മുംബൈ: ഏകദിന ലോകകപ്പിലെ തകര്‍പ്പന്‍ ജയം തുടര്‍ന്ന് ദക്ഷിണാഫ്രിക്ക. 149 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റിന് 382 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 46.4 ഓവറില്‍ 233 റണ്‍സില്‍ കൂടാരം കയറി.
ക്വിന്റന്‍ ഡീകോക്ക് (174), ഹെന്‍ റിച്ച് ക്ലാസന്‍ (90), എയ്ഡന്‍ മാര്‍ക്രം (60) എന്നിവരുടെ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ബൗളിങ്ങില്‍ ജെറാഡ് കോയ്റ്റ്‌സി മൂന്നും മാര്‍ക്കോ യാന്‍സന്‍, ലിസാര്‍ഡ് വില്യംസ്, കഗിസോ റബാഡ എന്നിവര്‍ രണ്ടും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 33 റണ്‍സുള്ളപ്പോള്‍ റീസ ഹെന്‍ഡ്രിക്‌സിനെ (12) ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഷൊറിഫുല്‍ ഇസ്ലാമിന്റെ പന്തില്‍ ഹെന്‍ഡ്രിക്‌സ് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. റാസി വാന്‍ ഡെര്‍ ഡ്യൂസനെ (1) മെഹതി ഹസന്‍ മിറാസും പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്വിന്റന്‍ ഡീകോക്കും (174) നായകന്‍ എയ്ഡന്‍ മാര്‍ക്രമും (60) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് അടിത്തറ പാകി.
69 പന്തില്‍ 7 ബൗണ്ടറിയടക്കം പായിച്ച മാര്‍ക്രത്തെ ഷക്കീബ് അല്‍ ഹസന്‍ പുറത്താക്കുമ്പോള്‍ 167 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തിയിരുന്നു. പിന്നാലെ എത്തിയ ഹെന്റിച്ച് ക്ലാസനും (90) താളം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. ക്ലാസനൊപ്പം ഡീകോക്ക് സെഞ്ച്വറി പൂര്‍ത്തിയാക്കി. 140 പന്ത് നേരിട്ട് 15 ഫോറും 7 സിക്‌സുമടകക്കം 174 റണ്‍സ് നേടിയ ഡീകോക്കിനെ ഹസന്‍ മഹമ്മൂദ് പുറത്താക്കുമ്പോള്‍ 309 എന്ന വമ്പന്‍ സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തിയിരുന്നു.

ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയാണ് ഡീകോക്ക് അടിച്ചെടുത്തത്. 101 പന്തില്‍ സെഞ്ച്വറി നേടിയ ഡീകോക്ക് പിന്നീടുള്ള 74 റണ്‍സ് നേടിയത് വെറും 39 പന്താണ് വേണ്ടിവന്നത്. ക്ലാസന്‍ പതിവ് പോലെ അതിവേഗം റണ്‍സുയര്‍ത്തി. 2 ഫോറും 8 സിക്‌സുമാണ് ക്ലാസന്‍ പറത്തിയത്. ഹസന്‍ മഹമ്മൂദാണ് ക്ലാസനെ പുറത്താക്കിയത്. അവസാന ഓവറുകളില്‍ ഡേവിഡ് മില്ലര്‍ കത്തിക്കയറി. 15 പന്ത് നേരിട്ട് 1 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 34 റണ്‍സുമായി മില്ലര്‍ പുറത്താവാതെ നിന്നു.
മാര്‍ക്കോ യാന്‍സനും (1*) അവസാനം ക്രീസിലുണ്ടായിരുന്നു. ഇതോടെ 5 വിക്കറ്റിന് 382 എന്ന കൂറ്റന്‍ സ്‌കോറിലേക്കും ദക്ഷിണാഫ്രിക്കയെത്തി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. ഓപ്പണര്‍ തന്‍സീദ് ഹസനെ (12) മാര്‍ക്കോ യാന്‍സന്‍ വിക്കറ്റ് കീപ്പര്‍ ക്ലാസന്റെ കൈയിലെത്തിച്ചു. നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ മാര്‍ക്കോ യാന്‍സന്‍ ഗോള്‍ഡന്‍ ഡെക്കാക്കി.
നായകന്‍ ഷക്കീബ് അല്‍ ഹസനെ (1) ലിസാര്‍ഡ് വില്യംസ് പുറത്താക്കിയപ്പോള്‍ വെറ്ററന്‍ താരം മുഷ്ഫിഖര്‍ റഹീമിനെ (8) ജെറാള്‍ഡ് കോയ്റ്റ്‌സി മടക്കി. ലിറ്റന്‍ ദാസിനെ (22) കഗിസോ റബാഡ ക്ലീന്‍ബൗള്‍ഡ് ചെയ്തു. മെഹതി ഹസന്‍ മിറാസിനെ (11) കേശവ് മഹാരാജും പുറത്താക്കി. അല്‍പ്പനേരം പിടിച്ചുനിന്ന നസും അഹമ്മദിനെ (19) കോയ്റ്റിസി റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. ഹസന്‍ മഹമ്മൂദിനെയും (15) കോയിറ്റ്‌സി പുറത്താക്കി.
ചെറിയ സ്‌കോറിലേക്കൊതുങ്ങുമെന്ന് തോന്നിച്ച ബംഗ്ലാദേശിനെ മഹമ്മൂദുല്ലയുടെ (111) സെഞ്ച്വറി ഭേദപ്പെട്ട നിലയിലേക്കെത്തിച്ചു. 111 പന്തില്‍ 11 ഫോറും 4 സിക്‌സുമാണ് താരം പറത്തിയത്. കോയിറ്റ്‌സിയാണ് മഹമ്മൂദുല്ലയെ പുറത്താക്കിയത്. മുസ്തഫിസുര്‍ റഹ്‌മാനെ (11) ലിസാര്‍ഡ് വില്യംസും പുറത്താക്കിയതോടെ 46.4 ഓവറില്‍ 233 റണ്‍സില്‍ ബംഗ്ലാദേശ് ഓള്‍ഔട്ടായി.
പ്ലേയിങ് 11-ദക്ഷിണാഫ്രിക്ക: ക്വിന്റന്‍ ഡീകോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ഡെര്‍ ഡ്യൂസന്‍, എയ്ഡന്‍ മാര്‍ക്രം (c), ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡ് കോയിറ്റ്‌സി, കേശവ് മഹാരാജ്, കഗിസോ റബാഡ, ലിസാദ് വില്യംസ്
ബംഗ്ലാദേശ്- ലിറ്റന്‍ ദാസ്, തന്‍സിദ് ഹസന്‍, മെഹതി ഹസന്‍ മിറാസ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍, മഹമ്മൂദുല്ല, നസും അഹമ്മദ് (c), മുസ്തഫിസുര്‍ റഹ്‌മാന്‍, ഷൊറിഫുല്‍ ഇസ്ലാം, ഹസന്‍ മഹ്‌മ്മൂദ്