അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ആവേശ ഫൈനല്‍ നാളെ നടക്കാന്‍ പോവുകയാണ്. ആതിഥേയരായ ഇന്ത്യയും മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ കലാശപ്പോരാട്ടത്തില്‍ തീ പാറും. അഹമ്മദാബാദിലാണ് ഫൈനല്‍ നടക്കുന്നത്. ഇന്ത്യ തോല്‍വി അറിയാതെ 10 ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലിലെത്തിയത്.
2003ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു. ഇതിന് കണക്കുവീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക. അഹമ്മദാബാദ് ഇന്ത്യയുടെ ഭാഗ്യ മൈതാനമാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷകളുമേറെ. എന്നാല്‍ ഫൈനലില്‍ എന്ത് തരം പിച്ചാവും ഒരുക്കിയിരിക്കുന്നത്?. സ്പിന്‍ പിച്ചാണോ, ബാറ്റിങ് പിച്ചാണോ?. സൂപ്പര്‍ പോരിന് ഒരു നാള്‍ മാത്രം ശേഷിക്കെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പിച്ച് ക്യൂറേറ്റര്‍.
'കറുത്ത മണല്‍ പ്രദലത്തില്‍ ശക്തമായി റോളര്‍ ഉപയോഗിച്ച് സ്ലോ ബാറ്റിങ് ട്രാക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ വലിയ സ്‌കോര്‍ നേടാനായേക്കും. എന്നാല്‍ ഇവിടുത്തെ ലൈനിലും ലെങ്തിലും തുടര്‍ച്ചയായി വെടിക്കെട്ട് ബാറ്റിങ് നടത്തുക പ്രയാസമായിരിക്കും. 315 റണ്‍സ് ഇവിടെ പ്രതിരോധിക്കാവുന്ന സ്‌കോറാണ്. രണ്ടാമത് ബാറ്റുചെയ്യുന്നവര്‍ക്ക് പ്രയാസമാവും' - പിച്ച് ക്യൂറേറ്റര്‍ പിടിഐയോട് പറഞ്ഞു. അഹമ്മദാബാദിലെ പിച്ച് പൊതുവേ ബാറ്റിങ്ങിന് അനുകൂലമാണ്.
ഐപിഎല്ലിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ത്തന്നെ ഇത് വ്യക്തമാവും. ഫ്‌ളാറ്റ് പിച്ചാണ് അഹമ്മദാബാദിലേത്. എന്നാല്‍ ന്യൂബോളില്‍ നല്ല സ്വിങ് ലഭിക്കുമെന്നുറപ്പ്. മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന സാഹചര്യമായിരിക്കും അഹമ്മദാബാദിലേത്. നല്ല സ്വിങ് പേസര്‍മാര്‍ക്ക് ലഭിക്കും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പ്രതീക്ഷകളുമേറെ. ഓസീസ് പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും നന്നായി സ്വിങ് ചെയ്യിപ്പിക്കാന്‍ കഴിവുള്ളവരാണ്.

മധ്യ ഓവറുകളില്‍ പിച്ചിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടാവും. സ്പിന്നിന് വലിയ ടേണ്‍ ലഭിക്കില്ല. എന്നാല്‍ മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിഞ്ഞാല്‍ വിക്കറ്റ് നേടാനാവും. രവീന്ദ്ര ജഡേജ ഇക്കാര്യത്തില്‍ മിടുക്കനാണ്. കുല്‍ദീപ് യാദവിനെക്കാള്‍ പിച്ചില്‍ മികവ് കാട്ടാനാവുക രവീന്ദ്ര ജഡേജയ്ക്കാവും. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍, ട്രവിസ് ഹെഡ് എന്നിവരുടെ ഫ്‌ളാറ്റ് ലൈന്‍ സ്പിന്നുകളെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം.
ടോസ് നിര്‍ണ്ണായകമാവുമെന്നുറപ്പ്. ആദ്യം ബാറ്റുചെയ്യാനാവും ടീമുകള്‍ കൂടുതല്‍ താല്‍പര്യപ്പെടുക. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് സ്ലോവാകുമെന്ന് ക്യൂറേറ്റര്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ വലിയ ഷോട്ടുകള്‍ കളിക്കുക പ്രയാസമാവും. അഹമ്മദാബാദിലേത് വലിയ മൈതാനമാണ്. അതുകൊണ്ടുതന്നെ വലിയ പവര്‍ ഷോട്ടുകള്‍ കളിക്കുക പ്രയാസമാവും. ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിരയും ശക്തമാണ്.
എന്നാല്‍ സ്പിന്‍ ദൗര്‍ബല്യം ഓസീസ് നിരക്കുണ്ട്. അഫ്ഗാനിസ്ഥാനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുമെല്ലാം ഈ ദൗര്‍ബല്യം ഓസീസിനെ വേട്ടയാടിയത് കണ്ടതാണ്. ഇന്ത്യ മികച്ച സ്പിന്‍ കരുത്തുള്ള ടീമാണ്. അതുകൊണ്ടുതന്നെ രണ്ടാമത് ബാറ്റുചെയ്താല്‍ ഓസീസിന് കാര്യങ്ങള്‍ പ്രയാസമാവും. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ കൂട്ടുകെട്ട് മികച്ച തുടക്കം നല്‍കേണ്ടത് അത്യാവശ്യമാണ്.
പിന്നാലെയെത്തുന്ന വിരാട് കോലിയും ശ്രേയസ് അയ്യറും കെ എല്‍ രാഹുലും ഫോമിലാണ്. ആദ്യത്തെ അഞ്ച് ബാറ്റ്‌സ്മാന്‍മാരുടെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പിന് അടിത്തറ. എന്നാല്‍ വാലറ്റത്തിന്റെ ബാറ്റിങ് നിരാശപ്പെടുത്തുന്നതാണ്. ബൗളര്‍മാരും ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതേ മികവ് ഫൈനലിലും കാഴ്ചവെച്ച് കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.