ലോകകപ്പില്‍ പാകിസ്താനെതിരായ സൗത്താഫ്രിക്കയുടെ നാടകീയ വിജയം കാരണം ശരിക്കും പണി കിട്ടിയത് ഇന്ത്യക്കാണ്. പോയിന്റ് പട്ടികയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒന്നാംസ്ഥാനത്തു വിലസിയ ഇന്ത്യക്കു ഈ പൊസിഷന്‍ നഷ്ടമായിരിക്കുകയാണ്. ഒന്നില്‍ നിന്നും ഇന്ത്യ രണ്ടിലേക്കു വീണപ്പോള്‍ സൗത്താഫ്രിക്കയാണ് പുതിയ ഒന്നാംസ്ഥാനക്കാര്‍. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ആവേശകരമായ റണ്‍ചേസില്‍ ഒരു വിക്കറ്റിനാണ് പാകിസ്താനെ സൗത്താഫ്രിക്ക മറികടന്നത്.
സൗത്താഫ്രിക്ക- പാകിസ്താന്‍ മല്‍സരഫലം ഇന്ത്യയെ സംബന്ധിച്ചും വളരെയധികം നിര്‍ണായകമായിരുന്നു. ഈ കളിയില്‍ ഇന്ത്യയുടെ പിന്തുണ ചിരവൈരികളായ പാകിസ്താനായിരുന്നു. കാരണം പാകിസ്താന്‍ ജയിച്ചിരുന്നെങ്കില്‍ മാത്രമേ ഇന്ത്യക്കു പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നുള്ളൂ. വിജയത്തിനു തൊട്ടരികില്‍ വരെയെത്തി ഇന്ത്യയെ കൊതിപ്പിച്ച പാകിസ്താന്‍ തോല്‍വിയിലേക്കു വീഴുകയും ചെയ്തു.

ആറു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ സൗത്താഫ്രിക്കയ്ക്കും ഒരു മല്‍സരം കുറച്ചുകളിച്ച ഇന്ത്യക്കും 10 പോയിന്റ് വീതമാണുള്ളത്. പക്ഷെ ഇന്ത്യക്കു പണി തന്നതും സൗത്താഫ്രിക്കയ്ക്കു മുതല്‍ക്കൂട്ടായതും നെറ്റ് റണ്‍റേറ്റാണ്. പാകിസ്താനുമായുള്ള മല്‍സരം മാറ്റി നിര്‍ത്തിയാല്‍ അതിനു മുമ്പുള്ള നാലു കളിയിലും സൗത്താഫ്രിക്ക ജയിച്ചത് 100 റണ്‍സിനു മുകളില്‍ മാര്‍ജിനിലായിരുന്നു. ഈ കാരണത്താല്‍ തന്നെ ഏതു ടീമിനെയും അസൂയപ്പടുത്തുന്ന നെറ്റ് റണ്‍റേറ്റും സൗത്താഫ്രിക്ക സ്വന്തമാക്കി.
+2.032 എന്ന തകര്‍പ്പന്‍ നെറ്റ് റണ്‍റേറ്റാണ് സൗത്താഫ്രിക്കയ്ക്കുള്ളത്. മറ്റൊരു ടീമിനും ടൂര്‍ണമെന്റില്‍ രണ്ടിനു മുകളില്‍ നെറ്റ് റണ്‍റേറ്റില്ല. രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് +1.353 ആണ്. പക്ഷെ ഇതു അത്ര മികച്ച നെറ്റ് റണ്‍റേറ്റല്ലന്നെന്നു പറയേണ്ടി വരും. മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് +1.481 ആണ്. ഇതു തീര്‍ച്ചയായും ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യമാണ്.

കാരണം നാളെ (ശനിയാഴ്ച) രാവിലെ ന്യൂസിലാന്‍ഡ് ആറാം റൗണ്ട് മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഈ കളിയുടെ ഫലവും വളരെ നിര്‍ണായകമാണ്. മല്‍സരത്തില്‍ ഇന്ത്യയുടെ പിന്തുണ ഓസ്‌ട്രേലിയക്കായിരിക്കും. ഓസീസാണ് മല്‍സരത്തില്‍ ജയിക്കുന്നതെങ്കില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ രണ്ടാംസ്ഥാനത്തിനു തല്‍ക്കാലത്തേക്കു ഭീഷണിയില്ല. എന്നാല്‍ കിവികളാണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യയുടെ പണി പാളും.
ന്യൂസിലാന്‍ഡ് ജയിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു വീണ്ടും സ്ഥാനചലനമുണ്ടാവും. രോഹിത് ശര്‍മയ്ക്കും സംഘത്തിനും രണ്ടാംസ്ഥാനത്തു നിന്നും മൂന്നാംസ്ഥാനത്തേക്കു ഇറങ്ങേണ്ടതായും വരും. നെറ്റ് റണ്‍റേറ്റ് തന്നെയാണ് ഇവിടെയും കിവികള്‍ക്കു പ്ലസ് പോയിന്റാവുന്നത്. അതു സംഭവിച്ചാല്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡുമായിരിക്കും.
പക്ഷെ ഇന്ത്യക്കു ഇതിനു വലിയ നിരാശരാവേണ്ട ആവശ്യമില്ല. ഞായറാഴ്ച നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടുമായിട്ടാണ് ഇന്ത്യയുടെ ആറാം റൗണ്ട് മല്‍സരം. അതില്‍ ജയിക്കാനായാല്‍ 12 പോയിന്റുമായി സൗത്താഫ്രിക്ക (10), ന്യൂസിലാന്‍ഡ് (10, ജയിക്കുകയാണെങ്കില്‍ മാത്രം) പിന്തള്ളി ഇന്ത്യക്കു വീണ്ടും ഒന്നാംസ്ഥാനത്തേക്കു മടങ്ങിയെത്താം. നിലവില്‍ ലോകകപ്പില്‍ തോല്‍വിയറിയാത്ത ഏക ടീം ഇന്ത്യയാണ്. നേരത്തേ നടന്ന അഞ്ചു മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യ വിജയം കൊയ്തത്.