ലോകകപ്പില്‍ ഇന്നു നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടതോടെ പോയിന്റ് പട്ടികയില്‍ വലിയ മുന്നേറ്റമാണ് മുന്‍ ജേതാക്കളായ ശ്രീലങ്ക നടത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കുന്ന വിജയമാണ് കുശാല്‍ മെന്‍ഡിസ് നയിച്ച ലങ്കന്‍ ടീം സ്വന്തമാക്കിയത്. എട്ടു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെ ലങ്ക കശാപ്പ് ചെയ്തത്. മൂന്നു തുടര്‍ പരാജയങ്ങള്‍ക്കു ശേഷം അവരുടെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കൂടിയാണിത്.
ഇതോടെ പോയിന്റ് പട്ടികയിലും മുന്നേറാന്‍ ലങ്കയ്ക്കു സാധിച്ചു. ഇംഗ്ലണ്ടുമായുള്ള മല്‍സരത്തിനു മുമ്പ് പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്നു ശ്രീലങ്ക. എന്നാല്‍ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചതോടെ രണ്ടു സ്ഥാനങ്ങള്‍ കയറി ലങ്ക അഞ്ചാമതെത്തിയിരിക്കുകയാണ്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവരെയാണ് ലങ്ക പിന്തള്ളിയത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും മൂന്നു തോല്‍വിയുമടക്കം ലങ്കയ്ക്കു നാലു പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റ് -0.205 ആണ്.

തൊട്ടുതാഴെയുള്ള പാകിസ്താനും അഫ്ഗാനിസ്താനും നാലു പോയിന്റ് തന്നെയാണുള്ളത്. പക്ഷെ അവര്‍ നെറ്റ് റണ്‍റേറ്റില്‍ ലങ്കയേക്കാള്‍ മോശമാണ്. പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ് -0.400 ആണെങ്കില്‍ അഫ്ഗാന്റേത് -0.969ഉം ആണ്. മുഴുവന്‍ ടീമുകളും അഞ്ചു മല്‍സരങ്ങള്‍ വീതം ലീഗ് ഘട്ടത്തില്‍ കളിച്ചുകഴിഞ്ഞു. ഇനി നാലു കളികളാണ് എല്ലാവര്‍ക്കും ബാക്കിയുള്ളത്.
ലങ്കയുടെ സെമി ഫൈനല്‍ സാധ്യത ഇപ്പോഴും സജീവമാണ്. അഫ്ഗാനിസ്താന്‍, ഇന്ത്യ, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയാണ് അവരുടെ ഇനിയുള്ള മല്‍സരങ്ങള്‍. ഇവയിലെല്ലാം വിജയിക്കാനായാല്‍ ലങ്കയ്ക്കു 12 പോയിന്റ് ലഭിക്കും. നിലവിലെ സാഹചര്യത്തില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ ഒരു ടീമിനു ഇത്രയും പോയിന്റ് മതിയാവും.
എന്നാല്‍ ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണുള്ളത്. അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായിട്ടുളളൂ. ബാക്കിയുള്ള നാലിലും ജോസ് ബട്‌ലറും സംഘവും തോല്‍ക്കുകയും ചെയ്തു. രണ്ടു പോയിന്റ് മാത്രമേ അവരുടെ പക്കലുള്ളൂ. ഇന്ത്യ, ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്‌സ്, പാകിസ്താന്‍ എന്നിവര്‍ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ ബാക്കിയുള്ള മല്‍സരങ്ങള്‍.
ഇവയിലെല്ലാം ജയിച്ചാലും ഇംഗ്ലണ്ടിനു 10 പോയിന്റ് മാത്രമേ ലഭിക്കുകയുള്ളൂ. സെമിയില്‍ കയറാന്‍ ഈ പോയിന്റ് മതിയാവില്ല. അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായെന്നു ഏറെക്കുറെ ഉറപ്പിക്കാം. ശേഷിച്ച കളികളെല്ലാം ജയിക്കുന്നതോടൊപ്പം മറ്റു മല്‍സരഫലങ്ങളും അനുകൂലമാവുകയും ചെയ്താല്‍ മാത്രം ഇംഗ്ലണ്ടിനെ സെമിയില്‍ കാണാം. നിലവിലെ സാഹചര്യത്തില്‍ അതു സംഭവിക്കുകയാണെങ്കില്‍ വലിയ അദ്ഭുതം തന്നെയായിരിക്കും.
അതേസമയം, ഇന്ത്യന്‍ ആരാധകര്‍ ഭയപ്പെട്ട ആ ദിവസമെത്തിയിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ ഒന്നാംസ്ഥാനത്തിനു ഇനി മണിക്കൂറുകളുടെ ആയുസ് മാത്രമേയുള്ളൂ. വെള്ളിയാഴ്ച രാത്രിയോടെ മിക്കവാറും ഇന്ത്യ ഒന്നാംസ്ഥാനത്തു നിന്നും രണ്ടാംസ്ഥാനത്തേക്കു വീഴും. സൗത്താഫ്രിക്കയായിരിക്കും പോയിന്റ് പട്ടികയിലെ പുതിയ ഒന്നാംസ്ഥാനക്കാര്‍. നാളെ (വെളളി) സൗത്താഫ്രിക്ക ആറാം റൗണ്ടില്‍ പാകിസ്താനുമായി കൊമ്പുകോര്‍ക്കുകയാണ്.

ഈ മല്‍സരത്തിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ചും വളരെ നിര്‍ണായകമാണ്. കാരണം പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു തലപ്പത്ത് തന്നെ തുടരണമെങ്കില്‍ സൗത്താഫ്രിക്ക പാകിസ്താനോടു തോറ്റേ തീരൂ. നെറ്റ് റണ്‍റേറ്റാണ് ഇന്ത്യക്കു വില്ലനായി മാറിയത്. ഇന്ത്യക്കു നിലവില്‍ 10 പോയിന്റും തൊട്ടു താഴെയുള്ള സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കു എട്ടു വീതവും പോയിന്റാണുള്ളത്. ഈ മൂന്നു ടീമുകളില്‍ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റുള്ളത് സൗത്താഫ്രിക്കയ്ക്കാണ്.
+2.370 എന്ന ഞെട്ടിക്കുന്ന നെറ്റ് റണ്‍റേറ്റ് സൗത്താഫ്രിക്കയ്ക്കുണ്ട്. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് +1.353ഉം ന്യൂസിലാന്‍ഡിന്റേത് +1.481ഉം ആണ്. നെറ്റ് റണ്‍റേറ്റില്‍ സൗത്താഫ്രിക്കയ്ക്കു മാത്രമല്ല ന്യൂസിലാന്‍ഡിനും പിന്നിലാണ് ഇന്ത്യ. അതുകൊണ്ടു തന്നെ വെള്ളിയാഴ്ച പാകിസ്താനെ തോല്‍പ്പിക്കാനായാല്‍ സൗത്താഫ്രിക്കയ്ക്കും 10 പോയിന്റാവും. അപ്പോള്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ പിന്തള്ളി അവര്‍ ഒന്നാംസ്ഥാനക്കാരാവുകയും ചെയ്യും.
ശനിയാഴ്ച ന്യൂസിലാന്‍ഡ് ഓസ്‌ട്രേലിയുമായും ഏറ്റുമുട്ടുന്നുണ്ട്. ഈ കളിയില്‍ ജയിക്കാനായാല്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനത്തേക്കും കയറും. കിവികളുടെ മെച്ചപ്പെട്ട നെറ്റ് റണ്‍റേറ്റാണ് ഇതിനു കാരണം. ഇന്ത്യ മൂന്നാംസ്ഥാനത്തേക്കു വീഴുകയും ചെയ്യും. പിന്നീട് ഒന്നാംസ്ഥാനം തിരിച്ചുപിടിക്കണമെങ്കില്‍ ഞായറാഴ്ച ഇംഗ്ലണ്ടിനെ ഇന്ത്യക്കു തോല്‍പ്പിച്ചേ തീരൂ.