ധര്‍മശാല: ലോകകപ്പില്‍ ഇത്തവണത്തെ ആദ്യത്തെ ഏഷ്യന്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ നാണംകെടത്തി ബംഗ്ലാദേശിനു ഗംഭീര തുടക്കം. ധര്‍മശാലയില്‍ നടന്ന പോരാട്ടത്തില്‍ ബൗളിങ് കരുത്തിലാണ് അഫ്ഗാനെ ഷാക്വിബുല്‍ ഹസനും സംഘവും തരിപ്പണമാക്കിയത്. ആറു വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അഫ്ഗാനെ ഉജ്ജ്വല ബൗളിങിലൂടെ ബംഗ്ലാ കടുവകള്‍ പിടിച്ചുകെട്ടി. വെറും 156 റണ്‍സിനു അവര്‍ കൂടാരത്തില്‍ തിരിച്ചെത്തി.
മറുപടിയില്‍ ബംഗ്ലാദേശിന് ഈ സ്കോര്‍ മറികടക്കാന്‍ അധികം വിയര്‍ക്കേണ്ടി വന്നില്ല. വെറും 34.4 ഓവറില്‍ നാലു വിക്കറ്റിനു ബംഗ്ലാദേശ് വിജയ റണ്‍സ് കുറിക്കുകയും ചെയ്തു. നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെയും (59*) മെഹ്ദി ഹസന്‍ മിറാസിന്റെയും (57) ഫിഫ്റ്റികളാണ് ബംഗ്ലാദേശ് വിജയം എളുപ്പമാക്കിയത്. ഷാന്റോ 83 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടിച്ചപ്പോള്‍ മിറാസ് 73 ബോളില്‍ അഞ്ചു ഫോറുകളടിച്ചു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും കസറിയ ബംഗ്ലാദേശ് താരം മിറാസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

നേരത്തേ മോശമല്ലാത്ത തുടക്കം ലഭിച്ച ശേഷമാണ് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് അഫ്ഗാന്‍ 37.2 ഓവറില്‍ 156നു കൂടാരത്തില്‍ തിരിച്ചെത്തിയത്. അഫ്ഗാന്‍ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി നേടിയില്ല 47 റണ്‍സെടുത്ത ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് അഫ്ഗാനു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. 62 ബോളുകള്‍ നേരിട്ട താരം നാലു ഫോറും ഒരു സിക്‌സറുമടിച്ചു. ഇബ്രാഹിം സദ്രാനും അസ്മത്തുള്ള സസായിയും 22 റണ്‍സ് വീതമെടുത്തു. മറ്റാരും തന്നെ 20 റണ്‍സ് പോലും തികച്ചില്ല.
15 ഓവറുകള്‍ കഴിയുമ്പോള്‍ അഫ്ഗാന്‍ ഒരു വിക്കറ്റിനു 83 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. 250നു മുകളില്‍ റണ്‍സ് ഉറപ്പായിട്ടും അവര്‍ നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ മികച്ച ബൗളിങിലൂടെ അഫ്ഗാന്‍ ബാറ്റര്‍മാരെ ബംഗ്ലാദേശ് സമ്മര്‍ദ്ദത്തിലാക്കി. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതില്‍ ബംഗ്ലാ ക്യാപ്റ്റന്‍ ഷാക്വിബുസന്‍ അസാധാരണ മികവാണ് പുലര്‍ത്തിയത്.
25ാം ഓവറില്‍ മൂന്നിന് 112 റണ്‍സെന്ന നിലയിലായിരുന്നു അഫ്ഗാന്‍. റണ്‍റേറ്റ് കുറവായിരുന്നെങ്കിലും വിക്കറ്റുകള്‍ കൈയിലുള്ളതിനാല്‍ 250ക്കു മുകളില്‍ റണ്‍സ് അഫ്ഗാനു അസാധ്യമായിരുന്നില്ല. പക്ഷെ പിന്നീട് അഫ്ഗാന്റെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. 44 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും അവര്‍ നഷ്ടപ്പെടുത്തുകയായിരുന്നു.

ബൗളിങിന്റെ മികവിനേക്കാള്‍ അഫ്ഗാന്‍ താരങ്ങളുടെ പിഴവ് തന്നെയാണ് ഈ തകര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. കൂടുതല്‍ പേരും മോശം ഷോട്ടുകള്‍ കളിച്ച് വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിനു കാര്യങ്ങള്‍ എളുപ്പമായി തീരുകയും ചെയ്തു.
മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ഷാക്വിബും മെഹ്ദി ഹസന്‍ മിറാസും ചേര്‍ന്നാണ് അഫ്ഗാനെ എറിഞ്ഞിട്ടത്. ഷാക്വിബ് എട്ടോവറില്‍ 30 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ മിറാസ് ഒമ്പതോവറില്‍ മൂന്നു മെയ്ഡനടക്കം വെറും 25 റണ്‍സാണ് വഴങ്ങിയത്. ഷൊരിഫുല്‍ ഇസ്ലാമിനു രണ്ടു വിക്കറ്റ് ലഭിച്ചു. നേരത്തേ ടോസ് ലഭിച്ച ബംഗ്ലാദേശ് നായകന്‍ ഷാക്വിബുല്‍ ഹസന്‍ അഫ്ഗാനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ബംഗ്ലാദേശ്- തന്‍സിദ് തമീം, ലിറ്റണ്‍ ദാസ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഷാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), തൗഹിദ് റിദോയ്, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മഹമ്മുദുള്ള, മെഹ്ദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊരിഫുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍.
അഫ്ഗാനിസ്താന്‍-റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമര്‍സായ്, മുജീബുര്‍ റഹ്മാന്‍, ഫസല്‍ഹഖ് ഫറൂഖി, നവീനുള്‍ ഹഖ്.