2019ല്‍ ഇംഗ്ലണ്ട് വേദിയായ കഴിഞ്ഞ ലോകകപ്പില്‍ ബാറ്ററെന്ന നിലയില്‍ അവിശ്വസനീയ ഫോമിലായിരുന്നു രോഹിത് ശര്‍മ. ഇത്തവണ നായകന്റെ അധികച്ചുമതല കൂടി ലഭിച്ചപ്പോള്‍ ഹിറ്റ്മാന് ആ ഫോം ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നു പലരും സംശയിച്ചിരുന്നു. എന്നാല്‍ ബാറ്റ് കൊണ്ട് അദ്ദേഹം ഈ സംശയം തീര്‍ത്തിരിക്കുകയാണ്. അഞ്ചു തുടര്‍ വിജയങ്ങളുമായി ടൂര്‍ണമെന്റില്‍ ഇന്ത്യ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, ബാറ്ററെന്ന നിലയിലും ഹിറ്റ്മാനുണ്ട്.
പക്ഷെ കഴിഞ്ഞ ലോകകപ്പിലെ പ്രകടനത്തിനൊപ്പമെത്തുമോ രോഹിത്തിന്റെ ഈ ടൂര്‍ണമെന്റിലെ പ്രകടനമെന്നാണ് ആരാധകരുടെ സംശയം. ആരാണ് കൂടുതല്‍ കേമനെന്നു കണക്കുകളുടെ അടിസ്ഥാനത്തില്‍ നമുക്കു പരിശോധിക്കാം. പ്രാഥമിക റൗണ്ടിലെ അഞ്ചു മല്‍സരങ്ങള്‍ക്കു ശേഷം ഏതു രോഹിത്താണ് സൂപ്പറെന്നു നോക്കാം.

കഴിഞ്ഞ ലോകകപ്പിനേക്കാള്‍ അപകടകാരിയാണ് ഇത്തവണത്തേതെന്നു കണക്കുകള്‍ ശരി വയ്ക്കുന്നു. വിരാട് കോലി നയിച്ച കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ റണ്‍മെഷീന്‍ തന്നെയായിരുന്നു രോഹിത്. അന്നു ആദ്യത്തെ അഞ്ചു മല്‍സരങ്ങള്‍ക്കു ശേഷം 338 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. ഇത്തവണയാവട്ടെ ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും 311 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
കഴിഞ്ഞ എഡിഷനുമായി താരതമ്യം ചെയ്യുമ്പോള്‍ 27 റണ്‍സ് കുറച്ചാണ് രോഹിത് നേടിയിരിക്കുന്നത്. ശരാശരിയിലും 2019ല്‍ അദ്ദേഹം മുന്നിലായിരുന്നു. അന്നു 85 ആയിരുന്നു ശരാശരിയെങ്കില്‍ ഈ ലോകകപ്പിലേത് 63 ആണ്. പക്ഷെ സ്‌ട്രൈക്ക് റേറ്റില്‍ ഇത്തവണയാണ് രോഹിത് ശരിക്കും ഹിറ്റ്മാനായി മാറിയിരിക്കുന്നത്.
134 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റാണ് ഇന്ത്യന്‍ ക്യാപ്റ്റനുള്ളത്. കഴിഞ്ഞ ലോകകപ്പിലാവട്ടെ സ്‌ട്രൈക്ക് റേറ്റ് 94 മാത്രമായിരുന്നു. ഫിഫ്റ്റികളുടെ കാര്യത്തില്‍ ഒന്നു വീതമാണ് 2019ലു ഇത്തവണയും അദ്ദേഹം നേടിയത്. കഴിഞ്ഞ തവണ രണ്ടു സെഞ്ച്വറികള്‍ അഞ്ചു ഇന്നിങ്‌സില്‍ രോഹിത് നേടിയപ്പോള്‍ ഇത്തവണ ഒന്നാണ് സ്‌കോര്‍ ചെയ്തത്.
ഫോറുകളുടെയും സിക്‌സറുകളുടെയും കാര്യത്തില്‍ ഇപ്പോഴത്തെ രോഹിത്താണ് ഏറ്റവും അപകടകാരി. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 31 ഫോറുകളാണ് 2019ല്‍ അദ്ദേഹത്തിനു നേടാനായിരുന്നതെങ്കില്‍ ഇത്തവണ അതു 33ലെത്തിയിരിക്കുകയാണ്. സിക്‌സറിന്റെ കാര്യത്തിലാണ് ഹിറ്റ്മാന്‍ ശരിക്കും ഞെട്ടിച്ചത്. വെറും ഏഴു സിക്‌സറുകള്‍ മാത്രമേ കഴിഞ്ഞ എഡിഷനില്‍ അദ്ദേഹം നേടിയിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ അഞ്ചു കളിയില്‍ നിന്നും വാരിക്കൂട്ടിയത് 17 സിക്‌സറുകളാണ്.

അതേസമയം, ഇന്ത്യക്കു സെമി ഫൈനലില്‍ കാലിടറിയെങ്കിലും കഴിഞ്ഞ ലോകകപ്പിലെ ടോപ്‌സ്‌കോററായി മാറിയത് രോഹിത്തായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ടീമിനെ സെമി വരെയെത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും രോഹിത് അടിച്ചെടുത്തത് 648 റണ്‍സാണ്. ഒരു റണ്‍സ് മാത്രം വ്യത്യാസത്തിലാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പിന്തള്ളി റണ്‍വേട്ടയിലെ കിങായി മാറിയത്.
81 ശരാശരിയില്‍ 98.33 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് 650നടുത്ത് റണ്‍സ് സ്‌കോര്‍ ചെയ്തത്. അഞ്ചു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കമായുന്നു ഇത്. 140 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഇതോടെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡും രോഹിത് തന്റെ പേരിലാക്കിയിരുന്നു.