മുംബൈ: ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ ഈ മാസം അവസാനത്തോടെ പുറത്തുവരാനൊരുങ്ങുകയാണ്. ഇന്ത്യ വേദിയാവുന്ന ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ബിസിസി ഐ. ലോകകപ്പിന് മുമ്പ് ഏറ്റവും വലിയ തലവേദനയാവുന്നത് ബിസിസി ഐയും പിസിബിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരു ടീമും ഐസിസി ടൂര്‍ണമെന്റില്‍ മാത്രമാണ് ഏറ്റുമുട്ടുന്നത്.
ഇത്തവണത്തെ ഏഷ്യാ കപ്പിന് പാകിസ്താനാണ് വേദിയാവുന്നത്. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ വെച്ച് നടത്താമെന്ന ധാരണയിലേക്ക് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും എത്തിയിരുന്നു. ഇപ്പോഴിതാ ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങളുടെ വേദിയില്‍ മാറ്റം വേണമെന്ന ആവിശ്യവുമായി പിസിബി രംഗത്തെത്തിയിരിക്കുകയാണ്.
എന്നാല്‍ ഐസിസിയും ബിസിസി ഐയും ഇത് നിരസിക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക ഷെഡ്യൂള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഡ്രാഫ്റ്റ് ഷെഡ്യൂള്‍ പ്രകാരം പാകിസ്താന്‍ ഓസ്‌ട്രേലിയയെ ബംഗളൂരുവിലും അഫ്ഗാനിസ്ഥാനെ ചെന്നൈയിലുമാണ് നേരിടുന്നത്. ഈ ഷെഡ്യൂളില്‍ പിസിബിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. ഓസ്‌ട്രേലിയക്കെതിരായ മത്സരം ചെന്നൈയിലും അഫ്ഗാനിസ്ഥാനെതിരായ മത്സരം ബംഗളൂരുവിലും നടത്തണമെന്നാണ് പിസിബി ആവിശ്യപ്പെടുന്നത്.

എന്നാല്‍ ഇത് നടക്കില്ലെന്ന നിലപാടാണ് ബിസിസിഐയും ഐസിസിയും സ്വീകരിച്ചിരിക്കുന്നത്. പാകിസ്താന്റെ ആവിശ്യം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതോടെ നിരാശ പ്രകടമാക്കി പിസിബി വൃത്തങ്ങള്‍ പ്രതികരിക്കുന്നുമുണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആവിശ്യം പരിഗണിച്ച് വിട്ടുവീഴ്ചക്ക് പിസിബി തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ബിസിസി ഐ വിട്ടുവീഴ്ച ചെയ്യുമെന്ന പ്രതീക്ഷയിലാവും പിസിബി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
എന്നാല്‍ ഷെഡ്യൂളില്‍ മാറ്റം വരുത്താനാവില്ലെന്ന ഉറച്ച നിലപാടിലാണ് ഐസിസിയും ബിസിസി ഐയും. ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ചാല്‍ പാകിസ്താന് അല്‍പ്പം കൂടി മുന്‍തൂക്കം അവകാശപ്പെടാം. കാരണം അവിടുത്തെ ഫ്‌ളാറ്റ് പിച്ചില്‍ ബാറ്റിങ് എളുപ്പമാണെന്നത് മാത്രമല്ല സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കവുമുണ്ട്. മികച്ച സ്പിന്‍ കരുത്തുള്ള പാകിസ്താന് ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇത് സഹായിച്ചേക്കും.
എന്നാല്‍ ബംഗളൂരുവിലെ പിച്ച് ബാറ്റിങ്ങിന് അനുയോജ്യമായതാണ്. ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. പാകിസ്താനെക്കാള്‍ മികച്ച ബാറ്റിങ് കരുത്ത് ഓസീസിനുണ്ട്. അതുകൊണ്ടുതന്നെ ബാറ്റിങ്ങിന് മുന്‍തൂക്കമുള്ള പിച്ച് ലഭിച്ചാല്‍ പാകിസ്താനെ ഓസീസ് അടിച്ചുപറത്തിയേക്കും. പാക് താരങ്ങളെക്കാള്‍ ഓസീസ് താരങ്ങള്‍ക്ക് ഇന്ത്യന്‍ പിച്ചില്‍ മുന്‍പരിചയമുണ്ട്. ഐപിഎല്ലില്‍ ഒട്ടുമിക്ക പ്രമുഖ ഓസീസ് താരങ്ങളും കളിക്കുന്നതാണ്.
ഇത് മുന്നില്‍ക്കണ്ടാണ് പാകിസ്താന്‍ ഇത്തരമൊരു വേദി മാറ്റം ആവിശ്യപ്പെട്ടത്. എന്നാല്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ബിസിസി ഐയും ഐസിസിയും നിലപാടെടുത്തോടെ പാകിസ്താന്‍ പെട്ടിരിക്കുകയാണ്. ഇന്ത്യ-പാക് മത്സരങ്ങള്‍ അഹമ്മദാബാദില്‍ നടത്തരുതെന്നും അവിടെ കളിക്കില്ലെന്നും പാകിസ്താന്‍ നേരത്തെ ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യ-പാക് മത്സരം അഹമ്മദാബാദില്‍ നടന്നേക്കും.
ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്ക് വന്നില്ലെങ്കില്‍ പാകിസ്താന്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന നിലപാടിലായിരുന്നു പിസിബി. എന്നാല്‍ പാകിസ്താന്‍ ലോകകപ്പ് കളിക്കാതിരുന്നാല്‍ ബിസിസി ഐയെ അത് ബാധിക്കില്ല. പക്ഷെ ലോകകപ്പ് കളിക്കാതിരുന്നാല്‍ പാകിസ്താനത് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും. ഏഷ്യാ കപ്പിന്റെ കാര്യത്തിലും പിസിബി വിട്ടുവീഴ്ച ചെയ്തത് അതുകൊണ്ടാണ്. ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് നടത്തിയാല്‍ സാമ്പത്തികമായി അത് വലിയ നഷ്ടമുണ്ടാക്കും.
അതുകൊണ്ടാണ് ഏഷ്യാ കപ്പിന്റെ കാര്യത്തില്‍ പിസിബി ബിസിസി ഐയുടെ വഴിക്കുവന്നത്. പക്ഷെ ബിസിസി ഐ സാമ്പത്തികമായി അതി ശക്തരാണ്. അതുകൊണ്ടുതന്നെ പിസിബിയുടെ ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞാലും കാര്യമായി ബാധിക്കില്ല. ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ പിസിബിക്ക് വിലക്കടക്കം വരാന്‍ സാധ്യതയുണ്ടെന്ന് തന്നെ പറയാം.