ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇത്തവണ കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയില്‍ തന്നെയാണ് ആതിഥേയരായ ടീം ഇന്ത്യയുടെ സ്ഥാനം. ടൂര്‍ണമെന്റ് സ്വന്തം കാണികള്‍ക്കു മുന്നിലായതിനാല്‍ തന്നെ ഇന്ത്യ വീണ്ടുമൊരു ലോകകപ്പില്‍ മുത്തമിടുമെന്നാണ് എല്ലാവരും ഉറച്ചു വിശ്വസിക്കുന്നത്. 2011ല്‍ അവസാനമായി ലോകകപ്പിനു വേദിയായപ്പോള്‍ (സംയുക്ത ആതിഥേയര്‍) ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായിരുന്നു.
12 വര്‍ഷങ്ങള്‍ക്കു ശേഷം ടൂര്‍ണമെന്റ് വീണ്ടും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. ഇത്തവണത്തെ ലോകകപ്പില്‍ നിന്നും ഇന്ത്യയെ പുറത്താക്കാന്‍ ശേഷിയുള്ളത് ഒരു ടീമിനു മാത്രമാണെന്നും അതു ആരായിരിക്കുമെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്.

അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള, സ്വന്തം ടീം കൂടിയായ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ ടൂര്‍ണമെന്റില്‍ നിന്നും ഔട്ടാക്കാന്‍ സാധിക്കുന്നവരെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. 2015ല്‍ അവസാനമായി ലോകകപ്പുയര്‍ത്തിയ കംഗാരുപ്പട ഇത്തവണ ആറാം കിരീടം തേടിയാണ് ഇന്ത്യന്‍ മണ്ണിലെത്തുന്നത്.
റെവ്‌സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകകപ്പില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിക്കുക ഓസ്‌ട്രേലിയ ആയിരിക്കുമെന്നു ഹോഗ് വ്യക്തമാക്കിയത്. ഒക്ടോബര് അഞ്ചിനാണ് ലോകകപ്പിനു തുടക്കമാവുന്നത്.
നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലാണ് കന്നിയങ്കം. ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വരുന്നത്. ചെന്നൈയിലെ ചെപ്പോക്കിലാണ് ഈ സൂപ്പര്‍ പോരാട്ടം.
ലോകകപ്പില്‍ ഇത്തവണ ഇന്ത്യയെ പരാജയപ്പെടുത്താന്‍ ശേഷിയുള്ള ഒരേയൊരു ടീം ഓസ്‌ട്രേലിയ ആയിരിക്കുമെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും കഴിഞ്ഞ ആഷസിലുമെല്ലാം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഞങ്ങളുടെ നിലവിലെ ടീമിനു കഴിഞ്ഞിട്ടുണ്ട്. രണ്ടിലും ജേതാക്കളാവാന്‍ ഓസീസിന് സാധിച്ചു. ഉയര്‍ന്ന തലത്തിലുള്ള അവരുടെ കഴിവും സൂക്ഷ്മതയുമെല്ലാമാണ് ഇതു കാണിച്ചു തരുന്നതെന്നും ഹോഗ് വിശദമാക്കി.
ലോകകപ്പിനു തൊട്ടുമുമ്പ് നാട്ടില്‍ വച്ച് ഏകദിന പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ക്കുന്നുണ്ട്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും ശക്തി പരീക്ഷിക്കുക.
തങ്ങളുടെ കരുത്തും പോരായ്മയുമെല്ലാം ലോകകപ്പിന് മുമ്പ് മനസ്സിലാക്കാനും വീക്ക്‌നെസുകള്‍ പരിഹരിക്കാനും ഇരുടീമുകള്‍ക്കും ലഭിക്കുന്ന അവസരം അവസരം കൂടിയായിരിക്കും ഇത്. ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെയും ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെയുമെല്ലാം ഓസ്‌ട്രേലിയ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.

അതേസമയം, നിലവില്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ ഏഷ്യാ കപ്പിന്റെ ചൂടിലാണ്. ടൂര്‍ണമെന്റ് ഏകദിന ഫോര്‍മാറ്റിലായതിനാല്‍ തന്നെ ലോകകപ്പിനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും ഇത്.
ചിരവൈരികളായ പാകിസ്താന്‍, നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്ക എന്നിവരാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന ടീമുകള്‍. ശനിയാഴ്ച പാകിസ്താനുമായിട്ടാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. വിജയത്തോടെ തന്നെ തുടങ്ങാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം.
അതേസമയം, ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്ത 17 അംഗ സ്‌ക്വാഡിലെ ഭൂരിഭാഗം പേരും ലോകകപ്പിലുമുണ്ടാവും.
കാര്യമായ സര്‍പ്രൈസുകളൊന്നും ലോകകപ്പ് സംഘത്തിലുണ്ടാവാന്‍ സാധ്യതയുമില്ല. സപ്തംബര്‍ മൂന്നിന് ഞായറാഴ്ച ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ അജിത് അഗാര്‍ക്കര്‍ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.