Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യക്കു വന്‍ ഷോക്ക്, ഹാര്‍ദിക് ഇനി കളിക്കില്ല! പകരക്കാരനെ പ്രഖ്യാപിച്ചു

ലോകകപ്പില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ക്കു വന്‍ തിരിച്ചടിയേകി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. കണംകാലിനേറ്റ പരിക്കു കാരണമാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ അപ്രതീക്ഷിത പിന്‍മാറ്റം. പരിക്കില്‍ നിന്നും ഹാര്‍ദിക് മോചിതനായിട്ടുണ്ടെന്നും സെമി ഫൈനലിലൂടെ ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍മാറ്റം.

ഹാര്‍ദിക്കിന്റെ പകരക്കാരനെയും ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. അനുഭവസമ്പത്ത് കുറഞ്ഞ യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയെയാണ് ഹാര്‍ദിക്കിനു പകരം ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം പൂനെയില്‍ ബംഗ്ലാദേശിനെതിരേ നടന്ന കളിക്കിടെയായിരുന്നു ഹാര്‍ദിക്കിനു പരിക്കേറ്റത്. ബൗളിങിനു ശേഷം ഫോളോത്രൂയ്ക്കിടെ ഒരു ഷോട്ട് കാല്‍ കൊണ്ടു തടുക്കാന്‍ ശ്രമിക്കവെ അദ്ദേഹം കാല്‍ മടങ്ങി വീഴുകയായിരുന്നു.

HARDIK PANDYA

തുടര്‍ന്നു മുടന്തി ഗ്രൗണ്ട് വിട്ട ഹാര്‍ദിക് ആശുപത്രിയിലെത്തി സ്‌കാനിങിനും വിധേയനായിരുന്നു. പരിക്ക് അത്ര സാരമുള്ളതല്ലെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നു ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ ഹാര്‍ദിക്കിനു പകരം സൂര്യകുമാര്‍ യാദവിനെയും ഇന്ത്യ ആറാം നമ്പറില്‍ കളിപ്പിക്കുകയായിരുന്നു. പക്ഷെ ആറാമത്തെ ബൗളറുടെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു.

സെമി ഫൈനലില്‍ ഹാര്‍ദിക്കിന്റെ മടങ്ങിവരവ് എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് ഇപ്പോള്‍ എല്ലാവരെയും നിരാശപ്പെടുത്തി ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍മാറ്റം. ബാറ്റിങിലും ബൗളിങിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളാണ് ഹാര്‍ദിക്. അതുകൊണ്ടു തന്നെ സെമി ഫൈനല്‍ പോലെയുള്ള നിര്‍ണായക മല്‍സരങ്ങളിലായിരിക്കും അദ്ദേഹത്തിന്റെ അഭാവം ടീമിനെ ഏറ്റവുമധികം ബാധിക്കുക.

ഓള്‍റൗണ്ടറായ ഹാര്‍ദിക്കിനു പകരം മറ്റൊരു ഓള്‍റൗണ്ടറെ ടീമിലെടുക്കുന്നതിനു പകരമാണ് സ്‌പെഷ്യലിസ്റ്റ് പേസറായ പ്രസിദ്ധിനെ ടീമിലേക്കു ഇന്ത്യ കൊണ്ടു വന്നിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വെറും 19 മല്‍സരങ്ങളില്‍ മാത്രമേ പ്രസിദ്ധ് കളിച്ചിട്ടുള്ളൂ. പരിക്കേറ്റ് മാസങ്ങളോളം മല്‍സരരംഗത്തു നിന്നും വിട്ടുനിന്ന താരം മാസങ്ങള്‍ക്കു മുമ്പാണ് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്.

PRASIDH KRISHNA

ഏഷ്യാ കപ്പിനു മുമ്പ് നടന്ന ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയായിരുന്നു പ്രസിദ്ധിന്റെ തിരിച്ചുവരവ്. പരമ്പരയില്‍ മികച്ച പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് പ്രസിദ്ധ് അവസാനമായി കളിച്ചത്. അവസാനം കളിച്ച മല്‍സരത്തില്‍ ഒമ്പതോവറില്‍ 45 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും പേസര്‍ വീഴ്ത്തി. ഡേവിഡ് വാര്‍ണറെയാണ് പ്രസിദ്ധ് പുറത്താക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 33 വിക്കറ്റുകളാണ് പ്രസിദ്ധിന്റെ സമ്പാദ്യം. പക്ഷെ ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു ഇടം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്. കാരണം ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് പേസര്‍മാര്‍.

ഇവരിലൊരാളെ പുറത്ത് ഇരുത്തിയാല്‍ മാത്രമേ പ്രസിദ്ധിനെ ഇന്ത്യക്കു കളിപ്പിക്കാനാവുകയുള്ളൂ. സൂര്യക്കു പകരം പ്രസിദ്ധിനെ ഇറക്കിയാല്‍ അതു ഇന്ത്യന്‍ ബാറ്റിങിനു ഇനിയും ആഴം കുറയ്ക്കുകയും ചെയ്യും. നിലവില്‍ ഏഴു പേര്‍ മാത്രമേ ഇന്ത്യന്‍ നിരയില്‍ ബാറ്റര്‍മാരായുള്ളൂ.

ഇന്ത്യയുടെ പുതുക്കിയ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.

Story first published: Saturday, November 4, 2023, 9:48 [IST]
Other articles published on Nov 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+