ലോകകപ്പില്‍ ടീം ഇന്ത്യയെ സംബന്ധിച്ച് നിലവിലെ ഏറ്റവും വലിയ ആശങ്ക യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ കാര്യത്തിലാണ്. ടൂര്‍ണമെന്റിനായി ചെന്നൈയില്‍ എത്തിയതിനു പിന്നാലെ താരത്തിനു ഡെങ്കിപ്പനി പിടിപെടുകയായിരുന്നു. തുടര്‍ന്നു ഇവിടെ തന്നെ ചികില്‍സയില്‍ കഴിയുന്ന താരത്തിനു ഓസ്‌ട്രേലിയക്കെതിരായ ആദ്യ പോരാട്ടം നഷ്ടമയിരുന്നു. അഫ്ഗാനിസ്താനുമായുള്ള രണ്ടാമത്തെ കളിയില്‍ നിന്നും അദ്ദേഹം പിന്മാറുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച ചിരവൈരികളായ പാകിസ്താനുമായുള്ള മൂന്നാം റൗണ്ട് മല്‍സരത്തിലെങ്കിലും ഗില്‍ മടങ്ങിയെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകര്‍. അതിനിടെ താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ടീമിന്റെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്. അഫ്ഗാനിസ്താനുമായുള്ള രണ്ടാം റൗണ്ട് മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗില്ലിന്റെ അസുഖം കാരണം റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരിലൊരാളെ ബാക്കപ്പായി ഇന്ത്യന്‍ ടീമിലേക്കു ബിസിസിഐ പരിഗണിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷ ഇവയെല്ലാം ബിസിസിഐയുടെ മുതിര്‍ന്ന ഒഫീഷ്യല്‍ തള്ളുകയും ചെയ്തിരിക്കുകയാണ്.
മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള എല്ലാ സമയവും ശുഭ്മന്‍ ഗില്ലിനു നല്‍കും. ഈയൊരു ഘട്ടത്തില്‍ പകരക്കാരനെ തേടുന്നതിനെക്കുറിച്ചോ, ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ചോ യാതൊരു ചിന്തയും ഞങ്ങള്‍ക്കില്ല. കാരണം ടീം ലൈനപ്പിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളായാണ് ഗില്ലിനെ ടീം മാനേജ്‌മെന്റ് കാണുന്നത്. ഇതിനകം തന്നെ ചില പോസിറ്റീവ് സൂചനകള്‍ അവന്‍ നല്‍കിക്കഴിഞ്ഞു. വൈകാതെ തന്നെ ഗില്ലിനു ടീമിലേക്കു മടങ്ങിയെത്താന്‍ കഴിയുമെന്നും മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.
ട്രാവിസ് ഹെഡിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയ എന്താണ് ചെയ്തിരിക്കുന്നതെന്നു നോക്കൂ. അദ്ദേഹം പരിക്കേറ്റ് വിശ്രമത്തിലാണ്. പക്ഷെ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയോ പകരക്കാരനെ ഓസീസ് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ശുഭ്മന്‍ ഗില്ലിന്റെ കാര്യത്തില്‍ ഇന്ത്യയും ഇതേ രീതിയിലുള്ള സമീപനം തന്നെയാണ് പിന്തുടരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ടീമിനു വേണ്ടി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളിലൊരാളാണ് ഗില്ലെന്നും ബിസിസിഐ ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.
ഗില്ലിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ബാറ്റിങ് കോച്ച് റാത്തോഡിനും ശുഭപ്രതീക്ഷയാണുള്ളത്. ഗില്‍ രോഗമുക്തനായിക്കൊണ്ടിരിക്കുകയാണ്. അവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ അതു മുന്‍കരുതലിന്റെ ഭാഗമായിട്ട് മാത്രമാണ്. ആശുപത്രി വിട്ട ഗില്‍ ഹോട്ടലില്‍ തിരികെയെത്തിക്കഴിഞ്ഞു. മെഡിക്കല്‍ സംഘം അവന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഇതേക്കുറിച്ച് അവര്‍ ഞങ്ങള്‍ക്കു അപ്‌ഡേറ്റുകളും നല്‍കിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഗില്‍ അസുഖം ഭേദമായി മടങ്ങിയെത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ അവന്‍ വളരെ നല്ല രീതിയിലാണ് കാണപ്പെടുന്നത്. വൈകാതെ ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളതെന്നും റാത്തോഡ് വിശദമാക്കി.
ഗില്ലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ആദ്യ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയത്. അഫ്ഗാനിസ്താനുമായുള്ള മല്‍സരത്തിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഗില്‍ തുടരും. ഇഷാന്‍ ഇന്ത്യക്കു വേണ്ടി നേരത്തേ ഓപ്പണറായി കളിച്ചിട്ടുള്ളയാളാണ്. അതുകൊണ്ടു തന്നെ അതേക്കുറിച്ച് പ്രത്യേകിച്ചും ചര്‍ച്ചയുടെ ആവശ്യമില്ല.
അവന്‍ ഒരു സന്ദര്‍ഭത്തെക്കുറിച്ച് മനസ്സിലാക്കുന്നയാളാണ്. ഈ കാരണത്താല്‍ തന്നെയാണ് ടീമിലുമുള്ളത്. ഇഷാന് മുന്‍നിരയിലും മധ്യനിരയിലുമെല്ലാം കളിക്കാന്‍ സാധിക്കുമെന്നു നമുക്കറിയാം. നേരത്തേ അവന്‍ അതു ചെയ്തിട്ടുമുണ്ട്. ഗില്‍ വരുന്നതു വരെ ആ റോള്‍ ഇഷാന് തന്നെയാണെന്നതില്‍ സംശയമില്ല. അഫ്ഗാനെതിരേ അവന്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായും റാത്തോഡ് കൂട്ടിച്ചേര്‍ത്തു.