മുംബൈ: ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. കിരീടത്തില്‍ കുറഞ്ഞൊന്നും ടീം പ്രതീക്ഷിക്കുന്നില്ലെന്ന് പറയാം. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായും രോഹിത് ശര്‍മ ക്യാപ്റ്റനായും ടീമിന് കരുത്ത് പകരുമ്പോള്‍ ടീമിന് കപ്പിലേക്കെത്താമെന്ന ആത്മവിശ്വാസം എല്ലാ ആരാധകര്‍ക്കുമുണ്ട്.
ഇത്തവണ കരുത്തുറ്റ താരനിരയാണ് ഇന്ത്യക്കുള്ളത്. പരിക്ക് ഒരു വശത്ത് തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും അനുഭവസമ്പത്തിന്റെ കരുത്തിലും തട്ടകത്തിന്റെ ആധിപത്യത്തിലും കപ്പിലേക്കെത്താമെന്ന പ്രതീക്ഷ ഇന്ത്യക്കുണ്ട്. എന്നാല്‍ ലോകകപ്പ് ടീം തിരഞ്ഞെടുപ്പിന് മുമ്പ് ചില പ്രധാന കാര്യങ്ങളില്‍ അന്തിമ തീരുമാനത്തിലേക്കെത്തേണ്ടതായുണ്ട്. ഇതിന്റെ ഭാഗമായി രോഹിത് ശര്‍മയേയും രാഹുല്‍ ദ്രാവിഡിനെയും കാണാന്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകാനൊരുങ്ങുകയാണ് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസില്‍ പരമ്പര കളിക്കുകയാണ് ഇന്ത്യന്‍ ടീം. ലോകകപ്പിന് മുമ്പ് പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് അഗാര്‍ക്കര്‍ നിര്‍ണ്ണായക കൂടിക്കാഴ്ചക്കൊരുങ്ങുന്നത്. ലോകകപ്പിനായി 20 അംഗ ടീമിനെ പരിഗണിക്കാനാണ് സാധ്യത. 15 അംഗ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതായുണ്ട്. അഞ്ച് താരങ്ങളെ സ്റ്റാന്റ്‌ബൈയായും ഒപ്പം കൂട്ടണം. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലാത്ത യുവതാരങ്ങളെല്ലാം ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അഗാര്‍ക്കറുടെ സന്ദര്‍ശനത്തിലൂടെ ചില പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടേക്കും. അതില്‍ ഒന്നാമത്തെ കാര്യം ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ മടങ്ങിവരവാണ്. വിന്‍ഡീസ് പരമ്പരക്ക് ശേഷം ഇന്ത്യ അയര്‍ലന്‍ഡിനെതിരേ മൂന്ന് മത്സര ടി20 പരമ്പര കളിക്കുന്നുണ്ട്. ഇതില്‍ ബുംറയെ പരിഗണിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. ബുംറ ഏറെ നാളുകളായി ടീമിന് പുറത്താണ്.

അവസാന ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം ബുംറക്ക് നഷ്ടമായിരുന്നു. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബുംറ പരിശീലനം നടത്തുന്നുണ്ട്. എന്നാല്‍ റിട്ടേണ്‍ ടു പ്ലേയ്ക്കായുള്ള (ആര്‍ടിപി) സര്‍ട്ടിഫിക്കറ്റ് ഇതുവരെ ബുംറക്ക് ലഭിച്ചിട്ടില്ല. ലോകകപ്പിന് മുമ്പ് ബുംറയെ കളിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഏത് പരമ്പരയിലൂടെയാണ് ബുംറയെ തിരികെ കൊണ്ടുവരേണ്ടതെന്നതാണ് ഇനി തീരുമാനിക്കപ്പെടേണ്ടത്. ഈ ചര്‍ച്ചയിലൂടെ അതിന് തീരുമാനമുണ്ടായേക്കും.
ഐപിഎല്ലിനിടെ പരിക്കേറ്റ കെ എല്‍ രാഹുലും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ അയര്‍ലന്‍ഡ് പരമ്പരയില്‍ രാഹുല്‍ പങ്കെടുത്തേക്കില്ല. ഏഷ്യാ കപ്പിലേക്ക് രാഹുല്‍ പരിഗണിക്കപ്പെടാനാണ് സാധ്യത കൂടുതല്‍. ശ്രേയസ് അയ്യരും പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലൂടെ തിരിച്ചുവരാനുള്ള അവസരം ഇവര്‍ക്ക് ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. റിഷഭ് പന്തിന്റെ തിരിച്ചുവരവിന്റെ കാര്യവും തീരുമാനിക്കേണ്ടതായുണ്ട്.
നിലവില്‍ പരിക്കേറ്റ് പുറത്തുള്ള റിഷഭിന് ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ല. അങ്ങനെ വന്നാല്‍ ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെയൊക്കെ പരിഗണിക്കണമെന്നത് തീരുമാനിക്കേണ്ടതായുണ്ട്. പരിക്കിന് ശേഷം വരുന്ന കെ എല്‍ രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കുമോ അതേ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെ പരിഗണിക്കണമോയെന്ന കാര്യത്തിലും തീരുമാനത്തിലേക്കെത്തേണ്ടതായുണ്ട്.
സഞ്ജു സാംസണിന്റെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമുണ്ടാവും. ബാക്കപ്പ് താരമായിട്ടാണോ, അതോ 15 അംഗ ടീമിലാണോ സഞ്ജുവിന് ഇടം വേണ്ടതെന്നത് ഈ ചര്‍ച്ചയില്‍ തീരുമാനമായേക്കും. വിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടുണ്ട്. ഉമേഷ് യാദവ്, ചേതേശ്വര്‍ പുജാര എന്നിവരുടെ ടെസ്റ്റിലെ ഭാവിയും തീരുമാനിക്കപ്പെട്ടേക്കും. കൂടാതെ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ടി20യിലെ ഭാവിയും അഗാര്‍ക്കറുടെ ദ്രാവിഡുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാവും.
വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കോലിക്കും രോഹിത്തിനും ഇടമില്ല. ഇനിയൊരു തിരിച്ചുവരവ് നടത്താനും സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും ടി20 ഭാവിയില്‍ അന്തിമ തീരുമാനം ഉടനുണ്ടായേക്കും. എന്തായാലും അഗാര്‍ക്കറുടെ കൂടിക്കാഴ്ചക്ക് ശേഷം നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.