ലഖ്‌നൗ: ഏകദിന ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സൂപ്പര്‍ പോരാട്ടം നാളെ നടക്കാനിരിക്കുകയാണ്. ആദ്യ അഞ്ച് മത്സരവും ജയിച്ച ഇന്ത്യ ആറാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തുന്നതും സെമിയോട് അടുക്കുന്നതും കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മക്ക് പരിക്കേറ്റെന്നാണ് വാര്‍ത്തകള്‍ വരുന്നത്.
ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ രോഹിത്തിന്റെ കൈവിരലില്‍ പന്തടിക്കുകയും താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വിവരം. വേദനകൊണ്ട് രോഹിത് വിരലില്‍ നോക്കി ഫിസിയോടൊപ്പം നില്‍ക്കുന്ന ചിത്രമടക്കം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ രോഹിത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
രോഹിത്തിന് കളിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കാലിന് പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ഇംഗ്ലണ്ടിനെതിരേ കളിക്കില്ലെന്നുറപ്പ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹാര്‍ദിക്. ഇപ്പോള്‍ രോഹിത്തിനും പരിക്കേറ്റാല്‍ കെ എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കാനാണ് സാധ്യത. ഓപ്പണര്‍ റോളില്‍ രോഹിത്തിന് പകരം ഇഷാന്‍ കിഷന്‍ കളിക്കുകയും ഹാര്‍ദിക്കിന് പകരം സൂര്യകുമാര്‍ യാദവ് കളിക്കുകയും ചെയ്യും.
രോഹിത് നായകനെന്ന നിലയില്‍ 100ാമത്തെ മത്സരം നയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെ ഈ അഭിമാന നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ് രോഹിത്. ഇതിനിടെയാണ് പരിക്ക് വാര്‍ത്ത വില്ലനായി എത്തുന്നത്. രോഹിത്തിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായിരിക്കും. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇന്ത്യ ജയിച്ചതിന് പിന്നില്‍ രോഹിത്തിന്റെ പങ്ക് വളരെ വലുതാണ്.

ശുബ്മാന്‍ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുന്നു എന്നതിലുപരിയായി പവര്‍പ്ലേ മുതലാക്കി വെടിക്കെട്ട് തുടക്കം നല്‍കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. രോഹിത് കളിക്കാതെ വന്നാല്‍ പകരമെത്തുന്ന ഇഷാന് ഈ മികവ് തുടരുക പ്രയാസമായിരിക്കും. ഇംഗ്ലണ്ട് നിലവില്‍ മോശം ഫോമിലാണെങ്കിലും നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരാണ്. കരുത്തരുടെ നിരയായ ഇംഗ്ലണ്ട് ഇന്ത്യക്ക് വലിയ ഭീഷണിയാണ്.
ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി തുടങ്ങി വമ്പന്‍ താരനിരയാണ് ഇംഗ്ലണ്ടിന്റേത്. ദൗര്‍ഭാഗ്യവശാല്‍ ഇവരെല്ലാം മോശം ഫോമിലാണ്. എന്നാല്‍ ഇന്ത്യക്കെതിരേ ഇവര്‍ ഫോമിലേക്കെത്തിയാല്‍ കാര്യങ്ങള്‍ കടുപ്പമാവും. 2019ലെ ഇന്ത്യയുടെ അഞ്ച് തുടര്‍ ജയങ്ങള്‍ക്ക് അവസാനമിട്ടത് ഇംഗ്ലണ്ടാണ്. ഇത്തവണയും ഇംഗ്ലണ്ടത് ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
എന്തായാലും രോഹിത് ശര്‍മ കളിക്കാതിരുന്നാല്‍ ഇന്ത്യക്കത് തിരിച്ചടിയാവുമെന്ന കാര്യം ഉറപ്പാണ്. പരിക്ക് ഗുരുതരമല്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. നായകനെന്ന നിലയിലും രോഹിത്തിന്റെ അഭാവമുണ്ടായാല്‍ മത്സരത്തെയത് പ്രതികൂലമായി ബാധിക്കും. രോഹിത് പരിശീലനം നിര്‍ത്തി പാതിവഴിയില്‍ മടങ്ങിയെങ്കിലും പരിക്ക് ഗുരുതരമാകില്ലെന്നും നാളെ ഇംഗ്ലണ്ടിനെതിരേ കളിക്കാന്‍ സാധിക്കുമെന്നും തന്നെ പ്രത്യാശിക്കാം.