ലോകകപ്പില്‍ പോരാട്ടം ആവേശകരമായ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഇതിനകം നടന്ന മല്‍സരങ്ങളില്‍ ചില ഗംഭീര പ്രകടനങ്ങള്‍ ടൂര്‍ണമെന്റില്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ ചില ടീമുകളും കളിക്കാരും ശരാരിക്കും താഴെയുള്ള പ്രകടനമാണ് ലോകകപ്പില്‍ ഇതിനകം കാഴ്ചവച്ചത്. അടുത്ത വര്‍ഷത്തേക്കുള്ള ഐപിഎല്ലിലേക്കുള്ള താരലേലം ഡിസംബറില്‍ നടക്കാനിരിക്കുകയാണ്. ലോകകപ്പിലെ പ്രകടനങ്ങള്‍ തീര്‍ച്ചയായും ലേലത്തിലും പ്രതിഫലിക്കുമെന്നറപ്പാണ്.
വിവിധ ടീമുകള്‍ക്കൊപ്പം ടൂര്‍ണമെന്റില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ചില താരങ്ങള്‍ക്കു ലേലത്തില്‍ വലിയ ഓഫറുകള്‍ ലഭിക്കാനിടയുണ്ട്. അതുപോലെ തന്നെ ലോകകപ്പില്‍ ഫ്‌ളോപ്പായി മാറിയവര്‍ക്കു വലിയ തിരിച്ചടിയും നേരിടാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായ ചില താരങ്ങളെ ലേലത്തിനു മുമ്പ് കൈവിടുകയും ചെയ്‌തേക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കം.

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ഈ ലിസ്റ്റിലെ ഒരാള്‍. നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായ അദ്ദേഹം ലോകകപ്പില്‍ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ 16.25 കോടി രൂപയ്ക്കായിരുന്നു സ്റ്റോക്‌സിനെ സിഎസ്‌കെ വാങ്ങിയത്.
പക്ഷെ പരിക്കു കാരണം സീസണില്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ താരം കളിച്ചുള്ളൂ. സ്‌റ്റോക്‌സില്ലാതെ തന്നെ സിഎസ്‌കെ കപ്പടിക്കുകയും ചെയ്തു. ലോകകപ്പില്‍ അദ്ദേഹത്തിന്റെ നിലവിലെ പ്രകടനം പരിഗണിക്കുമ്പോള്‍ സിഎസ്‌കെ അടുത്ത സീസണില്‍ നിലനിര്‍ത്താന്‍ സാധ്യത തീരെ കുറവാണ്. സ്‌റ്റോക്‌സിനെ ഒഴിവാക്കിയാല്‍ ലഭിക്കുന്ന തുകയ്ക്കു രണ്ടോ, മൂന്നോ താരങ്ങളെ സിഎസ്‌കെയ്ക്കു വാങ്ങിക്കുകയും ചെയ്യാം.
ഇംഗ്ലണ്ടിന്റെ തന്നെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനാണ് ഐപിഎല്ലില്‍ ചീട്ട് കീറാനിടയുളള രണ്ടാമത്തെയാള്‍. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ലേലത്തിലെ ഏറ്റവും വില പിടിപ്പുള്ള താരമായിരുന്നു അദ്ദേഹം. 18.5 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് കറെനെ സ്വന്തമാക്കിയത്.
എന്നാല്‍ ലോകകപ്പില്‍ ബാറ്റ് കൊണ്ടോ, ബോള്‍ കൊണ്ടോ ഇംഗ്ലണ്ടിനായി യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ കറെനായിട്ടില്ല. മൂന്നു മല്‍സരങ്ങളില്‍ മാത്രമേ താരം ടൂര്‍ണമെന്റില്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 35 റണ്‍സ് മാത്രമെടുത്ത കറെനു വിക്കറ്റൊന്നും ലഭിച്ചതുമില്ല. ലേലത്തിനു മുമ്പ് കറെനെ പഞ്ചാബ് കൈവിടാന്‍ സാധ്യത കൂടുതലാണ്.
ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് ഐപിഎല്ലില്‍ കരാര്‍ നഷ്ടപ്പെടാനിടയുള്ള മൂന്നാമത്തെ താരം. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മൂന്നു മല്‍സരങ്ങളിലാണ് ശര്‍ദ്ദുല്‍ കളിച്ചത്. ഏഴിനടുത്ത് ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് രണ്ടു വിക്കറ്റുകള്‍ മാത്രമാണ്. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ 10 കോടി രൂപയ്ക്കായിരുന്നു ശര്‍ദ്ദുലിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയത്. എന്നാല്‍ അടുത്ത സീസണില്‍ അദ്ദേഹത്തെ കെകെആറില്‍ കണ്ടേക്കില്ല.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനാണ് ടീമില്‍ നിന്നും ഒഴിവാക്കാനിടയുള്ള നാലാമത്തൊള്‍. കഴിഞ്ഞ രണ്ടു സീസണുകളായി മുസ്തഫിസുര്‍ ഡിസിയിലുണ്ട്. മോശമല്ലാത്ത പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
പക്ഷെ ബംഗ്ലാദേശിനൊപ്പം ലോകകപ്പില്‍ അദ്ദേഹം നിരാശപ്പെടുത്തി. ആറു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകള്‍ മാത്രമേ മുസ്തഫിസുറിനു വീഴ്ത്താനായിട്ടുള്ളൂ. തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഇതേ ഫോം തുടര്‍ന്നാല്‍ അദ്ദേഹം ഡിസി ടീമില്‍ നിന്നം പുറത്താവുകയും ചെയ്യും.
ബംഗ്ലാദേശ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനും ഈ ലോകകപ്പിലെ വന്‍ ഫ്‌ളോപ്പുകളുടെ നിരയിലുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. 1.5 കോടി രൂപയ്ക്കായിരുന്നു കഴിഞ്ഞ ലേലത്തില്‍ ഷാക്വിബിനെ കെകെആര്‍ വാങ്ങിയത്. പക്ഷെ ഒരു മല്‍സരം പോലും കളിക്കാനാവാതെ പിന്‍മാറുകയായിരുന്നു. ലോകകപ്പിലെ മോശം പ്രകടനം പരിഗണിക്കുമ്പോള്‍ ഷാക്വിബിനെ അടുത്ത സീസണില്‍ കെകെആര്‍ നിലനിര്‍ത്താനിടയില്ല.