ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ച താരങ്ങളിലൊരാളാണ് ശുബ്മാന്‍ ഗില്‍. ഈ വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകളെല്ലാം സ്വന്തമാക്കിയെത്തിയ ശുബ്മാന് പക്ഷെ ലോകകപ്പില്‍ മികവ് കാട്ടാനാവുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ മത്സരം കളിക്കാന്‍ സാധിക്കാതിരുന്ന ഗില്‍ പിന്നീടുള്ള നാല് മത്സരങ്ങളും കളിച്ചു. ഇതില്‍ ബംഗ്ലാദേശിനെതിരായ അര്‍ധ സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് യുവതാരം കാഴ്ചവെച്ചിരിക്കുന്നത്.
നാല് മത്സരങ്ങളില്‍ നിന്ന് 100 റണ്‍സാണ് ആകെ ഗില്‍ നേടിയത്. പാകിസ്താനെതിരേ 16 റണ്‍സും ബംഗ്ലാദേശിനെതിരേ 53 റണ്‍സും ന്യൂസീലന്‍ഡിനെതിരേ 26 റണ്‍സും നേടിയ ഗില്‍ ഇംഗ്ലണ്ടിനെതിരേ 9 റണ്‍സിനാണ് പുറത്തായത്. ക്രിസ് വോക്‌സിന്റെ പന്തില്‍ ശുബ്മാന്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ശുബ്മാന്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്നതോടെ വിമര്‍ശനവും ശക്തമാവുകയാണ്. ഗില്ലിനെ ഫോമിലേക്കെത്താന്‍ സാറാ ടെണ്ടുല്‍ക്കറെ കൊണ്ടുവരണമോയെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.
സാറാ ടെണ്ടുല്‍ക്കര്‍ കളി കാണാനെത്തിയ മത്സരത്തില്‍ ഗില്ലിന് തിളങ്ങാനായിരുന്നു. ബംഗ്ലാദേശിനെതിരേ സാറ ഗ്യാലറിയിലിരുന്നപ്പോള്‍ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ഗില്ല് നേടിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും തകര്‍പ്പന്‍ ഷോട്ടുകള്‍ കളിക്കാനുമെല്ലാം ഗില്ലിന് സാധിച്ചു. എന്നാല്‍ സാറ കളികാണാനില്ലാത്ത എല്ലാ മത്സരത്തിലും താരം ഫ്‌ളോപ്പായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഗില്ലിനെ ഫോമിലേക്കെത്തിക്കാന്‍ സാറയെ എല്ലാ മത്സരത്തിലും ഗ്യാലറയിലെത്തിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
ഗില്ലിന്റെ മോശം പ്രകടനത്തിന് പിന്നാലെ ശിഖര്‍ ധവാന്റെ പേരും സാമൂഹ്യ മാധ്യമങ്ങളില്‍ ട്രന്റിങ്ങായിരിക്കുകയാണ്. ധവാനായിരുന്നു ഇതിലും ഭേദമെന്നും ഐസിസി ടൂര്‍ണമെന്റില്‍ ധവാന്റെ മികവ് ഇന്ത്യ മറക്കാന്‍ പാടില്ലായിരുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മൂന്ന് മോശം പ്രകടനത്തിന്റെ പേരില്‍ ഗില്ലിനെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും ഇന്ത്യയുടെ അടുത്ത ഹീറോയായി ഗില്ലെത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ചില ആരാധകര്‍ പ്രതികരിക്കുന്നു.

രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തമ്മില്‍ മികച്ച കൂട്ടുകെട്ടുകളാണ് ഓപ്പണിങ്ങില്‍ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണ അവസരത്തിനൊത്ത് ഉയരാന്‍ ഗില്‍ നന്നായി പ്രയാസപ്പെടുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യ അഞ്ച് മത്സരത്തിലും റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഇന്ത്യക്ക് ഇത്തവണ ആദ്യം ബാറ്റുചെയ്യേണ്ടി വന്നപ്പോള്‍ തുടക്കം പിഴച്ചു. വിരാട് കോലി 9 പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് പുറത്തായത്.
ശ്രേയസ് അയ്യര്‍ 16 പന്ത് നേരിട്ട് നേടിയത് വെറും 4 റണ്‍സാണ്. 40 റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ശ്രേയസ് അയ്യര്‍ക്ക് ഷോര്‍ട്ട് ബോളിലാണ് വീണ്ടും പിഴച്ചത്. ന്യൂസീലന്‍ഡിനെതിരേ ട്രന്റ് ബോള്‍ട്ടിന്റെ സ്ലോ ഷോര്‍ട്ട് ബോളില്‍ ശ്രേയസ് കുടുങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരേ ക്രിസ് വോക്‌സിന്റെ ഷോര്‍ട്ട് ബോള്‍ കെണിയിലാണ് ശ്രേയസ് പുറത്തായത്. അവസാന ഐപിഎല്ലില്‍ തുടങ്ങിയ ഷോര്‍ട്ട് ബോള്‍ കെണിയാണ് ഇപ്പോഴും ശ്രേയസിനെ വേട്ടയാടുന്നത്.
ഷോര്‍ട്ട് ബോളുകള്‍ തന്റെ ദൗര്‍ബല്യമാണെന്ന് ശ്രേയസിന് അറിയാമെങ്കിലും അമിത ആത്മവിശ്വാസം കാട്ടുന്നതാണ് വിക്കറ്റ് നഷ്ടമാവാന്‍ കാരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ഇതേ ദൗര്‍ബല്യവുമായി അധികനാള്‍ മുന്നോട്ട് പോകാന്‍ ശ്രേയസിന് സാധിക്കില്ലെന്നുറപ്പ്. ഇംഗ്ലണ്ടിനെതിരേ ഡെക്കിന് പുറത്തായതോടെ നാണംകെട്ട റെക്കോഡിലേക്കും കോലിക്ക് എത്തേണ്ടിവന്നു. കൂടുതല്‍ തവണ ഡെക്കായ ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമാണ് കോലി.
രണ്ട് പേരും 34 തവണയാണ് ഡെക്കിന് പുറത്താവുന്നത്. ഏകദിന ലോകകപ്പില്‍ വിരാട് കോലി ഡെക്കിന് പുറത്താവുന്നത് ഇതാദ്യമായാണ്. വന്‍ തകര്‍ച്ചയാണ് ഇന്ത്യ മുന്നില്‍ കണ്ടതെങ്കിലും രോഹിത് ശര്‍മയുടേയും കെ എല്‍ രാഹുലിന്റേയും കരുത്തില്‍ ഇന്ത്യ തിരിച്ചുവരവ് നടത്തിയെന്നത് ആശ്വാസമാണ്.