Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഞെട്ടിക്കും, ഒഴിവാക്കപ്പെട്ട ഇന്ത്യന്‍ താരങ്ങളുടെ കിടിലന്‍ 11! ധവാന്‍ ക്യാപ്റ്റന്‍

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 15 അംഗ ടീമില്‍ പ്രതീക്ഷിക്കപ്പെട്ട ഒട്ടുമിക്ക താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. രോഹിത് ശര്‍മ നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരേയാണ് പ്രധാനമായും ആരാധകര്‍ ചോദ്യം ഉയര്‍ത്തുന്നത്. ബാക്കിയുള്ള താരങ്ങളെല്ലാം ടീമില്‍ ഇടം അര്‍ഹിക്കുന്നവരാണെന്ന് പറയാം.

എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരങ്ങളെ പരിഗണിച്ച് ബെസ്റ്റ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക. പരിശോധിക്കാം. ഓപ്പണര്‍മാരായി ശിഖര്‍ ധവാനും പൃഥ്വി ഷായുമാണ് വേണ്ടത്. ധവാനാണ് ടീമിന്റെ നായകന്‍. ഐസിസി ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ധവാന്‍. 2019ലെ ഏകദിന ലോകകപ്പിലും നന്നായി തുടങ്ങിയ ധവാന് പരിക്ക് മൂലം എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിക്കാതെ പോയി.

ശുബ്മാന്‍ ഗില്ലിന്റെ വരവോടെ തഴയപ്പെട്ടുപോയ താരമാണ് ധവാന്‍. ഇടം കൈയന്‍ ഓപ്പണര്‍ ഇത്തവണയും ഇന്ത്യന്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരിലാണ് തഴയപ്പെട്ടത്. പൃഥ്വി ഷാ വെടിക്കെട്ട് തുടക്കം നല്‍കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്. ഇന്ത്യന്‍ ടീമില്‍ സ്ഥാനമില്ലാത്ത പൃഥ്വി കഴിഞ്ഞിടെ ഇംഗ്ലണ്ട് വണ്‍ഡേ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടിയിരുന്നു. തുടര്‍ച്ചയായി സെഞ്ച്വറി നേടിയ പൃഥ്വി ഇരട്ട സെഞ്ച്വറിയും സ്വന്തം പേരിലാക്കി.

ഇന്ത്യക്കൊപ്പം വലിയ പ്രതീക്ഷയോടെ തുടങ്ങിയ താരമാണ് പൃഥ്വിയെങ്കിലും കരിയര്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്തിക്കാനായില്ല. മൂന്നാം നമ്പറില്‍ റുതുരാജ് ഗെയ്ക്‌വാദിനാണ് അവസരം. ക്ലാസിക് ബാറ്റ്‌സ്മാനായ റുതുരാജ് ഇന്ത്യക്കൊപ്പം കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ റുതുരാജിന് വലിയ അവസരം ലഭിക്കുന്നില്ല. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്നത് റുതുരാജാണ്. ഭാവിയില്‍ ഇന്ത്യയുടെ നെടുന്തൂണായി മാറാന്‍ സാധ്യതയുള്ള താരമാണ് റുതുരാജ്.

deepak chahar

നാലാം നമ്പറില്‍ സഞ്ജു സാംസണ്‍ കളിക്കണം. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള സഞ്ജുവിന് മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജു സാംസണാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള സഞ്ജുവിന് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ട്. ഏകദിന ലോകകപ്പില്‍ സഞ്ജു ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ തഴയപ്പെടുകയായിരുന്നു.

അഞ്ചാം നമ്പറില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനായി തിലക് വര്‍മ വേണം. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ ശേഷിയുള്ള തിലക് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യക്കൊപ്പം വലിയ ഭാവി കല്‍പ്പിക്കുന്ന താരമാണ് തിലക് വര്‍മ. ആറാം നമ്പറില്‍ മീഡിയം പേസ് ഓള്‍റൗണ്ടറായി വിജയ് ശങ്കറിനെ പരിഗണിക്കാം. 2019ലെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്ന താരമാണ് വിജയ് ശങ്കര്‍. പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ വലിയ വിമര്‍ശനവും താരം നേരിട്ടിരുന്നു.

എന്നാല്‍ അവസാന ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് വിജയ് ശങ്കര്‍ കാഴ്ചവെച്ചത്. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ പരിഗണിക്കാം. ഇന്ത്യയുടെ പരിമിത ഓവറിലെ പദ്ധതികളുടെ ഭാഗമായിരുന്നു സുന്ദര്‍. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ഇടവേളയെടുക്കേണ്ടി വന്നതോടെ ലോകകപ്പ് ടീമില്‍ നിന്നും പുറത്തായി. എട്ടാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറിനാണ് സ്ഥാനം. സീനിയര്‍ പേസര്‍ സ്വിങ് ബൗളിങ്ങിലൂടെ വിക്കറ്റ് നേടാന്‍ മിടുക്കനാണ്.

ഒമ്പതാം നമ്പറില്‍ ദീപക് ചഹാറിനെ കളിപ്പിക്കാം. സാഹചര്യത്തിനനുസരിച്ച് ദീപക്കിന്റെ ബാറ്റിങ് ഓഡര്‍ മാറ്റാം. ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്യാന്‍ കഴിവുള്ള പേസ് ഓള്‍റൗണ്ടറാണ് ദീപക്. 10ാം നമ്പറില്‍ പ്രസിദ്ധ് കൃഷ്ണയെ ഉള്‍പ്പെടുത്താം. 11ാമനായി സ്പിന്‍ സ്‌പെഷ്യലിസ്റ്റ് യുസ്‌വേന്ദ്ര ചഹാലിനെയും കളിപ്പിക്കാം.

ഇന്ത്യന്‍ 11: ശിഖര്‍ ധവാന്‍ (c), പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, തിലക് വര്‍മ, വിജയ് ശങ്കര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചഹാല്‍

Story first published: Thursday, September 7, 2023, 12:31 [IST]
Other articles published on Sep 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+