മുംബൈ: ഇത്തവണത്തെ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വി ഇന്ത്യക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ആതിഥേയരായ ഇന്ത്യ തോല്‍വി അറിയാതെ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഫൈനലിലെത്തിയത്. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കേണ്ടി വന്നു. ഇന്ത്യയുടെ തോല്‍വിക്ക് കാരണം പലതാണ്. പ്രധാനമായും ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമമാണ് പാളിയത്.
കരുത്തുറ്റ താരനിരയുണ്ടായിട്ടും ഫൈനലില്‍ സമ്മര്‍ദ്ദം ഇന്ത്യയെ ബാധിച്ചു. ഇപ്പോഴിതാ ഇന്ത്യയുടെ ഫൈനലിലെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോടും നായകന്‍ രോഹിത് ശര്‍മയോടും ബിസിസിഐ ഔദ്യോഗികമായി വിശദീകരണം തേടിയിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് പിച്ചിനെ പഴിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയതെന്നാണ് വിവരം. ഫൈനലില്‍ അഹമ്മദാബാദിലൊരുക്കിയ പിച്ച് ബാറ്റിങ്ങിന് ദുഷ്‌കരമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നന്നായി പ്രയാസപ്പെട്ടു. എന്നാല്‍ രണ്ടാമത് ബാറ്റുചെയ്തപ്പോള്‍ മഞ്ഞുവീഴ്ച ഉണ്ടായതോടെ ഓസീസിന് കാര്യങ്ങള്‍ എളുപ്പമായി. ഇതാണ് കലാശപ്പോരാട്ടത്തില്‍ കണ്ടത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ ആശിഷ് ഷിലാര്‍ എന്നിവര്‍ ഉള്‍പ്പെട്ട മീറ്റിങ്ങിലാണ് ദ്രാവിഡിനോട് വിശദീകരണം ആവശ്യപ്പെട്ടത്. ദൈനിക് ജാഗരണാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സ്ലോ പിച്ച് ഒരുക്കിയതിനെയാണ് ദ്രാവിഡ് പഴിച്ചത്. പാകിസ്താനെതിരായ മത്സരത്തില്‍ ഉപയോഗിച്ച അതേ പിച്ചാണ് ഫൈനലിലും ഉപയോഗിച്ചിരിക്കുന്നത്. പാകിസ്താനെതിരേ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്താണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ മധ്യ ഓവറുകളിലാണ് പ്രയാസപ്പെട്ടത്. ഇന്ത്യക്ക് ഫൈനലില്‍ സംഭവിച്ചതും ഇതാണ്. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റുചെയ്തപ്പോള്‍ ഭേദപ്പെട്ട തുടക്കം ലഭിച്ചു. എന്നാല്‍ മധ്യ ഓവറുകളെത്തിയപ്പോള്‍ പിച്ച് നന്നായി സ്ലോവായി.
ഇതോടെ റണ്‍സുയര്‍ത്തുക ദുഷ്‌കരമായി. അഹമ്മദാബാദിലെ പിച്ച് ക്യൂറേറ്ററുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു പിച്ച് ഒരുക്കിയിരിക്കുന്നത്. ഐസിസി ഫൈനലില്‍ പുതിയ പിച്ച് വേണമെന്ന് നിയമമില്ല. വേണമെങ്കില്‍ പുതിയ പിച്ച് ഉപയോഗിക്കാം. ഈര്‍പ്പം കുറവുള്ള പിച്ച് തയ്യാറാക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യുന്ന നിലയിലേക്കായിരുന്നു പദ്ധതി. എന്നാല്‍ പിച്ച് തയ്യാറാക്കിയപ്പോള്‍ വിപരീത ഫലമാണുണ്ടായത്. ടോസ് നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി മാറി.
പിച്ചിനെക്കുറിച്ച് ക്യൂറേറ്റര്‍ പറഞ്ഞത് റണ്ണൊഴുകുമെന്നാണ്. ആദ്യം ബാറ്റുചെയ്യുന്ന ടീം 300ന് മുകളില്‍ നേടിയാല്‍ ജയിക്കുമെന്ന് പറഞ്ഞ ക്യൂറേറ്റര്‍ സ്ലോ പിച്ചായിരിക്കുമെന്ന മുന്നറിയിപ്പും നല്‍കി. ഇത് കൃത്യമായി സംഭവിക്കുകയും ചെയ്തു. ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് വലിയൊരു സ്‌കോറിലേക്ക് ഉയരാന്‍ സാധിക്കാതെ പോയി. ഇതോടെ മാനസികമായി ടീം തളര്‍ന്നു. എന്നാല്‍ ബൗളിങ്ങില്‍ ഓസ്‌ട്രേലിയയുടെ ഒന്ന് രണ്ട് വിക്കറ്റുകള്‍ തുടക്കത്തിലേ വീഴ്ത്താന്‍ ഇന്ത്യക്കായി.
എന്നാല്‍ മഞ്ഞുവീഴ്ച തുടങ്ങിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയുണ്ടായി. പ്രധാനമായും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിരായുധരായി. കുല്‍ദീപ് യാദവ് ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു. എന്നാല്‍ ഫൈനലില്‍ ഒരു വിക്കറ്റ് പോലും നേടാനായില്ല. രവീന്ദ്ര ജഡേജ അനുഭവസമ്പന്നനായ നായകനാണെങ്കിലും ഫൈനലില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം അവസരത്തിനൊത്തുയര്‍ന്നില്ലെന്നതാണ് വസ്തുത.
എന്നാല്‍ രാഹുല്‍ ദ്രാവിഡിന് ബിസിസി ഐ കരാര്‍ പുതുക്കി നല്‍കിയിട്ടുണ്ട്. അടുത്ത ടി20 ലോകകപ്പ് വരെ പരിശീലകനായി തുടരാന്‍ ദ്രാവിഡ് സമ്മതം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നായകസ്ഥാനത്ത് രോഹിത് ശര്‍മ തുടരുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ നായകസ്ഥാനത്ത് തുടര്‍ന്നേക്കും. ടി20 ലോകകപ്പ് വരെ രോഹിത് തുടരുന്നതാണ് ഇന്ത്യക്ക് നല്ലത്.
എന്തായാലും 2013ന് ശേഷം ഐസിസി കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. സ്വന്തം തട്ടകത്തില്‍ കിരീടം നേടാന്‍ സാധിക്കാത്ത ഇന്ത്യക്ക് വിദേശത്ത് കിരീട നേട്ടം എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.