ചെന്നൈ: ഏകദിന ലോകകപ്പില്‍ ജീവന്‍ മരണ പോരാട്ടത്തിനിറങ്ങിയ പാകിസ്താന്‍ ദക്ഷിണാഫ്രിക്കയോട് പൊരുതി വീണിരിക്കുകയാണ്. ഒരു വിക്കറ്റിന് മുട്ടുകുത്തിയതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകളും അവസാനിച്ചിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 270 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 16 പന്തും 1 വിക്കറ്റും ബാക്കിയാക്കി വിജയം നേടുകയായിരുന്നു. ഇനി മഹാത്ഭുതങ്ങള്‍ സംഭവിക്കാതെ പാകിസ്താന് സെമിയിലെത്താനാവില്ല.
പാകിസ്താന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നത് നായകന്‍ ബാബര്‍ ആസമാണ്. ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കാനോ മികച്ച ടീം അന്തരീക്ഷം സൃഷ്ടിക്കാനോ ബാബറിന് സാധിക്കുന്നില്ല. ബാബറിനും സെലക്ടര്‍ക്കും പൂര്‍ണ്ണം സ്വാതന്ത്ര്യം നല്‍കിയിട്ടും പ്രകടനം മെച്ചപ്പെടാത്തതിനെതിരേ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡടക്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ബാബറിനെ വിമര്‍ശിച്ചിരിക്കുകയാണ് ഡാനിഷ് കനേരിയ.
പാകിസ്താന് ടീമിനെ നയിക്കാന്‍ അറിയില്ലെന്നും സമ്മര്‍ദ്ദ സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ലെന്നുമാണ് കനേരിയയുടെ വിമര്‍ശനം. 'പേപ്പറില്‍ എഴുതി നല്‍കുന്നത് മാത്രം കളത്തില്‍ ചെയ്യുന്ന നായകനാണ് ബാബര്‍ ആസം. അതിലപ്പുറം മത്സരത്തെക്കുറിച്ച് അവനൊന്നും അറിയില്ല. സമ്മര്‍ദ്ദത്തില്‍ നന്നായി ബാറ്റുചെയ്യാന്‍ ബാബറിന് സാധിക്കില്ല. അതുകൊണ്ടാണ് അഫ്ഗാനിസ്ഥാനെതിരേ ആദ്യം ബാറ്റുചെയ്യാന്‍ ബാബര്‍ തീരുമാനിച്ചത്.
വേഗത്തില്‍ പന്ത് എറിയുന്നു എന്നതാണ് ഹാരിസ് റഊഫിന്റെ ഗുണം. ഹസന്‍ അലിയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനാവില്ല. ചിലപ്പോള്‍ കുറച്ച് റിവേഴ്‌സ് സ്വിങ് എറിയും. വളരെ മോശം ടീമായാണ് ഇപ്പോള്‍ പാകിസ്താനെ തോന്നുന്നത്'- കനേരിയ പറഞ്ഞു. നിലവിലെ പാകിസ്താന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തോറ്റെങ്കിലും മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. എന്നാല്‍ മറ്റ് മത്സരങ്ങളിലെല്ലാം ദയനീയമായിരുന്നു പ്രകടനം.

ഏഷ്യാ കപ്പില്‍ ആതിഥേയരായ പാകിസ്താന്‍ നാണംകെട്ടിരുന്നു. ഇന്ത്യയില്‍ ലോകകപ്പ് നേടി മടങ്ങുമെന്ന് പറഞ്ഞാണ് ബാബര്‍ പുറപ്പെട്ടതെങ്കിലും നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിന്റെ പേരിലും നിരവധി വിമര്‍ശനങ്ങളും ട്രോളുകളും ബാബറിന് നേരിടേണ്ടി വരുന്നു. ലോകകപ്പിന് പിന്നാലെ ബാബറിന്റെ നായകസ്ഥാനം തെറിക്കാനാണ് സാധ്യത. ഇതിന്റെ സൂചനകള്‍ പിസിബി നല്‍കിക്കഴിഞ്ഞു. ബാബറിനെതിരേ പാക് ടീമിനുള്ളില്‍ പടയൊരുക്കം ശക്തമാണ്.
നസീം ഷായുടെ അഭാവം ഇത്തവണ പാകിസ്താനെ തളര്‍ത്തി. ഹാരിസ് റഊഫ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവരുണ്ടെങ്കിലും നസീം ഷായുടെ മികവ് പാകിസ്താന്‍ മിസ് ചെയ്യുന്നു. മികച്ച സ്ഥിരതയോടെ കളിക്കുന്ന ആരും പാക് നിരയിലില്ലെന്നതാണ് വസ്തുത. മുഹമ്മദ് റിസ്വാന്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. പാക് നിരയില്‍ മറ്റെല്ലാവരും നിരാശപ്പെടുത്തുകയാണ്. ബാബറിന് മാച്ച് വിന്നിങ് പ്രകടനം നടത്താനുമാവുന്നില്ല.
നായകനെന്ന നിലയില്‍ മികച്ച തീരുമാനങ്ങളെടുക്കാനോ സമ്മര്‍ദ്ദം സൃഷ്ടിക്കാനോ ബാബറിന് സാധിക്കുന്നില്ല. നിലവിലെ ഒന്നാം നമ്പര്‍ ഏകദിന ബാറ്റ്‌സ്മാനാണ് ബാബര്‍. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവുന്നത്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ബാബറിന് സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. അതുകൊണ്ടുതന്നെ ടീം തോല്‍ക്കുമ്പോള്‍ വലിയ വിമര്‍ശനം ബാബറിന് നേരിടേണ്ടി വരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പാകിസ്താന്റെ ബൗളര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നാല്‍ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് പാകിസ്താന് വിജയം നേടാനാവാത്തതിന്റെ പ്രധാന കാരണം. മധ്യനിരയില്‍ സൗദ് ഷക്കീലും (52) ഷദാബ് ഖാനും (43) ചേര്‍ന്ന് സൃഷ്ടിച്ച നിര്‍ണ്ണായക കൂട്ടുകെട്ടാണ് പാകിസ്താനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. പാക് ടീമില്‍ നിന്ന് ഇതിലും മികച്ച പ്രകടനം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനൊത്തുയരാന്‍ ടീമിനാകുന്നില്ല.