For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 2 ഓവറില്‍ 3 വിക്കറ്റ്, 'സിഎസ്‌കെ ബോയ്' അല്ലാതെ മറ്റാര്! ജഡേജ ഹീറോ ഡാ

ചെന്നൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്‌ട്രേലിയക്കെതിരേ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇതില്‍ എടുത്തു പറയേണ്ടത് രവീന്ദ്ര ജഡേജയുടെ ബൗളിങ് പ്രകടനമാണ്. രണ്ടോവറില്‍ മൂന്ന് വിക്കറ്റുമായി ഓസീസിന്റെ നടുവൊടിച്ചത് ജഡേജയാണ്.

71 പന്തില്‍ 5 ബൗണ്ടറി ഉള്‍പ്പെടെ 46 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിനെയാണ് ആദ്യം ജഡേജ പുറത്താക്കിയത്. ക്ലാസിക് ബാറ്റ്‌സ്മാനായ സ്മിത്തിന് യാതൊരു ഐഡിയയും നല്‍കാതെയാണ് ജഡേജ സ്റ്റംപ് തെറിപ്പിച്ചത്. അത്ഭുതപ്പെടുത്തുന്ന പന്തിലാണ് സ്മിത്തിന്റെ മടക്കം. പിന്നാലെ അപകടകാരിയായ മാര്‍നസ് ലബ്യുഷെയ്‌നെ ജഡേജ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. അലക്‌സ് ക്യാരിയെ ജഡ്ഡു എല്‍ബിയിലും കുടുക്കി.

രണ്ടോവറില്‍ മൂന്ന് വിക്കറ്റുകള്‍ ജഡേജ വീഴ്ത്തിയതോടെയാണ് ഓസീസിന്റെ നില പരുങ്ങലിലായത്. ഇപ്പോഴിതാ ജഡേജയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തെ വാനോളം പ്രശംസിക്കുകയാണ് ആരാധകര്‍. പ്രധാനമായും സിഎസ്‌കെ ആരാധകരാണ് ജഡേജയുടെ പ്രകടനത്തെ വാഴ്ത്തുന്നത്. സിഎസ്‌കെ ബോയ് എന്നാണ് ആരാധകര്‍ കുറിക്കുന്നത്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ സൂപ്പര്‍ താരമാണ് ജഡേജ. അവസാന സീസണില്‍ സിഎസ്‌കെ കപ്പടിച്ചത് ജഡേജയുടെ മികവിലാണ്.

ഏറെ നാളുകളായി സിഎസ്‌കെയുടെ ഭാഗമായിട്ടുള്ള ജഡേജയ്ക്ക് ചെന്നൈയിലെ പിച്ചിന്റെ സ്വഭാവം മറ്റാരെക്കാളും നന്നായി അറിയാം. ഇത് കൃത്യമായി ഉപയോഗിക്കാനും ജഡേജയ്ക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ജഡേജയെ ആദ്യം തന്നെ കളത്തിലിറക്കാതെ മധ്യ ഓവറുകളിലേക്കായി മാറ്റിവെച്ച രോഹിത്തിന്റെ ബുദ്ധിയും കൃത്യമായി ഫലം കണ്ടു. സിഎസ്‌കെ ആരാധകരെല്ലാം ജഡേജയുടെ പ്രകടനത്തെ അഭിനന്ദിക്കുകയാണ്.

kuldeep yadav

10 ഓവറില്‍ 2 മെയ്ഡനടക്കം 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ജഡേജ മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയത്. ആദം സാംബയുടെ ക്യാച്ച് ജഡേജയുടെ അവസാന ഓവറില്‍ രാഹുലിന് ലഭിച്ചെങ്കിലും വിക്കറ്റ് കീപ്പര്‍ക്ക് പിടിച്ചെടുക്കാനായില്ല. രാഹുലിന്റെ പാഡില്‍ തട്ടി സ്ലിപ്പിലേക്കുയര്‍ന്ന പന്തിനെ കൈയിലാക്കാന്‍ രോഹിത് ശര്‍മക്കും സാധിക്കാതെ പോയി. അല്ലായിരുന്നെങ്കില്‍ നാല് വിക്കറ്റ് പ്രകടനത്തോടെ ജഡേജയ്ക്ക് വിക്കറ്റ് വേട്ടയില്‍ ഒരുപടി കൂടി മുന്നിലേക്കെത്താമായിരുന്നു.

ധോണിയുടെ ശിഷ്യന്മാരെ ചെന്നൈയില്‍ വിറപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ സ്പിന്നര്‍മാരെ ഉപയോഗിച്ച രോഹിത് പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് കൃത്യമായി ബൗളിങ് ചെയ്ഞ്ചും വരുത്തി. മൂന്ന് സ്പിന്നര്‍മാരും സാഹചര്യത്തിനനുസരിച്ച് ഉയര്‍ന്നുവെന്നതാണ് എടുത്തു പറയേണ്ടത്. കുല്‍ദീപ് യാദവ് ഡേവിഡ് വാര്‍ണറെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ വമ്പനടിക്കാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ക്ലീന്‍ബൗള്‍ഡുമാക്കി.

ആര്‍ അശ്വിന്‍ തുടക്കം മുതല്‍ മികവ് കാട്ടിയെങ്കിലും വിക്കറ്റ് നേടാനായില്ല. എന്നാല്‍ നിര്‍ണ്ണായക സമയത്ത് കാമറൂണ്‍ ഗ്രീനിനെ പുറത്താക്കി ഓസീസിന്റെ അവസാന പ്രതീക്ഷയും അസ്തമിപ്പിക്കാന്‍ അശ്വിന് സാധിച്ചു. സ്പിന്‍ പിച്ചില്‍ പേസര്‍ ജസ്പ്രീത് ബുംറയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നിര്‍ണ്ണായക റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കുമെന്ന് തോന്നിക്കവെ ബുംറ മടക്ക ടിക്കറ്റ് നല്‍കി.

തട്ടകത്തിന്റെ സ്വഭാവത്തിനൊത്ത് ഗംഭീര ബൗളിങ് പ്രകടനമാണ് ഇന്ത്യയുടെ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. 73 പന്തുകള്‍ ഒരു ബൗണ്ടറി പോലും വഴങ്ങാതെ ഇന്ത്യ ഓസീസിനെതിരേ എറിഞ്ഞു. ഇതേ പ്രകടനം വരുന്ന മത്സരങ്ങളിലും തുടരാനാവുമോയെന്നത് കണ്ടറിയാം. 14ന് പാകിസ്താനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Sunday, October 8, 2023, 17:42 [IST]
Other articles published on Oct 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+