്നെ വെട്ടിത്തിരിഞ്ഞ് സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ത്രോയും ചെയ്തു. വിക്കറ്റ് കീപ്പറും ക്യാപറ്റനുമായ ടോം ലാതം ബോള്‍ പിടിച്ചെടുത്ത് സ്റ്റംപ് ചെയ്യുമ്പോള്‍ സൂര്യ ഫ്രെയിമില്‍പ്പോലും ഇല്ലായിരുന്നു.

യഥാര്‍ഥത്തില്‍ ഇവിടെ സൂര്യയുടെ ഭാഗത്ത് ഒരു തെറ്റും നമുക്കു കാണാന്‍ സാധിക്കില്ല. കാരണം കോളിനോടു കോലി പ്രതികരിച്ചതിനാലാണ് സൂര്യ സിംഗിളിനു ശ്രമിച്ചത്. മാത്രമല്ല കോലി ഫീല്‍ഡറെ തന്നെ നോക്കി നില്‍ക്കാതെ ക്രീസിന്റെ മറുവശത്തേക്കു ഓടിയിരുന്നെങ്കില്‍ തീര്‍ച്ചയായും സിംഗിള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. സൂര്യക്കു സ്വന്തം വിക്കറ്റ് ബലി കൊടുക്കേണ്ടിയും വരില്ലായിരുന്നു.
വിക്കറ്റുകള്‍ക്കിടയില്‍ മിന്നല്‍ വേഗത്തില്‍ ഓടി സിംഗിളുകളെടുക്കാന്‍ ശേഷിയുണ്ടായിട്ടും കോലി ഒരു നിമിഷം ശങ്കിച്ചുനിന്നതാണ് കുഴപ്പമായത്. സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച് മറുവശത്തേക്കു ഓടിയിരുന്നെങ്കില്‍ ഡൈവ് ചെയ്താണെങ്കിലും കോലിക്കു റണ്‍സ് പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ തെറ്റിന്റെ ശിക്ഷയേറ്റു വാങ്ങേണ്ടി വന്നത് സൂര്യക്കാണ്.
ഈ മല്‍സരത്തില്‍ ഇന്ത്യ വിജയം കൊയ്തതിനാല്‍ കോലിയുടെ ചതി അധികം ചര്‍ച്ചയായി മാറിയില്ല. കളിയില്‍ ഇന്ത്യ തോറ്റിരുന്നെങ്കില്‍ കോലി ടീമിന്റെ വില്ലനായി മാറിയേനെ. കാരണം സൂര്യയുടെ പുറത്താവലിനു ശേഷം ഇന്ത്യ അഞ്ചിനു 191 റണ്‍സിലേക്കു വീണിരുന്നു. എട്ടു റണ്‍സിനിടെയാണ് രാഹുലിനെയും സൂര്യയെയും ഇന്ത്യക്കു നഷ്ടമായത്. പിന്നീട് കോലിയും (95) രവീന്ദ്ര ജഡേജയും (39*) ചേര്‍ന്ന് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കുകയായിരിന്നു.