ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടത്തിനു തൊട്ടുമുമ്പ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം പിച്ച് വിവാദമായിരുന്നു. മുംബൈയിലെ വാംഖഡെയില്‍ പിച്ചില്‍ ഇന്ത്യ ചില തിരിമറികള്‍ നടത്തിയെന്നും കളിയില്‍ നിര്‍ണായക മേല്‍ക്കൈ നേടുന്നതിനു വേണ്ടിയാണിതെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. ചില വിദേശ മാധ്യമങ്ങളായിരുന്നു ഇന്ത്യക്കും ബിസിസിഐയ്ക്കുമെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തു വന്നത്.
സ്പിന്നര്‍മാര്‍ക്കു ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി നേരത്തേ ഉപയോഗിച്ച പിച്ച് തന്നെ സെമി ഫൈനലിലും വേണമെന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അപേക്ഷിച്ചുവെന്നായിരുന്നു പുറത്തുവന്ന റിപ്പാര്‍ട്ടുകള്‍. സ്വന്തം ടീമിലെ സ്പിന്നര്‍മാര്‍ക്കു പിച്ചില്‍ നിന്നും പരമാവധി ആനുകൂല്യം ലഭിക്കാനാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയതെന്നും ആരോപണങ്ങള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണങ്ങളോടു ഐസിസി പ്രതികരിച്ചിരിക്കുകയാണ്.

വേദിയിലെ ക്യുറേറ്ററുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സെമി ഫൈനലിനുള്ള പിച്ച് തയ്യാറാക്കിയതെന്നാണ് ഐസിസിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. പ്ലാന്‍ ചെയ്തിരിക്കുന്ന പിച്ചുകളില്‍ റൊട്ടേഷന്‍ വരുത്തുന്നത് ഇതുപോലെ ദൈര്‍ഘ്യമേറിയ ഒരു ടൂര്‍ണമെന്റില്‍ സാധാരണമാണ്. നേരത്ത കുറച്ചു തവണ ഇതു സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
പിച്ച് ക്യുറേറ്ററുടെ നിര്‍ദേശ പ്രകാരം ഞങ്ങളുടെ വക്താവുമായി ആലോചിച്ചാണ് പിച്ചില്‍ മാറ്റം വരുത്തിയത്. ഐസിസിയുടെ സ്വതന്ത്ര പിച്ച് കണ്‍സള്‍ട്ടന്റിനെ ഈ മാറ്റത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു. പിച്ച് നല്ലതായിരിക്കില്ലെന്നു വിശ്വസിക്കാന്‍ ഒരു കാരണവുമില്ലെന്നും ഐസിസി വക്താവ് വ്യക്തമാക്കി.
സ്ലോ പിച്ചാണ് താല്‍പ്പര്യമെന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തങ്ങളെ അറിയിച്ചതായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ വക്താവിനെ ഉദ്ദരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിച്ച് അധികം ടേണ്‍ ചെയ്യുന്നതായിരിക്കില്ല. പക്ഷെ ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടത് സ്ലോ പിച്ചിനു വേണ്ടിയായിരുന്നു. പുല്ല് ഞങ്ങള്‍ ചെത്തിക്കളയാനുള്ള പ്രധാന കാരണവും ഇതു തന്നെയായിരുന്നുവെന്നാണ് എംഎസിഎ ഒഫീഷ്യല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞത്.
റണ്‍മഴ, കിവികളുടെ ലക്ഷ്യം 398
സെമി ഫൈനലില്‍ ഇന്ത്യന്‍ ടീമിന്റെ റണ്‍മഴ തന്നെയാണ് കണ്ടത്. വാംഖഡെയില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വാരിക്കൂട്ടിയത് 397 റണ്‍സാണ്. ഇന്ത്യന്‍ നിരയില്‍ രണ്ടു പേര്‍ സെഞ്ച്വറികള്‍ കുറിക്കുകയും ചെയ്തു.

ഇതിഹാസ ബാറ്റര്‍ വിരാട് കോലി 50ാം സെഞ്ച്വറിയുമായി മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോകറെക്കോര്‍ഡ് തകര്‍ക്കുന്നതിനും വാംഖഡെ വേദിയായി. 117 റണ്‍സാണ് അദ്ദേഹം നേടിയത്. 113 ബോളുകള്‍ നേരിട്ട കോലി ഒമ്പതു ഫോറും രണ്ടു സിക്‌സറുമടിച്ചു.
ശ്രേയസ് അയ്യരാണ് മറ്റൊരു സെഞ്ച്വറി വീരന്‍. വെറും 70 ബോളില്‍ നാലു ഫോറും എട്ടു സിക്‌സറുമടക്കം അദ്ദേഹം 105 റണ്‍സ് വാരിക്കൂട്ടി. പുറത്താവാതെ 80 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 47ഉം കെഎല്‍ രാഹുല്‍ പുറത്താവാതെ 39 റണ്‍സും നേടി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടോം ലാതം (വിക്കറ്റ് കീപ്പര്‍), മാര്‍ക്ക് ചാപ്പ്മാന്‍, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍.