ഹൈദരാബാദ്: ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സും പാകിസ്താനും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 49 ഓവറില്‍ 286 റണ്‍സിനാണ് ഓള്‍ഔട്ടായത്. ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെതിരേ വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിറങ്ങിയ പാകിസ്താന്റെ പേരുകേട്ട ബാറ്റിങ് നിരക്ക് കാര്യമായ പ്രകടനം നടത്താനായില്ലെന്നതാണ് വസ്തുത. പാകിസ്താന്റെ പ്രതീക്ഷകളെ തകര്‍ത്തത് പേസര്‍ ബാസ് ഡി ലീഡാണ്.
പാകിസ്താന്റെ വന്‍ മരങ്ങളെയടക്കം നാല് വിക്കറ്റുകളാണ് ലീഡ് വീഴ്ത്തിയത്. ബാസ് ഡി ലീഡ് പാകിസ്താനെതിരേ കസറിയത് ഒരു മധുര പ്രതികാരം കൂടിയായിരുന്നു. തന്റെ അച്ഛനെ നാണംകെടുത്തിയ പാക് ടീമിനോട് ലീഡ് മധുര പ്രതികാരം ചെയ്യുകയായിരുന്നു.
1996ലെ ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് ജേഴ്‌സിയില്‍ ടിം ഡി ലീഡുണ്ടായിരുന്നു. അന്ന് 19 പന്ത് നേരിട്ട് ഡെക്കിനാണ് ലീഡ് പുറത്തായത്. അന്ന് തന്റെ അച്ഛന് നേരിട്ട നാണക്കേടിന് 2023ലെ ലോകകപ്പില്‍ പാകിസ്താനോട് കണക്കുതീര്‍ക്കാന്‍ മകന്‍ ലീഡിന് സാധിച്ചു.
1996ലെ ലോകകപ്പിലെ നെതര്‍ലന്‍ഡ്-പാകിസ്താന്‍ മത്സരത്തിന് ഹൈദരാബാദാണ് വേദിയായത്. വസിം അക്രം, വഖാര്‍ യൂനിസ് എന്നിവരെല്ലാം ഉള്‍പ്പെട്ട പാകിസ്താന്റെ പേസ് നിരയ്ക്ക് മുന്നില്‍ അച്ഛന്‍ ലീഡിന് പിടിച്ചുനില്‍ക്കാനായില്ല. ഇപ്പോള്‍ പാകിസ്താനെതിരേ ഗംഭീര പ്രകടനം നടത്തി മകന്‍ ലീഡ് അച്ഛന്റെ നാണക്കേടിന് പകരം വീട്ടിയിരിക്കുന്നതാണ് കാണാനായത്.
പാകിസ്താന്റെ മുഹമ്മദ് റിസ്വാനെ ലീഡ് ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഹസന്‍ അലി എന്നിവരേയും പുറത്താക്കി. 9 ഓവറില്‍ 62 റണ്‍സ് വിട്ടുകൊടുത്താണ് ലീഡിന്റെ 4 വിക്കറ്റ് പ്രകടനം. 1996ലെ ലോകകപ്പില്‍ മൂന്നാമനായി ഇറങ്ങിയാണ് ടിം ലീഡ് നാണംകെട്ടത്.
വഖാര്‍ യൂനിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റാഷിദ് ലത്തീഫിന് ക്യാച്ച് നല്‍കിയാണ് ടിം ലീഡ് പുറത്തായത്. നാല് ഓവര്‍ പന്തെറിഞ്ഞ് 20 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനും ടിം ലീഡിനായില്ല.

ഈ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് നെതര്‍ലന്‍ഡ്‌സിനെ പാകിസ്താന്‍ തോല്‍പ്പിച്ചത്. 29 ഏകദിനം കളിച്ച ടിം ലീഡ് 400 റണ്‍സും 29 വിക്കറ്റുമാണ് നേടിയത്. ഇതില്‍ ഇന്ത്യക്കെതിരായ ഗംഭീര ബൗളിങ് പ്രകടനവും ഉള്‍പ്പെടും.
2003ലെ ലോകകപ്പില്‍ ഇന്ത്യക്കെതിരേ 35 റണ്‍സ് വഴങ്ങി 4 വിക്കറ്റാണ് ടിം ലീഡ് വീഴ്ത്തിയത്. ഇന്ത്യക്കെതിരേ നെതര്‍ലന്‍ഡ്‌സുകാരന്റ മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്നാണിതെന്ന് പറയാം.
എന്തായാലും അച്ഛന്റെ അഭിമാനം കാക്കുന്ന പ്രകടനമാണ് ബാസ് ഡി ലീഡ് ഇപ്പോള്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം. നെതര്‍ലന്‍ഡ്‌സിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ ബാസ് ഡി ലീഡ് നിര്‍ണ്ണായക പങ്കുവഹിച്ചു. 23കാരനായ ബാസ് ഡി ലീഡ് ഇതിനോടകം തന്നെ എല്ലാവരുടേയും ശ്രദ്ധ നേടിക്കഴിഞ്ഞു. 31 ഏകദിനത്തില്‍ നിന്ന് 787 റണ്‍സും 28 വിക്കറ്റും 31 ടി20യില്‍ നിന്ന് 610 റണ്‍സും 27 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ബാസ് ഡി ലീഡ് നേടിയിട്ടുണ്ട്. ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ട് മികവുകൊണ്ട് ബാസ് ഡി ലീഡിന് കസറാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും പാകിസ്താനെതിരായ ബാസ് ഡി ലീഡിന്റെ ബൗളിങ് പ്രകടനം എന്നെന്നും ഓര്‍മിക്കപ്പെടുന്നതാണ്.
പ്ലേയിങ് 11: പാകിസ്താന്‍- ഇമാം ഉല്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ ആസം (c), മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്.
നെതര്‍ലന്‍ഡ്‌സ്- വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, കോളിന്‍ അക്കര്‍മാന്‍, ബാസ് ഡി ലീഡ്, തേജ നിദാമനുരു, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (c), സാഖിബ് സുല്‍ഫിഖര്‍, ലോഗന്‍ വാന്‍ ബീക്ക്, റോയ്‌ലോഫ് വാന്‍ ഡെര്‍ മെര്‍വി, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മിക്കീരന്‍